ADVERTISEMENT

ലോകവ്യാപകമായി ആളുകൾ താടി വളർത്തുന്ന മാസമാണു നവംബർ. ‘നോ ഷേവ് നവംബർ’ എന്ന പേരിൽ ആളുകളങ്ങനെ താടി വളർത്തി ആഘോഷിക്കും. വെറും ഒരു ആഘോഷം എന്നതിനപ്പുറം നന്മയുടെ നൂലുകൾ കൂടി ഈ താടിരോമങ്ങളോടൊപ്പം ഇഴചേരുന്നുണ്ട്. നമ്മുടെ നാട്ടിൽ കട്ടിങ്ങിനും ഷേവിങ്ങിനുമൊക്കെ കാശ് കുറവാണെങ്കിലും മറ്റിടങ്ങളിൽ ഇതല്ല സ്ഥിതി.

ഒരുമാസം ഇവ ഒഴിവാക്കുമ്പോൾ മിച്ചം കിട്ടുന്ന തുക ഇവർ പുരുഷ ആരോഗ്യപ്രശ്നങ്ങളായ പ്രോസ്ട്രേറ്റ് കാൻസർ തുടങ്ങിയവയുടെ ബോധവൽക്കരണത്തിനും ചികിൽസയ്ക്കുമായി ചെലവഴിക്കും. 2009ൽ ഫെയ്സ്ബുക്കിലൂടെ വളർന്ന ‘നോ ഷേവ് നവംബർ’കൂട്ടായ്മ പിന്നീട് അമേരിക്കൻ കാൻസർ സൊസൈറ്റിയുമായി സഹകരിക്കുകയായിരുന്നു.

പണ്ടത്തെ സിനിമകൾ നോക്കാം . വില്ലന്മാർ, ഗുരുതര രോഗം ബാധിച്ചവർ, കാമുകി കയ്യൊഴിഞ്ഞവർ അങ്ങനെയുള്ളവർക്കു വേണ്ടിയുള്ള അലിഖിത ചിഹ്നങ്ങളിലൊന്നായിരുന്നു താടി‌വയ്പ്.

താടിയും മൂക്കിന്റെ സൈഡിലായി ഉണക്കമുന്തിരിങ്ങ ഒട്ടിച്ച പോലെയുള്ള മറുകുമൊക്കെയായി പ്രേംനസീർ കുറ്റാന്വേഷണത്തിനുപോയ പല സിനിമകളുമുണ്ട്. എങ്കിലും പൊതുവേ അക്കാലത്തെ നായക സങ്കൽപങ്ങളിൽ താടിയില്ലായിരുന്നു. പിന്നീട് മമ്മൂട്ടിയും മോഹൻലാലും വന്നു.1990ൽ പുറത്തിറങ്ങിയ ‘സാമ്രാജ്യം’ എന്ന ചിത്രത്തിൽ മമ്മൂട്ടി വെച്ച താടി ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്റ് തന്നെയായി മാറി. അതിനുമുൻപ് 1987ൽ ഇറങ്ങിയ ‘ന്യൂഡൽഹി’ എന്ന ചിത്രത്തിൽ പ്രതികാരദാഹിയായ ജികെയുടെ രണ്ടാം ജന്മത്തിനെ പ്രസിദ്ധമാക്കിയതും താടിയായിരുന്നു. ‘ഒരു വടക്കൻ വീരഗാഥ’യിലെ ചന്തുവിനും അവസാന സീനുകളിൽ താടിയുണ്ടായിരുന്നു.

മോഹൻലാൽ താടിയണിഞ്ഞു വന്നതിൽ ഏറ്റവും ഹൃദ്യമായി പ്രേക്ഷകർക്കു തോന്നിയത് ‘സമ്മർ ഇൻ ബത്‌ലഹേം’ എന്ന സിനിമയിലെ അതിഥിവേഷമായിരിക്കും. മരണം അഭിമുഖീകരിക്കാൻ പോകുന്ന ഒരു കൊലയാളിയുടെ എല്ലാ ഭാവഭേദങ്ങളും നിരഞ്ജനിലൂടെ അവതരിപ്പിക്കാൻ നേരിയ അലസതയോടെ പറന്നുനിൽക്കുന്ന ആ താടിയും സഹായിച്ചിരുന്നു. 

ഹിന്ദി സിനിമയുടെ എക്കാലത്തെയും ചക്രവർത്തിയായ അമിതാഭ് ബച്ചന് പ്രതീക്ഷയർപ്പിച്ച സിനിമകൾ പലതും പൊട്ടി, സ്വന്തമായി തുടങ്ങിയ നിർമാണക്കമ്പനി തകർന്നു തരിപ്പണമായി. കുറച്ചുകാലം സിനിമാഭിനയവും നിർത്തി. ബിഗ്ബിയുടെ ഇന്നിങ്സ് തീർന്നു എന്നു വരെ പലരും വിധിയെഴുതി. എന്നാൽ മൊഹബതേൻ എന്ന ചിത്രത്തിലൂടെ താനാരാണെന്നു ബിഗ് ബി കാട്ടിക്കൊടുത്തു. ഇത്തവണ താടി വച്ചായിരുന്നു ബിഗ്ബിയുടെ വരവ്, രൂപവും ഭാവവും നിറവുമൊക്കെ പലതവണ മാറിയെങ്കിലും പിന്നീട് താടി ആ മുഖത്തുനിന്നു പോയിട്ടേയില്ല... 

ലോകത്ത് പല താടി സ്റ്റൈലുകളുമുണ്ട്. ബാൽബോ എന്ന സ്റ്റൈൽ വളരെ ഫേമസായിരുന്നു ഇടക്കാലത്ത്. അയൺമാൻ, അവഞ്ചേഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോബർട്ട് ഡൗണി ജൂനിയർ ആണു ബാൽബോയെ പ്രശസ്തമാക്കിയത്. പഴയ ചിന്തകന്മാരുടെയും ബുദ്ധിജീവികളുടെയുമൊക്കെ ഇടതൂർന്ന താടി ശ്രദ്ധിച്ചിട്ടില്ലേ. ഇതിന്റെ ഒരു പരിഷ്കൃത രൂപമാണു ബാന്ദോൾസ്. പ്രമുഖ അമേരിക്കൻ താടിക്കാരനായ എറിക് ബാന്ദോൾസാണ് ഈ സ്റ്റൈൽ കൊണ്ടുവന്നത്. താടിവടിക്കാൻ ആവശ്യപ്പെട്ടതോടെ മികച്ച ശമ്പളമുണ്ടായിരുന്ന തന്റെ ജോലി ഉപേക്ഷിക്കുകയും ചെയ്തു ബാന്ദോൾസ്.

പഴയകാല ഗോട്ടീ, ബുൾഗാൻ തുടങ്ങിയ താടികളുടെ പുതിയ രൂപമായ സർക്കിൾ താടി, എക്സ് മെൻ വോവറീൻ എന്ന ചിത്രത്തിലൂടെ ലോകപ്രസിദ്ധമായ ഫ്രണ്ട്ലി മട്ടൺ ചോപ്സ് കൃതാവിൽ നിന്നു താഴേക്ക് ഷേവ് ചെയ്ത്  ബാക്കിഭാഗങ്ങളിൽ താടി നിർത്തുന്ന എക്സ്റ്റൻഡഡ് ഗോട്ടീ തുടങ്ങിയവയൊക്കെ ലോകത്തെ പ്രശസ്തമായ താടികളാണ്.

Content Summary:

Unveiling the Impact of 'No Shave November' on Men's Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com