ADVERTISEMENT

ധ്രുവപ്രദേശം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരുന്നത് കണ്ണെത്താദൂരത്തോളം മഞ്ഞു മൂടി കിടക്കുന്ന തണുത്തുറഞ്ഞ ഒരു ചിത്രമാണ്. എന്നാൽ ഭൂമിയ്ക്ക് സ്വന്തമായ രണ്ട് ധ്രുവപ്രദേശങ്ങളിൽ ഒന്നിലെ മഞ്ഞ് 2030 ഓടെ പൂർണ്ണമായും അപ്രത്യക്ഷമാകുമെന്നാണ് ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. 2030 ലെ വേനൽക്കാലത്ത് ഒരിക്കൽ ധ്രുവക്കരടികളും, ചുവന്ന കുറുക്കനും, റെയിൻഡിയറുകളും അലഞ്ഞ് നടന്നിരുന്ന ആർട്ടിക്കിൽ കാൽകുത്താനുള്ള മഞ്ഞുപാളികളുടെ കണികപോലും കാണാനാകില്ലെന്നാണ് ഇവർ പ്രവചിച്ചിരിക്കുന്നത്.

ഉയരുന്ന താപനിലയും, കാലാവസ്ഥാ വ്യതിയാനവും മൂലം ഏറെ നാളായി ആർട്ടിക് ശോഷിച്ച് വരികയാണ്. വേനൽക്കാലത്ത് ഉരുകിയൊലിച്ച് പോകുന്ന മഞ്ഞുപാളിയുടെ വലിയൊരു ഭാഗം ശൈത്യകാലത്ത് തിരികെ രൂപപ്പെടുന്നില്ല. ഇതോടെ ആർട്ടിക്കിലെ മഞ്ഞുപാളിയുടെ അളവിനെ സന്തുലനമാക്കിയിരുന്ന ശൈത്യകാലത്തെ മഞ്ഞിന്റെ രൂപപ്പെടൽ താളം തെറ്റിയെന്ന് വ്യക്തമായി.

വർഷങ്ങളായി ആർട്ടിക്കിന്റെ ശോഷണത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ഗവേഷകർ പുറത്ത് വിടുന്നുണ്ടായിരുന്നു. ലോക താപനിലയിലെ വർധന 1.5 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് പോകാതെ തടയാനുള്ള വിഥാശൃമങ്ങളിൽ ചിലരെങ്കിലും വിശ്വാസമർപ്പിച്ചും. ഇങ്ങനെ താപനിലാ വർധനവ് തടയുന്നതിലൂടെ ആർട്ടിക്ക് സംരക്ഷിക്കപ്പെടുമെന്നും അവർ പ്രതീക്ഷിച്ചു. എന്നാൽ ഈ ശ്രമങ്ങളുടെ ഭാഗമായുള്ള കാലാവസ്ഥാ ഉച്ചകോടികളും അവയിലെ തീരുമാനങ്ങളും നിരന്തരം പരാജയപ്പെട്ടതോടെ ആർട്ടിക്കിന്റെ വിധിയും എഴുതപ്പെട്ട് കഴിഞ്ഞു.

പ്രതീക്ഷിച്ചതിലും പത്ത് വർഷം മുൻപ്

ഇപ്പോഴത്തെ കണ്ടെത്തൽ അനുസരിച്ച് 2030 ഓടെ ആർട്ടിക്കിലെ വേനൽക്കാലത്ത് മഞ്ഞ് പൂർണമായും അപ്രത്യക്ഷമാകും എന്നതാണ്. എന്നാൽ മുൻപുള്ള പഠനങ്ങളെല്ലാം സൂചിപ്പിച്ചിരുന്നത് 2040 ഓടെ ഇത് സംഭവിക്കുമെന്നായിരുന്നു. പക്ഷെ ആഗോളതാപനത്തിന്റെ വർധനവിന്റെ തോത് ക്രമേണ ഉയരുകയാണ്. ഇതോടെയാണ് ആർട്ടിക്കിലെ മഞ്ഞുരുകലിന്റെ വേഗവും ഓരോ വേനലിലും വർധിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയത്. കൂടാതെ ആർട്ടിക്കിലെ വേനലിന്റെയും ഉയർന്ന താപനില അനുഭവപ്പെടുന്ന കാലത്തിന്റെയും ദൈർഘ്യം വർധിക്കുകയാണെന്നും ഗവേഷകർ കണ്ടെത്തി.

1979 മുതലാണ് ആർട്ടിക്കിലെ മഞ്ഞിന്റെ അളവിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ശാസ്ത്രലോകത്തിന് കഴിഞ്ഞത്. ആ വർഷം മുതൽ 2019 വരയുള്ള കണക്കുകൾ പരിശോധിച്ച് കൂടിയാണ് ഗവേഷകർ ഈ പഠനം പൂർത്തിയാക്കിയത്. മനുഷ്യനിർമിത ആഗോളതാപനവും അത് സൃഷ്ടിച്ച ആഘാതത്തിന്റെയും ഫലമായാണ് ആർട്ടിക്കിലെ മഞ്ഞിൽ ഈ ശോഷണം ഉണ്ടാകുന്നതെന്ന് സൗത്ത് കൊറിയൻ സർവകലാശാലയായ പൊഹാങ്ങിലെ ശാസ്ത്രവിഭാഗം അധ്യാപകനും ഈ പഠനത്തിന് നേതൃത്വം നൽകുന്ന ഗവേഷകനുമായ സിയോങ്ങ് കി മിൻ നിസംശയം പറയുന്നു.

വർധിക്കുന്ന മഞ്ഞുരുകൽ

ശൈത്യകാലത്ത് മഞ്ഞ് രൂപപ്പെടുകയും, വേനൽക്കാലത്ത് മഞ്ഞുരുകുകയും ചെയ്യുക എന്നത് ആർട്ടിക്കിലെ സ്വാഭാവിക പ്രതിഭാസമാണ്. ഏതാണ്ട് മെയ് മാസത്തോടെ ആരംഭിച്ച് മഞ്ഞുരുകൽ ഏറ്റവും രൂക്ഷമായ മഞ്ഞ് അതിന്റെ ഏറ്റവും കുറഞ്ഞ അളവിലെത്തുന്നത് സെപ്റ്റംബറിലാണ്. പിന്നീട് ശൈത്യകാലത്തിന് തുടക്കമാവുകയും മഞ്ഞ് ഉണ്ടാകാൻ തുടങ്ങുകയും ക്രമേണ മഞ്ഞ് പാളികളുടെ വിസ്തൃതി വർധിക്കുകയും ചെയ്യുന്നു. 

ഇതിൽ മഞ്ഞുരുകൽ കൃത്യമായ നടക്കുകയും മഞ്ഞിന്റെ ഉത്പാദനം കുറയുകയും ചെയ്യുന്നു എന്നതാണ് ആർട്ടിക്കിലെ ഇപ്പോഴത്തെ പ്രതിസന്ധി. കൂടാതെ ദിശ തെറ്റി ആർട്ടിക്കിലേക്ക് എത്തുന്ന താപക്കാറ്റും, വേനൽക്കാലത്തിന്റെ ദൈർഘ്യം വർദ്ധിച്ചതും, മഞ്ഞുരുകലിന്റെ വേഗത്തിലും വർധനവുണ്ടാക്കി. ഇതോടെയാണ് ക്രമേണ ഉരുകുന്ന മഞ്ഞും ഉത്പാദിപ്പിക്കപ്പെടുന്ന മഞ്ഞും തമ്മിലുള്ള അന്തരം വർധിച്ചതും, ഇത് ക്രമേണ വേനൽക്കാലത്ത് ആർട്ടിക്കിലെ മഞ്ഞില്ലാത്ത അവസ്ഥയിലേക്ക് നയിക്കുന്നതും

ആർട്ടിക് ആംപ്ലിഫിക്കേഷൻ

ഇപ്പോഴത്തെ കണക്കുകൾ അനുസരിച്ച് വർഷത്തിൽ ഏതാണ്ട് 12.6 ശതമാനം എന്ന തോതിലാണ് ആർട്ടിക്കിൽ നിന്ന് മഞ്ഞ് നഷ്ടമാകുന്നത്. മഞ്ഞിന്റെ വിസതൃതി കുറഞ്ഞതോടെ കഴിഞ്ഞ ഒരു ദശാബ്ദത്തിൽ ഏറെയായി ലോകത്തെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വേഗത്തിൽ ചൂട് പിടിയ്ക്കുന്ന പ്രദേശമായി കൂടി ആർട്ടിക് മാറിയിട്ടുണ്ട്. നിലവിൽ ഭൂമിയിലെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏതാണ്ട് നാല് ഇരട്ടി വേഗതയിലാണ് ആർട്ടിക് ചൂട് പിടിക്കുന്നത്. 

ഇങ്ങനെ താപനില വർധിച്ച് മഞ്ഞ് ഉരുകി ഒലിക്കുന്നതോടെ ആർട്ടിക് ആംപ്ലിഫിക്കേഷൻ എന്ന പ്രതിഭാസം കൂടി മേഖലയിൽ സംഭവിയ്ക്കുന്നു. ഇതാകട്ടെ മേഖലയിലെ താപനിലാ വർധനവിന്റെ വേഗത വീണ്ടും വർധിപ്പിക്കുന്നു. ആർട്ടിക് ആംപ്ലിഫിക്കേഷനാണ് മറ്റ് മേഖലകളെ അപേക്ഷിച്ച് ആർട്ടിക്കിലെ താപനില പല ഇരട്ടിയായി വർധിക്കാനുള്ള പ്രധാന കാരണം. മഞ്ഞുപാളികളാണ ആർട്ടിക്കിലെ മാത്രമല്ല ഭൂമിയിലെ തന്നെ താപനില നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.

മഞ്ഞുപാളികളിൽ ഉണ്ടാകുന്ന ആൽബിഡോ പ്രതിഭാസം ചൂട് ആഗിരണം ചെയ്യാതെ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ച് തിരിച്ചയക്കുന്നു. ഒരു മേഖലയിലേക്ക് എത്തുന്ന സൂര്യപ്രകാശത്തിന്റെ 30 ശതമാനത്തോളമാണ് മറ്റിടങ്ങളിൽ ആൽബിഡോ മൂലം ആകാശത്തേക്ക് തിരികെ പോകുക. എന്നാൽ ആർട്ടിക്കിലെ മഞ്ഞിന്റെ വെള്ള നിറം മൂലം 80 ശതമാനത്തിലേറെ സൂര്യപ്രകാശമാണ് തിരികെ പ്രതിഫലിച്ച് ആകാശത്തേക്ക് പോകുന്നത്. ആർട്ടിക്കിലെ ഊഷ്മാണ് കുറഞ്ഞ അളവിൽ സൂക്ഷിയ്ക്കുന്നതിന് ഈ പ്രതിഭാസം വലിയ പങ്ക് വഹിച്ചിരുന്നു. 

ആഗോളതലത്തിലെ പ്രത്യാഘാതം

ആർട്ടിക്കിലെ മഞ്ഞിലുണ്ടായിട്ടുള്ള ഈ കുറവ് ആഗോളതലത്തിൽ തന്നെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കും. ലോകത്തെ താപവാതത്തിന്റെ എണ്ണം വർധിക്കുന്നതും, കാട്ടുതീ വലിയ തോതിൽ പടർന്ന് പിടിയ്ക്കുന്നതും, ലോകത്തിന്റെ പലഭാഗങ്ങളിലുണ്ടാകുന്ന പേമാരിയും വെള്ളപ്പൊക്കവും എല്ലാം ആർട്ടിക്കിലെ മഞ്ഞ് പാളികളുടെ ശോഷണത്തിന്റെ അത് വഴിയുണ്ടായ കാലാവസ്ഥാ അസുന്തലിതാവസ്ഥയുടെയും ഫലമാണ്.

ആർട്ടിക്കിലെ മഞ്ഞുപാളികൾ വേനൽക്കാലത്ത് ഇല്ലാതാകുന്നതോടെ ഗുണം ലഭിക്കുന്ന ഒരേ ഒരു കാര്യം കപ്പൽയാത്രയെ സംബന്ധിച്ചാണ്. യൂറോപ്പിന്റെ വടക്കൻ മേഖലയിൽ കൂടിയുള്ള കപ്പൽപാത തുറക്കുന്നതിന് ആർട്ടിക്കിലെ മഞ്ഞിന്റെ ശോഷണം സഹായിക്കും ഇത് കാനഡ മുതൽ റഷ്യവരെയുള്ള വടക്കൻ ധ്രുവത്തോട് ചേർന്ന് കിടക്കുന്ന രാജ്യങ്ങൾക്ക് ഗുണകരമാകും.

അതേസമയം പാരിസ്ഥിതികമായും, ജൈവവൈവിധ്യപരമായും ഉള്ള നഷ്ടങ്ങൾ കണക്കിലെടുക്കുമ്പോൾ കപ്പൽപ്പാത ലഭിക്കുന്നത് ഒരു നേട്ടമായേ കണക്കാക്കാൻ കഴിയില്ല എന്നതാണ് സത്യം. കടലിലെ തിമിംഗലങ്ങൾ മുതൽ ധ്രുവക്കരടികൾ വരെയുള്ള ജീവികളുടെ ജീവിതത്തെ താളെ തെറ്റിക്കാനും അതിജീവനം പ്രതിസന്ധിയിലാക്കാനും ആർട്ടിക്കിലെ ഈ മഞ്ഞിന്റെ ശോഷണം ഇടയാക്കും എന്നതാണ് യാഥാർഥ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com