ജെഇഇ മെയിൻ 2024 രണ്ടാം സെഷൻ: അപേക്ഷ മാർച്ച് 2 വരെ
Mail This Article
കോഴിക്കോട്ടേതടക്കം എൻഐടികൾ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി), പാലായിലേതടക്കം ഐഐഐടികൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി), കേന്ദ്ര ധനസഹായമുള്ള മറ്റ് സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാർ അംഗീകൃത / സാമ്പത്തികസഹായം നൽകുന്ന സ്ഥാപനങ്ങൾ / സർവകലാശാലകൾ എന്നിവയിൽ ബിടെക്, ബിഇ, ബിആർക്, ബി പ്ലാനിങ് പ്രവേശനത്തിനു വഴിയൊരുക്കുന്ന പരീക്ഷയാണ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ–മെയിൻ (ജെഇഇ മെയിൻ).
ജെഇഇ മെയിൻ ഒന്നാം പേപ്പറിൽ എല്ലാ കാറ്റഗറികളിലെയുമടക്കം ഏറ്റവും ഉയർന്ന രണ്ടരലക്ഷം പേർക്കാണ് ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് എഴുതാൻ അർഹത ലഭിക്കുക. ജെഇഇ മെയിൻ 2024 – ഒന്നാം സെഷൻ ജനുവരി 24 മുതൽ ഫെബ്രുവരി 1 വരെ നടന്നു. ഈ പരീക്ഷയുടെ ഫലം ഈ മാസം 2നു പ്രഖ്യാപിച്ചു. സ്കോർ മെച്ചപ്പെടുത്താനും ആദ്യ സെഷനു റജിസ്റ്റർ ചെയ്യാതെ പോയവർക്ക് അപേക്ഷിക്കാനും അവസരമൊരുക്കി പരീക്ഷയുടെ രണ്ടാം സെഷൻ ഏപ്രിൽ 4 മുതൽ 15 വരെ നടത്തും. ഇതിലേക്ക് മാർച്ച് 2ന് രാത്രി 11 വരെ https://jeemain.nta.ac.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.
രണ്ടു സെഷനിലും പങ്കെടുക്കുന്നവരുടെ മെച്ചമായ സ്കോർ റാങ്കിങ്ങിനു പരിഗണിക്കും. ജെഇഇ റാങ്കിങ്ങിന് 12ലെ ബോർഡ് പരീക്ഷയിൽ നേടിയ മാർക്ക് നോക്കില്ല. ആദ്യ സെഷനിലേക്ക് അപേക്ഷിച്ച് ഫീസടച്ചവർക്ക് രണ്ടാം സെഷനിലും പങ്കെടുക്കണമെങ്കിൽ, പഴയ അപേക്ഷാനമ്പറും പാസ്‌വേഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത് പേപ്പർ, പരീക്ഷയുടെ മാധ്യമം (ഭാഷ), യോഗ്യതയ്ക്കുള്ള സംസ്ഥാന കോഡ്, പരീക്ഷാകേന്ദ്രങ്ങൾ, പരീക്ഷായോഗ്യതയുടെ വിവരങ്ങൾ എന്നിവ നൽകി ഫീയടച്ചാൽ മതി. പക്ഷേ, നേരത്തേ അപേക്ഷിക്കാത്തവർ പുതിയ വിജ്ഞാപനത്തിലെ അനുബന്ധത്തിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ ആദ്യ സെഷനു നിർദേശിച്ച നടപടിക്രമങ്ങളെല്ലാം പാലിച്ച് അപേക്ഷിക്കണം.
പേപ്പർ 1 ബിഇ / ബിടെക് പ്രവേശനത്തിനും, പേപ്പർ 2A ബിആർക് പ്രവേശനത്തിനും, പേപ്പർ 2B ബി പ്ലാനിങ് പ്രവേശനത്തിനും ഉപയോഗിക്കും. കംപ്യൂട്ടർ പരീക്ഷയുടെ സൗജന്യ പരിശീലനത്തിന് ‘നാഷനൽ ടെസ്റ്റിങ് ഏജൻസി’ ഏർപ്പെടുത്തിയിട്ടുള്ള ‘ടെസ്റ്റ് പ്രാക്ടിസ് സെന്ററുകൾ’ സംബന്ധിച്ച വിവരത്തിന് https://nta.ac.in/TPC നോക്കാം. നാഷനൽ ടെസ്റ്റ് അഭ്യാസ് (www.nta.ac.in/abhyas) ഉപയോഗിച്ചും പരിശീലനമാകാം. പ്രവേശനയോഗ്യത, അപേക്ഷാരീതി, അപേക്ഷാഫീ, പരീക്ഷാഘടന തുടങ്ങിയ വിവരങ്ങൾക്ക് https://jeemain.nta.ac.in സൈറ്റിലെ INFORMATION ലിങ്കിലുള്ള ഇൻഫർമേഷൻ ബുള്ളറ്റിൻ നോക്കാം. ജെഇഇ മെയിൻ നടത്തുന്ന എൻടിഎയുടെ (നാഷനൽ ടെസ്റ്റിങ് ഏജൻസി) www.nta.ac.in സൈറ്റിലും വിവരങ്ങളുണ്ട്. ഹെൽപ്‌ലൈൻ: 011-40759000 / jeemain@nta.ac.in