യുജിസി നെറ്റ് സിലബസ് പരിഷ്കരിക്കുന്നു
Mail This Article
ന്യൂഡൽഹി ∙ കോളജ് അധ്യാപന നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ യുജിസി നെറ്റിന്റെ സിലബസ് പരിഷ്കരിക്കുന്നു. 6 വർഷത്തിനു ശേഷമാണു സിലബസ് പുതുക്കുന്നത്. പുതുക്കിയ സിലബസ് അടിസ്ഥാനത്തിലുള്ള പരീക്ഷ വരുന്ന ജൂൺ സെഷനിൽ നടക്കുമെന്നാണു വിവരം.
കോളജുകളിലെ അസി. പ്രഫസർ നിയമത്തിനു പുറമേ ജൂനിയർ റിസർച് ഫെലോഷിപ് (ജെആർഎഫ്) അനുവദിക്കുന്നതും നെറ്റിന്റെ അടിസ്ഥാനത്തിലാണ്. ഈ മാസം 3നു ചേർന്ന യുജിസി കൗൺസിൽ യോഗത്തിൽ സിലബസ് പരിഷ്കരിക്കാനുള്ള തീരുമാനം അംഗീകരിച്ചു. വിദ്യാർഥികളിൽ നിന്നും അഭിപ്രായം തേടിയ ശേഷമാകും അന്തിമ സിലബസ് പ്രസിദ്ധീകരിക്കുക.
2020 ൽ പ്രാബല്യത്തിൽ വന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണു മാറ്റങ്ങൾ വരുത്തുന്നത്. 83 വിഷയങ്ങളിലെ പരീക്ഷാ സിലബസും മാറും. എല്ലാ വർഷവും ജൂൺ, ഡിസംബർ മാസങ്ങളിലാണ് നെറ്റ് പരീക്ഷ. കഴിഞ്ഞ ജൂണിൽ നടന്ന പരീക്ഷ 4.62 ലക്ഷം വിദ്യാർഥികൾ എഴുതി.