2 വർഷത്തെ മെഡിക്കൽ ലാബ് ടെക്‌നോളജി എംഎസ്‍സി കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം
Mail This Article
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലും കോഴിക്കോട്ടെ സ്വാശ്രയ കോളജായ മിംസ് കോളജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസിലും നടത്തുന്ന 2 വർഷത്തെ മെഡിക്കൽ ലാബ് ടെക്‌നോളജി എംഎസ്‍സി പ്രവേശനത്തിനു മാർച്ച് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ 1200 രൂപ. പട്ടികവിഭാഗം 600 രൂപ. അപേക്ഷാരീതി
വെബ്സൈറ്റിലുണ്ട്.55% എങ്കിലും മാർക്കോടെ ബിഎസ്‌സി എംഎൽടി വേണം. 2024 ഫെബ്രുവരി 20ന് 40 വയസ്സു കവിയരുത്. സർവീസ് ക്വോട്ടക്കാർക്ക് 49 വരെയാകാം.
മൈക്രോബയോളജി, ബയോകെമിസ്ട്രി, പതോളജി എന്നീ സ്പെഷ്യൽറ്റികളിൽ 4 വീതം തിരുവനന്തപുരത്ത് ആകെ 12 സീറ്റും 5 വീതം കോഴിക്കോട്ട് ആകെ 15 സീറ്റും ഉണ്ട്. സംവരണക്രമം പാലിക്കും. കോഴിക്കോട്ടെ 7 സീറ്റ് സർക്കാർ ക്വോട്ടയിലും 8 സീറ്റ് മാനേജ്മെന്റ് ക്വോട്ടയിലും.ബിഎസ്‌സി എംഎൽടി നിലവാരത്തിൽ 3 മണിക്കൂർ എൻട്രൻസ് പരീക്ഷ തിരുവനന്തപുരത്ത്. തീയതി പിന്നീടറിയിക്കും.
മൈക്രോബയോളജി, ബയോകെമിസ്ട്രി, പതോളജി എന്നിവയിൽ നിന്ന് 60 വീതവും ഹെമറ്റോളജി ആൻഡ് ബ്ലഡ് ബാങ്കിങ്ങിൽ നിന്ന് ഇരുപതും അടക്കം ആകെ 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് ഒഎംആർ ഷീറ്റിൽ ഉത്തരം അടയാളപ്പെടുത്തണം. തെറ്റിനു മാർക്കു കുറയ്ക്കും. സർവീസ് ക്വോട്ടക്കാരും എൻട്രൻസ് എഴുതണം.
പ്രവേശനാർഹതയ്ക്ക് ജനറൽ /പിന്നാക്കം /ഭിന്നശേഷി /സർവീസ് ക്വോട്ട / പട്ടിക വിഭാഗക്കാർ യഥാക്രമം 40/35/35/40/30 ശതമാനം മാർക്കു നേടണം. നേടിയ മൊത്തം മാർക്ക് നോക്കി, സംവരണക്രമം പാലിച്ച്, റാങ്ക്‌ലിസ്റ്റ് ഇട്ട്, ഓപ്ഷനുകൾ സ്വീകരിച്ച് എൽബിഎസ് സെന്റർ അലോട്മെന്റ് നടത്തും. സർക്കാർ കോളജിൽ ആദ്യവർഷം 45,210 രൂപയടയ്ക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും www.lbscentre.kerala.gov.in. സംശയപരിഹാരത്തിനു ഫോൺ: 0471-250363.