ADVERTISEMENT

മാ നിഷാദ, പ്രതിഷ്ഠാം ത്വ-

മഗമഃ ശാശ്വതീസമാഃ

യത്‌ ക്രൌഞ്ചമിഥുനാദേക-

മവധീഃ കാമമോഹിതം

(“ഹേയ് നിഷാദ’!ചിരകാലത്തേക്ക് നിനക്കു പ്രതിഷ്ഠയുണ്ടാവാതിരിക്കട്ടെ. ഈ ക്രൗഞ്ചമിഥുനത്തിൽ കാമമോഹിതമായ ഒന്നിനെ നീ വധിച്ചുവല്ലോ")

-ശ്രീമദ് വാല്മീകി രാമായണം 

ആദികവിയുടെ മാ നിഷാദയെന്ന വിലാപവും ശാപവുമൊന്നും മനുഷ്യകുലത്തിനൊരു പ്രശ്നമല്ല. തന്റെ ചുറ്റുമുള്ള ജീവജാതികൾക്ക് ഭീഷണിയാകുന്നതാണ് പലപ്പോഴും മനുഷ്യൻ്റെ പ്രവർത്തനങ്ങൾ എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. കഴിഞ്ഞ 1,26,000 വർഷത്തിനിടയിൽ ഒമ്പതിൽ ഒന്ന് നിരക്കിൽ പക്ഷി ജാതികൾക്ക് വംശനാശം സംഭവിച്ചിട്ടുണ്ട് എന്നാണ് കണക്ക്. അറിഞ്ഞോ അറിയാതെയോ ഈ വംശഹത്യയ്ക്കു പിന്നിൽ മനുഷ്യന്റെ പ്രവർത്തനങ്ങളാണ്. നേച്ചർ കമ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിനനുസരിച്ച് പക്ഷികളുടെ വംശനാശ നിരക്ക് മുൻപ് കണക്കുകൂട്ടിയതിന്റെ ഇരട്ടിയാണത്രേ! വംശനാശം സംഭവിച്ച പക്ഷികളിൽ പകുതിയും ഒരിക്കലും തിരിച്ചറിയപ്പെടുകപോലുമുണ്ടായിട്ടില്ലായെന്നും പ്രസ്തുത പഠനം പറയുന്നു.

വംശനാശ തരംഗങ്ങൾ മനുഷ്യനിർമിതം

വേട്ടയാടിയും തന്റെ ആവശ്യങ്ങൾക്കായി ഭൂപ്രദേശങ്ങളെ മാറ്റിയെടുത്തും, പരദേശികളായ ജീവജാതികളെ ആവാസ വ്യവസ്ഥകളിൽ കൊണ്ടുവന്നുമൊക്കെ പക്ഷികളിലും  മറ്റു മൃഗങ്ങളിലുമൊക്കെ നൂറ്റാണ്ടുകളായി വംശനാശ തരംഗങ്ങൾ സൃഷ്ടിക്കുകയാണ് മനുഷ്യൻ ചെയ്തു വന്നത്. ഭൂമിയിലെ ദ്വീപുകളാണ് ഏറ്റവും വലിയ ഇരകളായി മാറിയത്. പക്ഷികളിൽ രേഖപ്പെടുത്തപ്പെട്ട വംശനാശങ്ങളിൽ 90 ശതമാനവും ഒറ്റപ്പെട്ട ദ്വീപ് ആവാസവ്യവസ്ഥകളിലാണ് നടന്നിട്ടുള്ളത്. പക്ഷേ നേരിയ ശരീരഭാരവും പൊള്ളയായ എല്ലിൻ കൂടുമുള്ള പക്ഷികളുടെ ശരീരാവശിഷ്ടങ്ങൾ ഫോസിലുകളായി കാര്യമായി സൂക്ഷിക്കപ്പെട്ടിട്ടില്ല. അതിനാൽ പക്ഷികളിലെ വംശനാശത്തെക്കുറിച്ചുള്ള പഠനങ്ങൾ എഴുതപ്പെട്ടതോ നിരീക്ഷിക്കപ്പെട്ടതോ ആയ തെളിവുകളെയാണ് ആശ്രയിക്കുന്നത്. ഇത്തരം തെളിവുകൾക്ക് കേവലം 500 വർഷങ്ങൾ മാത്രമേ പഴക്കമുള്ളൂ എന്നതും ഓർക്കുക. അതിനാൽ അതിദീർഘകാലത്തെ  പക്ഷിജാതികളുടെ നഷ്ടത്തിന്റെ ചിത്രം നൽകാൻ ഈ രേഖകൾക്ക് സാധിക്കുകയില്ല.

ദ്വീപുകളിലെ പഠനങ്ങൾ

വാലിങ്ങ്ഫോഡിലെ യു.കെ സെന്റർ ഫോർ ഇക്കോളജി ആൻഡ് ഹൈഡ്രോളജിയിലെ റോബ് കുക്കും സംഘവും ചേർന്ന് പക്ഷികളുടെ വംശനാശത്തിന്റെ ഒരു മാതൃക സൃഷ്ടിച്ചു. രേഖപ്പെടുത്തപ്പെട്ടവ, ഫോസിലിൽ പതിഞ്ഞവ, രേഖപ്പെടുത്താതെ അറിയപ്പെടാതെ മൺമറഞ്ഞവ എന്നിവ ചേർത്തുവെച്ച് 1448 ദ്വീപുകളിൽ അവർ പഠനം നടത്തി.ദ്വീപിന്റെ വലുപ്പം, കാലാവസ്ഥ, ഭൗമശാസ്ത്രപരമായ ഒറ്റപ്പെടൽ എന്നീ ഘടകങ്ങൾ അറിയപ്പെടാത്ത വംശനാശത്തിന്റെ എണ്ണം പ്രവചിക്കാൻ ഉപയോഗിക്കുകയും ചെയ്തു.മേൽ പറഞ്ഞ മാതൃക പ്രകാരമുള്ള പഠനത്തിന്റെ ഫലം ഇപ്രകാരമായിരുന്നു. 1,26,000 മുതൽ 12,000 വർഷം മുൻപുള്ള (Late Pleistocene) വർഷങ്ങളിലാണ് ഏകദേശം 1300-1500 പക്ഷി ജാതികൾക്ക് വംശനാശം  സംഭവിച്ചത് (അതായത് മൊത്തം പക്ഷി ജാതികളുടെ 12 ശതമാനം). ഇതിൽ ബഹുഭൂരിപക്ഷത്തിന്റെയും കാരണം മനുഷ്യപ്രവൃത്തികൾ തന്നെ. ഇതിൽ 55 ശതമാനവും മനുഷ്യനാൽ തിരിച്ചറിയപ്പെടുക പോലും ചെയ്യാതെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞവയാണ്. പക്ഷികളുടെ ജൈവ വൈവിധ്യത്തിനു മേൽ മനുഷ്യനുള്ള സ്വാധീനം എത്രയോ വലുതാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.

പസഫിക്കിന്റെ നഷ്ടം

പക്ഷി ജാതികളിൽ ഉണ്ടായ വംശനാശത്തിൽ ഏകദേശം മൂന്നിൽ രണ്ടു ഭാഗവും ഉണ്ടായത് പസഫിക് പ്രദേശത്ത് ആയിരുന്നുവെന്നാണ് ഗവേഷകർ കണ്ടെത്തിയത്. Late Pleistocene  മുതൽ, 3 പ്രധാന വംശനാശ തരംഗങ്ങൾ ഉണ്ടായതായും അവയിൽ ഏറ്റവും തീവ്രമായത് കേവലം 700 വർഷങ്ങൾക്ക് മുൻപ് അതായത് മനുഷ്യർ ആദ്യമായി ഈസ്റ്റേൺ പസഫിക്കിലെ ദ്വീപുകളിൽ പ്രത്യേകിച്ച് ഹവായി, ന്യൂസിലണ്ട് ദ്വീപുകളിൽ   എത്തിയ സമയത്താണെന്ന്  അവർ കണ്ടെത്തി. ആ ദ്വീപുകളിൽ മനുഷ്യൻ എത്തിയില്ലായിരുന്നുവെങ്കിൽ സംഭവിക്കുമായിരുന്നതിന്റെ 80 ഇരട്ടി ആയിരുന്നു മനുഷ്യൻ വന്നപ്പോൾ പക്ഷികളുടെ വംശനാശം നിരക്ക് ഹൈബിൽഡ് കാക്കകളെ പോലെ ഹവായി ദ്വീപുകളിൽ സ്വാഭാവികമായി അധിവസിച്ചിരുന്ന നിരവധി ജീവജാതികളുടെ വംശനാശത്തിന് കാരണം  മനുഷ്യൻ പുതുതായി  കൊണ്ടുവന്ന എലികളും മറ്റു വളർത്തുന്ന മൃഗങ്ങളുമായിരിക്കാം എന്ന് കുക്ക് പറയുന്നു. ഇനിയും ഈ ഭൂമുഖത്ത് അവശേഷിക്കുന്ന പക്ഷി ജാതികളെ നിരീക്ഷിക്കുന്നതിനും പരിരക്ഷിക്കുന്നതിനും സഹായിക്കുന്ന പ്രധാനപ്പെട്ട ഫലങ്ങളാണ് ഈ പഠനത്തിൽ നിന്ന് ലഭിച്ചതെന്നും കുക്ക് പറയുന്നു. നിലവിലുള്ള പക്ഷി ജാതികൾ ഭൂമിയിൽ തുടരണമോ വേണ്ടയോ എന്ന ചോദ്യത്തിന് ഉത്തരം  നൽകാൻ മുഖ്യമായും  മനുഷ്യനു മാത്രമേ സാധിക്കുകയുള്ളൂ എന്ന് കുക്ക് കൂട്ടിച്ചേർക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com