നഴ്സിങ് കോളജുകൾ തുടങ്ങിയത് ഐഎൻസി അനുമതി വാങ്ങാതെ
Mail This Article
ന്യൂഡൽഹി ∙ േകരളത്തിലെ 13 പുതിയ സർക്കാർ, സ്വാശ്രയ നഴ്സിങ് കോളജുകൾ പ്രവർത്തനമാരംഭിച്ചത് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ (ഐഎൻസി) അനുമതിയില്ലാതെ. ന്യൂനതയില്ലെന്നുള്ള സർട്ടിഫിക്കറ്റ് ഈ കോളജുകൾക്കു ലഭിച്ചിട്ടില്ല.
ഐഎൻസിയുടെ അനുമതിയില്ലാതെ സ്ഥാപനങ്ങൾക്കു പ്രവർത്തനമാരംഭിക്കാമെങ്കിലും ഇവിടെ പഠനം പൂർത്തിയാക്കുന്നവർക്കു കേരളത്തിനു പുറത്തു ഭൂരിഭാഗം സംസ്ഥാനങ്ങളിലും ജോലി ചെയ്യാനാകില്ലെന്നതാണു ഇതുമൂലമുള്ള പ്രശ്നം. വിദ്യാഭ്യാസവായ്പയ്ക്കും തടസ്സമുണ്ടാകും.
പ്രവർത്തനമാരംഭിക്കാൻ ഐഎൻസിക്ക് സ്ഥാപനങ്ങൾ അപേക്ഷ നൽകിയിട്ടില്ലെന്നാണു വിവരം. ഐഎൻസി കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച രാജ്യത്തെ നഴ്സിങ് സ്ഥാപനങ്ങളുടെ പട്ടികയിലും കേരളത്തിൽ പുതുതായി അനുവദിച്ച കോളജുകളില്ല. 13 സ്ഥാപനങ്ങളിലായി 820 ബിഎസ്‌സി നഴ്സിങ് സീറ്റുകളിലേക്കാണ് പ്രവേശന നടപടികൾ ആരംഭിച്ചത്. പല സ്ഥാപനങ്ങളിലും ഓഫിസ് പോലുമില്ലെന്ന പരാതി കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നിരുന്നു.
പഠനകേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കാനും രാജ്യത്തെല്ലായിടത്തും പൊതുവായ നിലവാരം കൊണ്ടുവരാനുമാണ് ഐഎൻസി പരിശോധന നടത്തണമെന്ന നിർദേശമുള്ളത്.
സ്ഥാപനങ്ങൾ സംസ്ഥാന നഴ്സിങ് കൗൺസിലുകൾക്കാണ് ആദ്യം അപേക്ഷ നൽകേണ്ടത്. തൃപ്തരെങ്കിൽ പരിശോധന നടത്തണമെന്ന അപേക്ഷ സംസ്ഥാന കൗൺസിലുകൾ ഐഎൻസിക്കു നൽകും. ഐഎൻസി പരിശോധനയിൽ തൃപ്തരാണെങ്കിൽ ന്യൂനതയില്ലെന്നുള്ള സർട്ടിഫിക്കറ്റ് നൽകും. പോരായ്മകളുണ്ടെങ്കിൽ ഇതു പരിഹരിക്കാൻ നിർദേശിക്കും. വീണ്ടും പരിശോധന നടത്തിയ ശേഷമാകും സർട്ടിഫിക്കറ്റ് നൽകുക.
അംഗീകാരമില്ലെങ്കിൽ ?
ജോലി ചെയ്യണമെങ്കിൽ ഐഎൻസി അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കണമെന്ന വ്യവസ്ഥ പല സംസ്ഥാനങ്ങളിലുമുണ്ട്. പഠനം നടത്തിയ ഓരോ വർഷത്തെയും അംഗീകാരം പരിശോധിക്കുന്ന സംസ്ഥാനങ്ങളുമുണ്ട്.