ADVERTISEMENT

തിരുവനന്തപുരം ∙ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി 5–ാം ക്ലാസ് മുതൽ തൊഴിൽ–കലാ വിദ്യാഭ്യാസത്തിന് പുതിയ പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തിയെങ്കിലും ഇതിനായി അധിക അധ്യാപക തസ്തികകളോ പീരിയഡുകളോ പരീക്ഷയോ ഉണ്ടാകില്ല. വർക്ക് ബുക്ക് എന്ന നിലയിലാണ് ഈ പുസ്തകങ്ങൾ തയാറാക്കുന്നത്.

ഏതെങ്കിലും തൊഴിൽ പഠനമല്ല, പത്താം ക്ലാസ് കഴിയുമ്പോൾ താൽപര്യമുള്ള മേഖല തിരഞ്ഞെടുക്കാനുള്ള അവബോധം സൃഷ്ടിക്കുകയാണു തൊഴിൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. പ്രവൃത്തിപരിചയ പീരിയഡിൽ തന്നെ തൊഴിൽ വിദ്യാഭ്യാസവും സമയം കണ്ടെത്താനാകുമെന്ന് എസ്‌സിഇആർടി ഡയറക്ടർ ഡോ.ആർ.കെ.ജയപ്രകാശ് പറഞ്ഞു.

പാഠ്യപദ്ധതി സംബന്ധിച്ച് അധ്യാപകരെ പരിശീലിപ്പിക്കാനും പ്രത്യേക പുസ്തകങ്ങൾ തയാറാക്കും. ഇതിനൊപ്പം കുട്ടികളുടെ പഠനത്തിനും മാനസിക–വൈകാരിക വളർച്ചയിലും രക്ഷിതാക്കൾ എങ്ങനെ സഹായിക്കണമെന്നും എന്തു സമീപനം സ്വീകരിക്കണമെന്നും ബോധവൽക്കരിക്കാനാണു രക്ഷിതാക്കൾക്കുള്ള പുസ്തകങ്ങൾ. രക്ഷിതാക്കൾക്കായി പുസ്തകം തയാറാക്കുന്നത് രാജ്യത്ത് ആദ്യമായാണെന്നു മന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി. പുതിയ പാഠപുസ്ത കങ്ങളുടെയടക്കം വിതരണം അധ്യയന വർഷം തുടങ്ങുന്നതിനു രണ്ടാഴ്ച മുൻപ് പൂർത്തിയാക്കുമെന്നും അറിയിച്ചു.

നേരത്തെ കരിക്കുലം കോർ കമ്മിറ്റിയിൽ പുതിയ പാഠപുസ്തകങ്ങൾ വായിച്ച അധ്യാപക സംഘടനാ പ്രതിനിധികൾ പല തിരുത്തലുകളും നിർദേശങ്ങളും മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇവ സംബന്ധിച്ച് ഇന്നലത്തെ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയിൽ ചർച്ചയുണ്ടായില്ല. ഉചിതമായ നിർദേശങ്ങളെല്ലാം നടപ്പാക്കിയെന്നു വ്യക്തമാക്കിയാണ് അംഗീകരിച്ചത്. അന്തിമ പാഠപുസ്തകത്തിന്റെ പകർപ്പ് അംഗങ്ങൾക്കു നൽകിയതുമില്ല. എൻസിഇആർടി പാഠപുസ്തകങ്ങളിൽ കേന്ദ്രം ഇനിയും രാഷ്ട്രീയ ലക്ഷ്യത്തോടെ മാറ്റങ്ങൾ വരുത്തിയാൽ ഹയർ സെക്കൻഡറി തലത്തിലും കേരളം സ്വന്തം പാഠപുസ്തകങ്ങൾ തയാറാക്കുമെന്നു മന്ത്രി പറഞ്ഞു.

പാഠപുസ്തകങ്ങളിൽ കലോത്സവ വിജയികൾ വരച്ച ചിത്രങ്ങളും
തിരുവനന്തപുരം ∙ അടുത്തവർഷം പ്രാബല്യത്തിലാകുന്ന പുതിയ സ്കൂൾ പാഠപുസ്തകങ്ങളിൽ സ്കൂൾ കലോത്സവ വിജയികളായ കുട്ടികൾ വരച്ച ചിത്രങ്ങളും ഉൾക്കൊള്ളിച്ചു. പഴയ കൂട്ടക്ഷരങ്ങൾ പരാമവധി തിരിച്ചുകൊണ്ടുവരുന്ന തരത്തിലുള്ള പരിഷ്കരിച്ച ലിപിയിലാണ് പുതിയ പാഠപുസ്തകങ്ങൾ അച്ചടിക്കുന്നത്. ‘തുമ്പ’ ഫോണ്ടാണ് ഉപയോഗിക്കുന്നത്. മലയാളം, ഇംഗ്ലിഷ്, തമിഴ്, കന്നഡ മീഡിയങ്ങളിൽ രണ്ടു വാല്യങ്ങളായാണു മൊത്തം 173 പുസ്തകങ്ങൾ തയാറാക്കിയത്.

Content Summary:

Kerala Pioneers Educational Reform: Vocational-Arts from Class 5 With No Extra Exams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com