അന്യനെ നശിപ്പിക്കണമെന്ന് ചിന്തിക്കുന്നവരോട്; അവസാനിപ്പിക്കേണ്ടത് സ്വന്തം ഈഗോയും സ്വാർഥതയും
Mail This Article
രാജാവിന്റെ മരണശേഷം മകൻ അധികാരത്തിലെത്തി. അറിവും പാണ്ഡിത്യവുമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ധാരാളം അന്ധവിശ്വാസങ്ങൾ നിലനിന്ന നാടായിരുന്നു അത്. ദൈവപ്രീതിക്കായി ബലിയർപ്പിക്കുന്ന രീതി അവരുടെയിടയിലുണ്ടായിരുന്നു. പക്ഷികളെയും മൃഗങ്ങളെയും ബലി നൽകുന്നതായിരുന്നു പ്രധാന ആചാരം. പുതിയ രാജാവിന്റെ കൽപന വന്നു: ഈ നിഷ്കളങ്കരായ മൃഗങ്ങളും പക്ഷികളും ഈ രാജ്യത്തെ പ്രജകളാണ്. അവയെ കൊല്ലാൻ പാടില്ല. അന്നുമുതൽ എല്ലാ ജീവജാലങ്ങളും അവിടെ സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി.
നശിപ്പിക്കപ്പെടേണ്ടത് മറ്റു വസ്തുക്കളും അന്യജീവികളുമല്ല; സ്വന്തം സ്വാർഥതയും ഈഗോയുമാണ്. നിസ്സഹായരെയും പ്രതികരണശേഷി കുറഞ്ഞവരെയും ബലികൊടുത്ത് സ്വന്തം ഇഷ്ടങ്ങളെ സഫലമാക്കുന്നതു ബലമല്ല; ബലഹീനതയാണ്. അവനവന്റെ അറിവില്ലായ്മയെയും അന്ധവിശ്വാസങ്ങളെയും മറികടക്കുകയെന്നതാണ് ഒരാൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
താൻ ചെയ്യുന്നതെല്ലാം ശരിയാണെന്നും താൻ ചെയ്യുന്നതുകൊണ്ട് തെറ്റായവയും ശരിയായിക്കൊള്ളും എന്നുമുള്ള അബദ്ധധാരണകൾ അവസാനിക്കാതെ ഒരു നാട്ടിലെയും അനാരോഗ്യ പ്രവണതകൾക്ക് അറുതിവരില്ല. അനാദികാലം മുതലേ തുടരുന്നു എന്നുള്ളതിന്റെ പേരിൽ നിലനിർത്തേണ്ടതല്ല ഒരനുഷ്ഠാനവും. അക്കാലത്തെ അറിവില്ലായ്മകൊണ്ടോ നിവൃത്തികേടുകൊണ്ടോ തുടങ്ങിയവ ഇക്കാലത്തും എന്തിനാണ് തുടരുന്നത്? അതതു സമയത്ത് പ്രസക്തമായ യുക്തികളും സമ്പ്രദായങ്ങളുമാണ് ഓരോ സാമൂഹികവ്യവസ്ഥിതിയുടെയും ആരോഗ്യക്ഷമത തീരുമാനിക്കുന്നത്.
അവകാശങ്ങൾ എല്ലാവർക്കും ഒരുപോലെയാണ്. കഴിവുള്ളവർക്കു കൂടിയ അളവിലും കഴിവുകേടുള്ളവർക്കു കുറഞ്ഞ അളവിലും ലഭിക്കേണ്ട ഒന്നല്ല അവ. അധികാരമോ പ്രതാപമോ ഉള്ളതിന്റെ പേരിൽ ആർക്കെങ്കിലും ലഭിക്കുന്ന ആനുകൂല്യങ്ങളുമല്ല അവകാശങ്ങൾ. ഒരേയിടത്തു ജീവിക്കുന്ന എല്ലാവർക്കും ഒരേ അവസരങ്ങളെങ്കിലും ലഭിക്കുന്നുണ്ടെങ്കിൽ മാത്രമേ സമാനാനുഭവങ്ങളോടെ എല്ലാവർക്കും ജീവിക്കാൻ കഴിയൂ. ഇല്ലെങ്കിൽ കാര്യശേഷി കുറഞ്ഞവരുടെ ജീവിതം അടിമജീവിതം മാത്രമായിരിക്കും.