എന്താണ് ന്യൂറോ സയൻസ്; ഉപരി പഠന സാധ്യതകൾ എന്തൊക്കെ?
Mail This Article
ചോദ്യം: ബിഎസ്‌സി സുവോളജി വിദ്യാർഥിയാണ്. ന്യൂറോസയൻസിലെ ഉപരിപഠന സാധ്യതകൾ അറിയണമെന്ന് ആഗ്രഹമുണ്ട്.
∙ശ്രീജിത്ത്
ഉത്തരം: നാഡീവ്യവസ്ഥയെക്കുറിച്ചു പഠിക്കുകയും ആരോഗ്യ പരിപാലനത്തിലും ചികിത്സയിലും ആ അറിവുകൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ശാസ്ത്ര ശാഖയാണ് ന്യൂറോ സയൻസ്. ബയോളജിയുടെ ഉപശാഖയാണെങ്കിലും കെമിസ്ട്രി, മോളിക്യുലർ ബയോളജി, സൈക്കോളജി, ഡവലപ്‌മെന്റൽ ബയോളജി, മെഡിസിൻ, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്കൽ മോഡലിങ്, ലിംഗ്വിസ്റ്റിക്സ് എന്നിവ സംയോജിക്കുന്ന മൾട്ടിഡിസിപ്ലിനറി ശാസ്ത്ര ശാഖയാണിത്. ആരോഗ്യമേഖലയിൽ എംബിബിഎസിനുശേഷം സ്പെഷലൈസേഷനിലൂടെ ന്യൂറോളജിസ്റ്റ്, ന്യൂറോസർജൻ എന്നിങ്ങനെയുള്ള മേഖലകളിലേക്കു കടക്കാം.
സുവോളജി, ബോട്ടണി, കെമിസ്ട്രി, ബയോടെക്നോളജി, ഫിസിക്സ്, കംപ്യൂട്ടർ സയൻസ് , എൻജിനീയറിങ്, മെഡിസിൻ, വെറ്ററിനറി സയൻസ്, നഴ്സിങ് തുടങ്ങിയവയിൽ ബിരുദമുള്ളവർക്ക് എംഎസ്‌സി ന്യൂറോ സയൻസിനു ചേരാം. (ഓരോ സ്ഥാപനത്തിലും യോഗ്യതാ മാനദണ്ഡങ്ങളിൽ വ്യത്യാസം കണ്ടേക്കും). പഠനം പൂർത്തിയാക്കുന്ന വർക്ക് ബെംഗളൂരു ഐഐഎസ്‌സി, മനേസറിലെ നാഷനൽ ബ്രെയിൻ റിസർച് സെന്റർ, എയിംസ്, ബെംഗളൂരുവിലെ നാഷനൽ സെന്റർ ഫോർ ബയളോജിക്കൽ സയൻസസ്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച് തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, മരുന്നുകമ്പനികൾ എന്നിവയിൽ തൊഴിലവസരങ്ങളുണ്ട്. ഗവേഷണ പഠന സൗകര്യവുമുണ്ട്.
പ്രധാന സ്ഥാപനങ്ങൾ
∙ എംഎസ്‌സി ന്യൂറോ സയൻസ്: ശിവാജി യൂണിവേഴ്സിറ്റി ഗ്വാളിയർ, മദ്രാസ് യൂണിവേഴ്സിറ്റി, കൽക്കട്ട യൂണിവേഴ്സിറ്റി, ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ചെന്നൈ, അമിറ്റി നോയിഡ
∙എംഫിൽ ന്യൂറോ സയൻസ്: നിംഹാൻസ് ബെംഗളൂരു
∙എംഎസ്‌സി കൊഗ്‌നിറ്റീവ് & ബ്രെയിൻ സയൻസ്: ഐഐടി ഗാന്ധിനഗർ
വിദേശത്ത് ഹാർവഡ്, എംഐടി, ജോൺസ് ഹോപ്കിൻസ്, യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ തുടങ്ങിയിടങ്ങളിൽ മികച്ച മാസ്റ്റേഴ്സ് പ്രോഗ്രാമുകളുണ്ട്. പഠന സംബന്ധമായ സംശയങ്ങൾ ചോദിക്കാൻ ഇ-മെയിൽ: askgurumm@gmail.com തപാൽ വിലാസം: Career Guru, Editorial, Malayala Manorama, Kottayam - 1