ADVERTISEMENT

തിരുവനന്തപുരം ∙ കൗമാരക്കാരിലെ ജീവിതശൈലീരോഗങ്ങൾ തുടക്കത്തിലേ കണ്ടെത്തി പരിഹരിക്കാൻ ഹയർ സെക്കൻഡറി സ്കൂളുകൾ കേന്ദ്രീകരിച്ചു സർക്കാരിന്റെ പുതിയ പദ്ധതി. രക്തസമ്മർദം അടക്കമുള്ള ആരോഗ്യ വിവരങ്ങളും ജീവിത ശൈലിയും രേഖപ്പെടുത്തുന്ന ഓൺലൈൻ സർവേ സർക്കാർ സ്കൂളുകളിൽ ഉടൻ ആരംഭിക്കും. ഇതിനുള്ള പരിശീലനം പൂർത്തിയാക്കി പരിശോധനാ ഉപകരണങ്ങളും വിതരണം ചെയ്തു.

പൊതു വിദ്യാഭ്യാസ വകുപ്പും തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചൈൽഡ് ഡവലപ്മെന്റ് സെന്ററും (സിഡിസി) സംയുക്തമായി നടപ്പാക്കുന്ന ‘സശ്രദ്ധം’ പദ്ധതിയിൽ ആരോഗ്യ, വനിതാ–ശിശുക്ഷേമ വകുപ്പുകളും പങ്കാളികളാണ്.

820 സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ 1.75 ലക്ഷം പ്ലസ് വൺ വിദ്യാർഥികളെയാണു തുടക്കത്തിൽ സർവേയിൽ ഉൾപ്പെടുത്തുന്നത്. ഇവരുടെ രക്തസമ്മർദം, ഭാരം, ഉയരം, ഭക്ഷണരീതി, ശാരീരിക അധ്വാനം, വ്യായാമം, മാനസിക സമ്മർദം എന്നിവയ്ക്കൊപ്പം ലഹരി ഉപയോഗമുണ്ടോ എന്നതും പരിശോധിച്ചു രേഖപ്പെടുത്തും. 

രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങി അധ്യാപകരും സ്കൂൾ കൗൺസിലർമാരും ചേർന്നാണു സർവേ നടത്തേണ്ടത്. 30നു മുൻപ് പൂർത്തിയാക്കണം.

നാഷനൽ ഇൻഫോമാറ്റിക്സ് സെന്റർ രൂപപ്പെടുത്തിയ സശ്രദ്ധം പോർട്ടൽ വഴിയാണു സർവേ. സ്റ്റേറ്റ് ഡേറ്റ സെന്ററിലാകും വിവരങ്ങൾ ശേഖരിക്കുക. ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തുന്നവരെ എൻഎച്ച്എമ്മിനു കീഴിലുള്ള നഴ്സുമാരുടെ നേതൃത്വത്തിൽ വീണ്ടും പരിശോധിച്ചു സ്ഥിരീകരിക്കും. തുടർന്നു പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ നൽകും. 

സിഡിസി 3 മാസം ഇവരുടെ ചികിത്സ–ആരോഗ്യ പുരോഗതി വിലയിരുത്തുമെന്നു സീനിയർ റിസർച് കോ ഓർഡിനേറ്റർ ഡോ.ലീന സുമരാജ് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ 15 സ്കൂളുകളിലെ പ്ലസ് വൺ വിദ്യാർഥികൾക്കിടയിൽ നടത്തിയ പരിശോധനയിൽ 8.36% കുട്ടികളിൽ ഉയർന്ന രക്തസമ്മർദം കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.

Content Summary:

New Government Scheme Detects and Solves Lifestyle Diseases in Teenagers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com