ADVERTISEMENT

നമ്മുടെ അറിവിൽ ലോകത്തിൽ ഏറ്റവും കൂടുതൽകാലം ജീവിച്ചത് ഓസ്ട്രേലിയയിലെ കോക്കി ബെന്നറ്റ് എന്ന കോക്കാറ്റൂ പക്ഷിയാണ്. 1916ൽ മരിക്കുമ്പോൾ ഈ പക്ഷിക്ക് 120 വയസ്സുണ്ടായിരുന്നു. ഓസ്ട്രേലിയൻ പത്രങ്ങൾ അന്ന് ഈ പക്ഷിക്കായി പ്രത്യേകയിടം തന്നെ ഒരുക്കിയിട്ടു. ക്യാപ്റ്റൻ എല്ലിസ് എന്നയാളുടെ വളർത്തുപക്ഷിയായിരുന്നു കോക്കി. 78 വർഷം എല്ലിസിനൊപ്പം കപ്പൽയാത്രയിൽ കോക്കി പങ്കെടുത്തു. പിന്നീട് എല്ലിസിന്റെ അനുജനായ ജോസഫ് ബൗഡനൊപ്പം താമസിച്ചു. പിന്നീട് ജോസഫ് അന്തരിച്ചു. കോക്കി ജോസഫിന്റെ ഭാര്യയായ സാറയ്ക്കൊപ്പമായി താമസം. പിൽക്കാലത്ത് സാറ ഹോട്ടൽ വ്യവസായിയായ ബെന്നറ്റിനെ വിവാഹം കഴിച്ചു. അവസാന കാലങ്ങളിൽ ബെന്നറ്റിന്റെയും സാറയുടെ അനന്തരവന്റെയും ഹോട്ടലുകളിൽ ജീവിച്ച കോക്കി ആളുകളോട് സംസാരിക്കുന്നതിലും സുഹൃത്തുക്കളെയുണ്ടാക്കുന്നതിലും മിടുക്കനായിരുന്നു.

ലോകത്തിൽ നിലവിൽ ജീവിക്കുന്ന ഏറ്റവും പ്രായമുള്ള കടൽ പക്ഷിയെന്നു കരുതുന്നത് വിസ്ഡം എന്ന ആൽബട്രോസ് പക്ഷിയാണ്. ഹവായിക്കു സമീപം മിഡ്‌വേ അറ്റോൾ എന്ന ദ്വീപിലെ സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന വിസ്ഡത്തിനു നാൽപതിലധികം കുട്ടികളുണ്ട്. 1956ലാണ് വിസ്ഡത്തിനെ അമേരിക്കൻ അധികൃതർ കണ്ടെത്തി ഐഡന്റിഫിക്കേഷൻ ബാൻഡ് ഇട്ടത്.അന്ന് അവൾക്ക് 5 വയസ്സായിരുന്നു പ്രായം.ആൽബട്രോസുകൾക്ക് പൊതുവേ ജീവിതത്തിൽ ഒരേയൊരു പങ്കാളിയാകും ഉണ്ടാകുക.എന്നാൽ വിസ്ഡത്തിന്‌റെ കാര്യത്തിൽ, ആയുർദൈർഘ്യം കൂടിയതിനാൽ ഇതായിരുന്നില്ല സ്ഥിതി.

ലെയ്‌സാൻ ആൽബട്രോസ് (Photo: X/@USFWSPacific)
ലെയ്‌സാൻ ആൽബട്രോസ് (Photo: X/@USFWSPacific)

ആൽബട്രോസുകൾ പ്രശസ്തമായ കടൽപ്പക്ഷികളാണ്.ഒട്ടേറെ നോവലുകളിലും കവിതകളിലും സിനിമകളിലുമൊക്കെ ഇവയെപ്പറ്റി പരാമർശമുണ്ട്. ഈ ഗ്രൂപ്പിലെ ഉപവിഭാഗമായ ലെയ്‌സാൻ ആൽബട്രോസിൽ പെട്ടതാണ് വിസ്ഡം.വടക്കൻ ശാന്തസമുദ്ര മേഖലയിൽ കാണപ്പെടുന്ന ഇവ ആകാരത്തിൽ ചെറുതാണ്. വെളുത്ത നിറമുള്ള ശരീരവും ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള ചിറകുകളും ഇവയ്ക്കുണ്ട്. വർഷത്തിൽ സിംഹഭാഗവും കടലിൽ ചിലവഴിക്കുന്ന ഇവ പ്രജനന കാലത്താണ് മിഡ്‌വേ ആറ്റോളിലേക്ക് എത്തുന്നത്.വടക്കൻ ശാന്തസമുദ്രമേഖലയിൽ മാത്രം രണ്ടര ലക്ഷത്തോളം ഇത്തരം പക്ഷികളുണ്ടെന്നാണു കണക്ക്. 

നാൽപതു വർഷമാണ് ലെയ്‌സാൻ ആൽബട്രോസുകളുടെ ജീവിതകാലമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്ക്.എന്നാൽ വിസ്ഡം ഈ കണക്കുകളെല്ലാം ലംഘിച്ചു.

വിസ്ഡം ഏറെ അറിയപ്പെടുന്ന പക്ഷിയാണ്. നീണ്ട തന്റെ ജീവിതകാലത്ത്, മുപ്പതു ലക്ഷത്തിലധികം മൈലുകളോളം ഇവൾ പറന്നിട്ടുണ്ടെന്നാണു കണക്ക്. ഭൂമിയെ 120 തവണ ചുറ്റി വരുന്നതിനു തുല്യമാണ് ഇത്. 

മറ്റുള്ള പക്ഷികളിൽ നിന്ന് അൽപം വ്യത്യസ്തമായുള്ള പ്രജനന പ്രക്രിയയാണ് ലെയ്‌സാൻ ആൽബട്രോസുകൾക്ക്. ഇവ ഒരു പങ്കാളിയെ തിരഞ്ഞെടുക്കാൻ ഒരുപാടു കാലമെടുക്കും. ദ്വീപിൽ നടക്കുന്ന പക്ഷികളുടെ നൃത്തത്തിനൊടുവിലാണ് ഇവർ പങ്കാളിയെ തിരഞ്ഞെടുക്കുന്നത്.പിന്നീട് കുറേക്കാലം ഒരുമിച്ചു കഴിഞ്ഞശേഷമാണ് ഇവ പ്രജനനത്തിനൊരുങ്ങുക. ഈ ബന്ധം ഒരുപാടു കാലം നീണ്ടു നിൽക്കും. മൂന്നോ നാലോ വർഷം കഴിഞ്ഞശേഷമാകും പെൺ ആൽബട്രോസ് പക്ഷി ആദ്യമായി മുട്ടയിടുന്നത്. ഒരു വർഷം ഒന്ന് എന്ന കണക്കിലാണു മുട്ടയിടൽ. അതിനാൽ തന്നെ ആൽബട്രോസുകളുടെ പ്രജനന നിരക്ക് മറ്റു പക്ഷികളെ അപേക്ഷിച്ച് കുറവാണ്.അച്ഛനും അമ്മയും ഒരുമിച്ചാണു കുട്ടികളെ വളർത്തുന്നത്.

ലെയ്‌സാൻ ആൽബട്രോസുകളുടെ നിലവിലെ സ്ഥിതി അൽപം പരിതാപകരമാണ്. കാലാവസ്ഥയിൽ സംഭവിക്കുന്ന വലിയ വ്യതിയാനങ്ങൾ, സ്രാവുകൾ വേട്ടയാടുന്നത്, പ്ലാസ്റ്റിക് മലിനീകരണം തുടങ്ങിയവ ഇവയുടെ ജീവിതത്തെ ബാധിക്കുന്നു. മേഖലയിലേക്ക് കടന്നു വന്നിട്ടുള്ള ചിലയിനം എലികളും ഭീഷണിയാണ്.

English Summary:

Unveiling the Secrets of Cockey Bennett: The Centenarian Cockatoo's Remarkable Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com