സാന്റാക്ലോസിന്റെ വണ്ടി വലിക്കുന്ന മാനുകൾ; റെയിൻഡീറുകൾ ഉറക്കത്തിലും ഭക്ഷണം ചവയ്ക്കും
Mail This Article
സാന്റാ ക്ലോസിന്റെ തെന്നുവണ്ടി വലിക്കുന്ന മൃഗങ്ങൾ എന്ന നിലയ്ക്ക് റെയിൻഡീറുകൾ ലോകമെങ്ങും പ്രശസ്തരാണ്. ഇപ്പോഴിതാ റെയിൻഡീറുകളുടെ ഭക്ഷണരീതികളെക്കുറിച്ച് പുതിയ പഠനങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഭക്ഷണം സുലഭമായ വേനൽക്കാലത്ത് ദിവസം 24 മണിക്കൂറും ഭക്ഷണം കഴിക്കുന്ന രീതിയാണ് റെയിൻഡീറുകളുടേത്. അതിനു ശേഷം വരാനിരിക്കുന്ന ശൈത്യകാലത്ത് ഭക്ഷണം വളരെ ദുർലഭമായതിനാലാണ് ഇത്.
റെയിൻഡീറുകൾക്ക് ഉറങ്ങുമ്പോഴും ഭക്ഷണം ചവയ്ക്കാൻ കഴിയുമെന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. സ്വിറ്റ്‌സർലൻഡിലെ സൂറിച്ച് സർവകലാശാലയിലെ ശാസ്ത്രജ്ഞയായ മെലാനി ഫ്യൂററുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തൽ നടത്തിയിരിക്കുന്നത്. കൂട്ടിൽ പ്രത്യേക സാഹചര്യങ്ങളിൽ വളർത്തിയ റെയിൻഡീറുകളുടെ സ്വഭാവസവിശേഷതകൾ പഠിച്ചാണ് മെലാനിയും സംഘവും ഈ നിഗമനത്തിലെത്തിയത്.
റെയിൻഡീറുകൾ പരിസ്ഥിതി ദൗർബല്യം നിലനിൽക്കുന്ന ആർട്ടിക് മേഖലയിലാണ് താമസം. ലോകത്ത് മറ്റുള്ളയിടങ്ങളിലുണ്ടാക്കുന്നതിനെക്കാൾ നാലുമടങ്ങ് അധികം പരിസ്ഥിതി ആഘാതമാണ് ആർട്ടിക് മേഖലയിൽ ആഗോളതാപനം മൂലമുണ്ടാകുന്നത്. ഈ സ്ഥിതി വിശേഷം തടയാൻ റെയിൻഡീറുകൾ ഉപകാരികളാണെന്ന് അടുത്തിടെ നടന്ന പഠനങ്ങളിൽ വെളിപ്പെട്ടിരുന്നു.
ആർട്ടിക്കിലെ മഞ്ഞുനിലങ്ങളിൽ വലിയ ചെടികൾ വളർന്നുവന്നാൽ അത് ചൂടിനെ ട്രാപ് ചെയ്യുകയും ആർട്ടിക്കിലെ മഞ്ഞുരുക്കം വേഗത്തിലാക്കുകയും ചെയ്യും. പെർമഫ്രോസ്റ്റ് എന്നറിയപ്പെടുന്ന കാലാകാലങ്ങളായി ഉറച്ച ഹിമം ഉരുകുന്നത് ഇന്നു വലിയൊരു പ്രതിസന്ധിയാണ്. ഈ മഞ്ഞു വലിയ രീതിയിൽ ഉരുകിയാൽ പെർമഫ്രോസ്റ്റിനുള്ളിലുള്ള കാർബൺ അധിഷ്ഠിത ഹരിതഗൃഹ വാതകങ്ങൾ പുറത്തുവരും. ഇത് ആഗോളതാപനത്തിനു വലിയ രീതിയിൽ വഴിവയ്ക്കും. ഈ മഞ്ഞുകൾക്കിടയിൽ പ്രാചീനകാലഘട്ടത്തിൽ അകപ്പെട്ട മൃഗങ്ങളുടെ ശരീരങ്ങൾ നശിക്കാതെ കിടപ്പുണ്ട്. ഇവയിൽ അപകടകാരികളായ വൈറസുകളും മറ്റു സൂക്ഷ്മാണുക്കളുമൊക്കെ താൽക്കാലിക നിദ്രയിലുമാണ്. പെർമഫ്രോസ്റ്റ് ഉരുകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സാരം.
ഇങ്ങനെയുണ്ടാകാതെ ആർട്ടിക്കിനെ സംരക്ഷിക്കുന്നതിൽ റെയിൻഡീറുകൾ ചെറുതല്ലാത്ത ഒരു പങ്കു വഹിക്കുന്നുണ്ട്. ആർട്ടിക്കിൽ വളരുന്ന ചെടികളെയും മറ്റും തിന്നൊടുക്കിയാണ് റെയിൻഡീറുകൾ ഇതു സാധ്യമാക്കുന്നത്.
യൂറോപ്പിലും വടക്കേ അമേരിക്കയിലും മഞ്ഞുമേഖലകളിൽ റെയിൻഡീറുകളുണ്ട്. വടക്കേ അമേരിക്കയിൽ ഇവ കാരിബു എന്ന പേരിലാണ് അറിയപ്പെടുന്നത്. മാൻവർഗങ്ങളിൽ ഏറ്റവും നീളമുള്ള കൊമ്പുകളുള്ളത് റെയിൻഡീറുകൾക്കാണ്. ആൺ റെയിൻഡീറുകൾക്ക് 51 ഇഞ്ച് വരെയൊക്കെ കൊമ്പുകൾക്ക് നീളമുണ്ടാകും. ശത്രുക്കളിൽ നിന്നു സംരക്ഷണത്തിനും ഇണയെ ആകർഷിക്കാനുമൊക്കെയാണ് ഇവ കൊമ്പുകൾ ഉപയോഗിക്കുന്നത്.
15 മുതൽ 18 വരെ വർഷങ്ങൾ ജീവിക്കുന്ന റെയിൻഡീറുകൾ സാമൂഹിക ജീവികളാണ്. 10 മുതൽ നൂറുവരെ അംഗങ്ങളുള്ള പറ്റങ്ങളായാണ് ഇവ ജീവിക്കുന്നത്.