ADVERTISEMENT

ഭൂമിയിൽ നിന്ന് നൂറുകോടിക്കണക്കിനു പ്രകാശവർഷമകലെ സംഭവിച്ച ഒരു സൂപ്പർനോവ വിസ്‌ഫോടനത്തെക്കുറിച്ച് പുതിയ കൗതുകവിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഈ സ്‌ഫോടനം വളരെ ശക്തിയേറിയതായിരുന്നെന്നും കാലങ്ങൾക്കപ്പുറം നടന്ന ഇതിന്റെ ആഘാതത്തിൽ കഴിഞ്ഞവർഷം ഓസോൺ പാളിയിൽ ചില ഭാഗങ്ങൾ താൽക്കാലികമായി നശിച്ചെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞവർഷം ഒരു ബഹിരാകാശ ടെലിസ്‌കോപ് ഭൂമിയിലേക്കു ശക്തിയിൽ വന്ന ഒരു കൂട്ടം ഫോട്ടോണുകളെ കണ്ടെത്തിയിരുന്നു. 1900 കോടി പ്രകാശവർഷം അകലെ സംഭവിച്ച ഒരു മഹാവിസ്‌ഫോടനത്തിന്റെ അവശേഷിപ്പുകളായിരുന്നു ആ ഫോട്ടോണുകൾ. ഇത്തരം സംഭവങ്ങൾ ഗാമ റേ ബസ്റ്റ് അഥവാ ജിആർബി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിനെ പഠനവിധേയമാക്കിയ ശാസ്ത്രജ്ഞർ ഇത് ഇതുവരെ കണ്ടെത്തിയതിൽ വച്ചു തന്നെ ഏറ്റവും പ്രകാശമാനമായ വിസ്‌ഫോടനമാണെന്ന് അഭിപ്രായപ്പെട്ടു.

ഫോട്ടോണുകൾ ഭൂമിയിലുണ്ടാക്കിയ ആഘാതം 7 മിനിറ്റ് നീണ്ടുനിന്നു. ഇത് ഭൂമിയുടെ ഓസോൺ പാളിയുടെ നല്ലൊരുഭാഗത്ത് മാറ്റങ്ങളുണ്ടാക്കി. ആ ഭാഗം താൽക്കാലികമായി നശിച്ചെന്ന് റോമിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സ് ശാസ്ത്രജ്ഞൻ പിയട്രോ യൂബർട്ടിനി പറയുന്നു.

എന്നാൽ ഈ ആഘാതങ്ങൾ മിനിറ്റുകൾ മാത്രമാണ് നീണ്ടുനിന്നതെന്നും ഉടനടി തന്നെ ഓസോൺ പാളി സ്വയം തകരാർനീക്കി പഴയരീതിയിലേക്കു പോയെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇത്രദൂരം അകലെ സംഭവിച്ചതിനാൽ കുഴപ്പമൊന്നുമില്ലെന്നും എന്നാൽ അടുത്തായിരുന്നെങ്കിൽ വലിയ നാശത്തിനു സംഭവം വഴിയൊരുക്കിയേനെയുമെന്നുമാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

ഭൂമിയിലെ ജീവനെയും പരിസ്ഥിതിയെയുമൊക്കെ സംരക്ഷിക്കുന്ന ഓസോൺ പാളിക്ക് ഭൂമിയിൽ നിന്നല്ലാതെയുള്ള വിദൂരമേഖലകളിൽനിന്നും ഭീഷണികളുണ്ടാകാമെന്നു വെളിവാക്കുന്ന സംഭവം ആണിത്. ഇതെപ്പറ്റി ജാഗ്രത പുലർത്തണമെന്നും ശാസ്ത്രസമൂഹം ഓർമിപ്പിക്കുന്നു.

English Summary:

Unprecedented Supernova Explosion Triggers Temporary Ozone Layer Destruction, Scientists Reveal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com