അറബിക്കടലിൽ ചക്രവാതചുഴി, ലക്ഷദ്വീപിനു സമീപം ന്യൂനമർദമാകും: കേരളത്തിൽ മഴയ്ക്ക് സാധ്യത
Mail This Article
അറബിക്കടലിൽ മാലിദ്വീപിനു സമീപം ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. വരും ദിവസങ്ങളിൽ ലക്ഷദ്വീപിനു സമീപമെത്തി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് വിവിധ കാലാവസ്ഥ മോഡലുകൾ സൂചന നൽകുന്നു. പ്രാഥമിക സൂചന പ്രകാരം കേരള തീരത്തേക്ക് നീങ്ങുന്നില്ലെങ്കിലും വരും ദിവസങ്ങളിൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇക്കാര്യത്തിൽ അടുത്ത ദിവസങ്ങളിൽ വ്യക്തതയുണ്ടാകും.
അതേസമയം, മിഷോങ് ചുഴലിക്കാറ്റ് വടക്ക് കിഴക്കൻ തെലുങ്കാന-തെക്കൻ ഒഡിഷ-തീരദേശ ആന്ധ്രയ്ക്ക് മുകളിലായി തീവ്രന്യൂനമർദമായി ദുർബലമായി. വരും മണിക്കൂറിൽ ന്യൂനമർദമായി വീണ്ടും ദുർബലമാകും. ചെന്നൈയിൽ കനത്ത നാശനഷ്ടം വിതച്ചാണ് മിഷോങ് ആന്ധ്രയിലേക്ക് കടന്നത്. 17 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2015ൽ പ്രളയമുണ്ടായപ്പോൾ 289 മരണമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. അതിനേക്കാൾ കൂടുതൽ മഴയാണ് ചെന്നൈയില്‍ പെയ്തത്. പലഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിൽ തന്നെയാണ്.
ഈ വർഷം ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപം കൊണ്ട ആറാമത്തെയും ബംഗാൾ ഉൾക്കടലിലെ നാലാമത്തെയും ചുഴലിക്കാറ്റാണ് ‘മിഷോങ്’. മ്യാൻമർ ആണ് ഈ ചുഴലിക്കാറ്റിന് പേര് നൽകിയത്.
ചുഴലിക്കാറ്റിന് പേരിടുന്നത് എങ്ങനെ?
ലോകത്ത് ആകെയുള്ള 6 റീജിയണൽ സ്പെഷ്യലൈസ്ഡ് മീറ്റയറിലോജിക്കൽ സെന്റർസ് അഥവാ RSMCകളും 5 ട്രോപിക്കൽ സയിക്ക്ലൺ വാണിങ് സെന്റർസുമാണ് പട്ടിക തയാറാക്കുന്നത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പാണ് ആര്‍എംഎസ്‌സികളില്‍ ഒന്ന്. ബംഗ്ലാദേശ്, ഇന്ത്യ, ഇറാന്‍, മാലിദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാക്കിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, ശ്രീലങ്ക, തായ്‍ലന്‍ഡ്, യുഎഇ, യെമന്‍ എന്നീ 13 രാജ്യങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ നല്‍കുന്നതും പട്ടികയില്‍ നിന്ന് പേരുകള്‍ നല്‍കുന്നതും ഡല്‍ഹി ആര്‍എസ്എംസി ആണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപമെടുക്കുന്ന ചുഴലികള്‍ക്ക് ഈ രാജ്യങ്ങളാണ് പേരുകള്‍ നിര്‍ദേശിക്കുന്നത്.ചുഴലിക്കാറ്റുകള്‍ക്ക് പേരുകള്‍ തിരഞ്ഞെടുക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ട്.
1. പേര് നിഷ്പക്ഷമായിരിക്കണം. ജാതി, മത, വർഗ, വർണ, രാഷ്ട്രീയ, ലിംഗ വേർതിരിവുകൾ ഇല്ലാത്ത പേരുകൾ വേണം നിർദ്ദേശിക്കാൻ.
2. ലോകത്തെ ഒരു ജനവിഭാഗത്തിനും മുറിവേല്‍പ്പിക്കുന്നതാകരുത്.
3. ക്രൂരമോ പരുഷമോ ആയ വാക്കുകള്‍ ഉപയോഗിക്കരുത്.
4. ചെറുതും എളുപ്പത്തില്‍ ഉച്ചരിക്കാന്‍ കഴിയുന്നതും വെറുപ്പുളവാക്കാത്തതും ആയിരിക്കണം.
5. എട്ട് അക്ഷരത്തില്‍ കവിയാത്ത പേര് വേണം ഉപയോഗിക്കാന്‍
6. നിര്‍ദേശിക്കുന്ന പേരിന്റെ ഉച്ചാരണം വാക്കാലും ശബ്ദരേഖയായും നല്‍കണം.
നിര്‍ദേശിക്കപ്പെടുന്ന പേരുകള്‍ ഈ പറഞ്ഞ ഏതെങ്കിലും മാനദണ്ഡത്തിന് വിരുദ്ധമാണെങ്കില്‍ നിരസിക്കാന്‍ അതത് ട്രോപ്പിക്കല്‍ സൈക്ലോണ്‍ പാനലുകള്‍ക്ക് അധികാരമുണ്ട്. പ്രാദേശികമായ വിവേചനം ഒഴിവാക്കാന്‍ ഒരേ രാജ്യത്തെ വ്യത്യസ്ത ഭാഷകളിലെ പേരുകളും ഉള്‍പ്പെടുത്താറുണ്ട്.മ്യാൻമർ നിർദേശിച്ച പേരാണ് മിഷോങ്. നേരത്തെ വന്ന ബിപര്‍ജോയ് ബംഗ്ലദേശ് നിർദേശിച്ച പേരാണ്. മോച്ച ചുഴലിക്കാറ്റിന് പേര് നല്‍കിയത് യെമന്‍ ആണ്. 2017ല്‍ ഇന്ത്യന്‍ തീരത്ത് നാശം വിതച്ച ഓഖി ചുഴലിക്കാറ്റിന് പേരിട്ടതും ബംഗ്ലാദേശ് ആയിരുന്നു. കണ്ണ് എന്നാണ് ഓഖിയുടെ അര്‍ഥം. ആഗ്, വ്യോം, ഛാര്‍, പ്രൊബാഹോ, നീര്‍ തുടങ്ങിയവയാണ് വരാനിരിക്കുന്ന ചുഴലികള്‍ക്ക് ഇന്ത്യ നിര്‍ദേശിച്ചിട്ടുള്ള ചില പേരുകള്‍.