ചങ്ങാതിമാരെ വിനോദയാത്രയ്ക്കൊപ്പം കൂട്ടാൻ ഭക്ഷ്യമേള നടത്തി സ്കൂൾ വിദ്യാർഥികൾ
Mail This Article
വണ്ടൂർ ∙ വിനോദയാത്രയ്ക്കു പോകാൻ താൽപര്യമുണ്ടായിട്ടും സാഹചര്യം തടസ്സമായവരെക്കൂടി കൂട്ടാൻ വണ്ടൂർ ഗവ. ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്‌ഇ വിദ്യാർഥികൾ കണ്ടെത്തിയത് സ്നേഹത്തിന്റെ ‘രുചി’യുള്ള വഴി.
ഒരു ഭക്ഷ്യമേള നടത്തുക. വിനോദയാത്രയ്ക്കു പേരു ക്ഷണിച്ചപ്പോഴാണ് കൂട്ടത്തിൽ താൽപര്യമുണ്ടായിട്ടും പോകാൻ കഴിയാത്തവരുണ്ടെന്നു വിദ്യാർഥിനികളിൽ ചിലർ അറിഞ്ഞത്. ഉടൻ അധ്യാപകരെ വിവരം അറിയിച്ചു. എല്ലാവരും കൂടി ഭക്ഷ്യമേള നടത്തി തുക സമാഹരിക്കുകയും ചെയ്തു.
വൊക്കേഷനൽ കോഴ്സുകളുടെ ഭാഗമായി എല്ലാ വർഷവും വിദ്യാർഥികൾ നേടിയ നൈപുണ്യം പ്രയോജനപ്പെടുത്തി നിർമിച്ച വസ്തുക്കളുടെ പ്രദർശനവും വിൽപനയും നടത്താറുണ്ട്. വിവിധയിനം നടീൽ വസ്തുക്കൾ, ജൈവവളം, പൂക്കൾ ഉപയോഗിച്ചുള്ള അലങ്കാരവസ്തുക്കൾ എന്നിവയെല്ലാം നിർമിച്ചു പ്രദർശനം നടത്തും. ചെറിയ വിലയ്ക്കു വിൽക്കുകയും ചെയ്യും. ഇക്കുറി അതിനോടൊപ്പമാണു ഭക്ഷ്യമേളയും നടത്തിയത്. അങ്ങനെ സമാഹരിച്ച തുക ഉപയോഗിച്ചു ഇത്തവണത്തെ വിനോദയാത്രയിൽ വിഎച്ച്എസ്ഇ ബാച്ചിലെ താൽപര്യമുള്ള എല്ലാവരെയും കൊണ്ടുപോകും.
അടുത്തയാഴ്ചയാണു വിനോദയാത്ര. മിച്ചം വരുന്ന തുക സാന്ത്വനപരിചരണ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും. ഭക്ഷ്യമേള പ്രധാനാധ്യാപകൻ എം.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ എം.ഐശ്വര്യ, എം.ജി.രാധിക, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ കെ.ശ്രീലക്ഷ്മി, കെ.ആർ.റജീന, പി.അനുപമ എന്നിവർ നേതൃത്വം നൽകി.