ADVERTISEMENT

2011ൽ പസഫിക് സമുദ്രത്തിലുണ്ടായ ഭൂകമ്പത്തെത്തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ ഭാഗത്ത് ആഞ്ഞടിച്ച സൂനാമി ലോകജനതയെ ഞെട്ടിച്ച വൻദുരന്തമായി മാറുകയായിരുന്നു. 2100 കി.മീ. ദൈർഘ്യമുള്ള തീരത്തെ ഗ്രാമങ്ങളെയും നഗരങ്ങളെയും വൻതിരകൾ നക്കിത്തുടച്ചു. കുറഞ്ഞതു 19,000 ജീവൻ അപഹരിക്കപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്. പിന്നീട് നിരവധി ഭൂകമ്പങ്ങൾക്ക് ജപ്പാൻ സാക്ഷ്യം വഹിച്ചു. ഇപ്പോഴിതാ, ജപ്പാനിൽ 7.6 തീവ്രതയിൽ വീണ്ടും ഭൂചലനം ഉണ്ടായിരിക്കുന്നു. വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

പ്രകമ്പനത്തിൽ മെട്രോ സ്റ്റേഷനിലെ ബോർഡുകൾ തകർന്നു. സൂപ്പർ മാർക്കറ്റിലെ വസ്തുക്കളെല്ലാം നിലത്തുവീണു നശിച്ചു, ഭയന്നുവിറച്ച് റസ്റ്ററന്റിലെ ടേബിളിനു താഴെ ഒളിക്കുന്ന ആളുകളുടെ ദൃശ്യങ്ങളെല്ലാം എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിക്കുന്നുണ്ട്.

ഭൂകമ്പത്തിനു പിന്നാലെ സൂനാമി സാധ്യത മുന്നിൽകണ്ട് ജനങ്ങളെ ഉയർന്ന പ്രദേശത്തേക്ക് മാറാന്‍ സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇഷികാവ, നിഗട്ട, തൊയാമോ എന്നീ തീരദേശ മേഖലയിൽ ജപ്പാൻ കാലാവസ്ഥാ ഏജൻസി സൂനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അതേസമയം, റഷ്യയിലെ വ്‌ലാഡിവോസ്തോക്, നഗോഡ്ക എന്നീ കിഴക്കൻ സിറ്റികളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഭൂകമ്പ പ്രഭവ കേന്ദ്രത്തിൽനിന്ന് 300 കിലോമീറ്റര്‍ വരെ സൂനാമിത്തിരൾ അടിക്കാൻ സാധ്യതയുണ്ടെന്നാണ് പസഫിക് ആസ്ഥാനമായ സൂനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

സംഹാരത്തിര

2004ൽ ഉണ്ടായ സൂനാമിയിൽ ഫുകുഷിമ ആണവനിലയം തകർന്ന് ആണവ ചോർച്ചയുണ്ടായി. നിലയത്തിന്റെ ഇരുപതു കിലോമീറ്റർ ചുറ്റളവിൽ നിന്നു ജനങ്ങളെ ഒഴിപ്പിച്ചു. ആണവദുരന്തത്തിന്റെ കെടുതികൾ ഇന്നും തീർത്തും പരിഹരിക്കപ്പെട്ടിട്ടില്ല. ലോകമെങ്ങും ആണവനിലയങ്ങൾക്കെതിരായ ജനകീയ പ്രക്ഷോഭങ്ങൾക്കും ഫുകുഷിമ ദുരന്തം ആക്കം കൂട്ടുകയായിരുന്നു. 

സൂനാമിക്ക് കാരണമായ ഭൂചലനം സൃഷ്‌ടിക്കപ്പെട്ടത് വടക്കേ സുമാത്രയുടെ പടിഞ്ഞാറൻ തീരത്തെ കടൽത്തട്ടിൽ ഇന്ത്യൻ ശിലാഫലകവും ബർമാ ശിലാഫലകവും പതിറ്റാണ്ടായി കൂട്ടിമുട്ടിക്കൊണ്ടിരുന്ന പ്രദേശത്താണ്. കരപ്രദേശംകൂടി ഉൾക്കൊള്ളുന്ന ബർമാശിലാഫലകവും കടൽത്തട്ടുമാത്രമുള്ള ഇന്ത്യൻ ശിലാഫലകവുമാണ് കൂട്ടിമുട്ടിയത്. ബർമാശിലാഫലകത്തിന് ഇന്ത്യൻശിലാഫലകത്തെക്കാൾ സാന്ദ്രത കൂടുതൽ ഉള്ളതിനാലാണ് കൂട്ടിയിടിച്ചപ്പോൾ ഇന്ത്യൻ ശിലാഫലകം ബർമാ ശിലാഫലകത്തിന്റെ അടിയിലേക്ക് ഇടിച്ചിറങ്ങിയതും വലുപ്പംകുറഞ്ഞ ബർമാഫലകം 15 മീറ്ററോളം ഉയർന്നു പൊങ്ങിയതും. പ്രഭവകേന്ദ്രം കടലിന്റെ അടിത്തട്ടിന് വെറും 10 കി.മീറ്ററിന് അടുത്തായതും അപകടതീവ്രത വർധിപ്പിച്ചു.

മുന്നറിയിപ്പ് 

രാജ്യാന്തരതലത്തിൽ സൂനാമി മുന്നറിയിപ്പ് സംവിധാനം നിലവിൽവന്നത് 1965കളിലാണ്. ‘പസഫിക് സൂനാമി വാണിങ് സിസ്‌റ്റം’ എന്ന പേരിൽ അറിയപ്പെടുന്ന ഈ മുന്നറിയിപ്പ് സംവിധാനത്തിൽ അമേരിക്ക, കാനഡ, ഫ്രാൻസ്, ഓസ്‌ട്രേലിയ, ചിലി, റഷ്യ, ജപ്പാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ പങ്കാളികളാണ്. ഭൂചലനം അളക്കുന്ന സെൻസറുകളും തിരമാലകളുടെ ശക്‌തി അളക്കുന്ന ഉപകരണങ്ങളും സമുദ്രാന്തർഭാഗത്തു സ്‌ഥാപിക്കുന്ന ‘സെൻസർ ബോയേ’കളുമാണ് ആധുനിക സൂനാമി മുന്നറിയിപ്പ് സംവിധാനത്തിന്റെ സുപ്രധാനഘടകങ്ങൾ. ഈ സെൻസറുകളിൽനിന്നുള്ള വിവരങ്ങൾ രാജ്യാന്തര മോനിട്ടറിങ് സംവിധാനത്തിലൂടെ വിശകലനം ചെയ്‌തതാണ് മുന്നറിയിപ്പു നൽകുന്നത്.

ഇന്ത്യയിൽ ഹൈദരാബാദ് ആസ്‌ഥാനമായുള്ള ണ്ടമ്മങ്കമ്പണ്ട (ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷൻ ഇൻഫർമേഷൻ സർവീസസ്) എന്ന സ്‌ഥാപനത്തിൽ സൂനാമി മുന്നറിയിപ്പിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമുണ്ട്.

തീരത്തെത്തുമ്പോൾ ശക്‌തിമാൻ!  സൂനാമി മനുഷ്യൻ അറിയുന്നതിനുമുൻപേ ആന അറിയും. എന്താണു കാരണം?

ജപ്പാനിലെ മൽസ്യത്തൊഴിലാളികളിൽനിന്നാണ് ‘സൂനാമി’ എന്ന പേര് കിട്ടിയത്. ‘തുറമുഖം’ എന്നർഥം വരുന്ന ‘സൂ’ ‘തരംഗം’ എന്നർഥമുള്ള ‘നാമി’ എന്നീ വാക്കുകൾ ചേർത്താണ് അവർ അതു നിർമിച്ചത്. ഇംഗ്ലീഷുകാർ അതിനെ ‘വേലിയേറ്റത്തിര’ എന്നാണ് വിളിച്ചിരുന്നത്. എന്നാൽ വേലിയേറ്റവുമായി ഇതിനു ബന്ധമില്ലാത്തതിനാൽ ഈ പ്രയോഗം ഇപ്പോൾ പതിവില്ല. 

കടലിന്റെ അടിത്തട്ട് മുകളിലേക്കു തള്ളി ഉയരുന്നതാണ് സൂനാമിക്ക് കാരണമാകുന്നത്. നമ്മൾ ഒരു മേശവിരിപ്പ് കുടഞ്ഞുവിരിക്കുന്നതിനു സമാനമായ പ്രവർത്തനം. അങ്ങനെ ചെയ്‌താൽ, മേശവിരിക്കുമുകളിലുള്ള വസ്‌തുക്കളെല്ലാം എടുത്തറിയപ്പെടുമല്ലോ. അതുതന്നെയാണ് ഉയർന്നുമറിയുന്ന കടൽത്തട്ടിനു മുകളിലെ ജലത്തിനും സംഭവിക്കുന്നത്. പതിനായിരക്കണക്കിനു ക്യുബിക് കിലോമീറ്റർ വ്യാപ്‌തത്തിലുള്ള ജലം അത്തരത്തിൽ സ്‌ഥാനാന്തരണം ചെയ്യപ്പെടാം. ഇതു തീരത്തെ ലക്ഷ്യമാക്കി നീങ്ങും;  ഒരു തരംഗം പോലെ. നൂറുകണക്കിനു കിലോമീറ്ററായിരിക്കും ഈ ജലതരംഗത്തിന്റെ തരംഗദൈർഘ്യം. എന്നാൽ, ആഴക്കടലിൽ ഇതിന്റെ തരംഗ ഉന്നതി അഥവാ ആയതി ചിലപ്പോൾ ഏതാനും സെന്റിമീറ്ററുകൾ മാത്രമായിരിക്കും. ഇക്കാരണത്താൽ, തീരത്തുനിന്നു വളരെ ദൂരെ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകൾ പോലും ഇതിന്റെ കടന്നുപോക്ക് അറിഞ്ഞില്ലെന്നുവരാം.

എന്നാൽ തീരത്തോടടുക്കുമ്പോൾ സ്‌ഥിതി മാറും. ആഴം കുറയുമ്പോൾ ഈ ജലതരംഗത്തിന്റെ ഉന്നതി വർധിച്ചുതുടങ്ങും. തീരത്തുനിന്നു ക്രമമായി ആഴംകൂടി വരുന്ന കടൽത്തീരത്തെക്കാൾ, ആഴം കുത്തനെ കൂടുന്ന കടൽത്തീരത്താണ് അപകടമേറെ. കിലോമീറ്ററുകളുടെ വിസ്‌തൃതിയും വ്യാപ്‌തിയുമുള്ള ജലപ്രവാഹത്തെ, അതിന്റെ ഭയാനക വേഗത്തെ (മണിക്കൂറിൽ 800 കിലോമീറ്ററിലധികം) തടഞ്ഞുനിർത്തുന്നതുപോലെയാണ് ഇത്തരമൊരു തീരം പെരുമാറുന്നത്. അതിനാൽ അത് ഇരച്ചുപൊന്തും. ഇത് അരക്കിലോമീറ്റർ വരെയാകാം (1958 ജൂലൈ ഒൻപതിന് അലാസ്‌കയിലെ ലിറ്റ്യൂയ ഉൾക്കടലിലുണ്ടായ സൂനാമിത്തിരകളുടെ പൊക്കം 524 മീറ്ററായിരുന്നു! സർവകാല റെക്കോർഡാണിത്.) 

തരംഗത്തിന്റെ ഉന്നതാവസ്‌ഥ യെക്കുറിച്ചാണ് ഇവിടെപറഞ്ഞത്. ആദ്യം തീരത്തെത്തുന്നത് തരംഗത്തിന്റെ നിമ്‌നാവസ്‌ഥയെങ്കിൽ കടൽ ഉൾവലിയുന്നതായിട്ടാകും തോന്നുക. ‘ഡ്രാ ബാക്ക്’ എന്നാണ് ഇതറിയപ്പെടുന്നത്. എന്നാൽ 30 - 120 മിനിട്ടിനകം തരംഗത്തിന്റെ ഉന്നതമായ ഭാഗം തീരം തകർത്ത് നാശം വിതയ്‌ക്കും. ‘ഡ്രാ ബാക്കി’ന്റെ സമയത്ത് വായു വലിച്ചെടുക്കുന്നതുപോലെ ഒരു ശബ്‌ദം കേൾക്കും. ഇതിന്റെ ആവൃത്തി പക്ഷേ, നമ്മുടെ ശ്രവണപരിധിക്ക് (20 HZ - 20,000HZ) പുറത്തായതിനാൽ നമ്മൾ കേട്ടെന്നു വരില്ല.   2004 ലെ സൂനാമിക്കുമുൻപ് ആനകൾ അപകടം തിരിച്ചറിഞ്ഞ് ഉയർന്ന മേഖലകളിലേക്ക് പിന്മാറിയത് ഇതു കാരണമെന്നു കരുതപ്പെടുന്നു.

തീവ്രത അളക്കാം

സൂനാമിത്തിരകളുടെ പൊക്കം കണക്കാക്കിയാണ് തീവ്രത അളക്കുന്നത്. ‘റൺഅപ് ഹൈറ്റ്’എന്നാണ് ഇതറിയപ്പെടുന്നത്. ‘ഇമാമുറ-ഐഡാ സുനാമി മാഗ്നിറ്റ്യൂഡ് സ്‌കെയിൽ’ ആണ് ആദ്യകാലത്ത് ഇതിനായി ഉപയോഗിച്ചത്. പിൽക്കാലത്ത്, സൊളോവീവ് എന്ന ശാസ്‌ത്രജ്‌ഞൻ, തീരത്തിന്റെ നീളംകൂടി കണക്കിലെടുത്ത് ഇത് പരിഷ്‌കരിച്ചു.

 ‘സൊളോവീവ്-ഇമാമുറ സൂനാമി ഇന്റൻസിറ്റി സ്‌കെയിൽ’ ആണ് ഇപ്പോൾ  ഉപയോഗിക്കുന്നത്. ഇതിനെ ഭൂകമ്പത്തിന്റെ തീവ്രത അളക്കുന്ന ‘റിക്‌ടർ സ്‌കെയിലു’മായി ബന്ധിപ്പിച്ച് പുതിയ സൂത്രവാക്യം നിർമിക്കാനും ശാസ്‌ത്രജ്‌ഞർക്കു കഴിഞ്ഞിട്ടുണ്ട്.  ഇതനുസരിച്ച്, റിക്‌ടർ സ്‌കെയിലിൽ എട്ടിനു മുകളിലേക്കു രേഖപ്പെടുത്തുന്ന ഭൂമികുലുക്കമാണ് ഏറ്റവും നാശകാരിയായ സൂനാമിക്ക് കാരണമാവുന്നത്.

എന്തുകൊണ്ട് സൂനാമി ?

കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന ഭൂകമ്പമാണ് സൂനാമിക്ക് കാരണമായി പറയപ്പെടുന്നത്. ഭൂവൽക്കപാളികളുടെ ചലനം അതിനു മുകളിലുള്ള ജലവിതാനത്തിനു പകരുന്ന ഗതികോർജ മാണ് തീരത്തെ അതിന്റെ ആക്രമണത്തിന് കാരണമാകുന്നത്. ഭൂകമ്പമാണ് സാധാരണ ഇതിനിടയാക്കുന്നത്. എന്നാൽ, സമുദ്രാന്തർഭാഗത്തെ എല്ലാ ഭൂകമ്പങ്ങളും സൂനാമിക്ക് കാരണമാവണമെന്നില്ല. 

1861 മുതൽ 1948 വരെ തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് 1098 സമുദ്ര ഭൂകമ്പമുണ്ടായി. ഇതിൽ 19 എണ്ണം മാത്രമേ സൂനാമിക്കു കാരണമായുള്ളൂ. അതിനാൽ ഭൂകമ്പത്തിനനുബന്ധമായി കടലിന്റെ അടിത്തട്ടിലെ ‘കീഴ്‌ക്കാംതൂക്കായ’ ഭാഗങ്ങൾ ഇടിഞ്ഞുതകരുമ്പോഴാണ് സൂനാമിയുണ്ടാവുന്നതെന്ന് കരുതുന്നു.  കരയിലെ മണ്ണിടിച്ചിൽ പോലെയാണിതും. ഇതിലൂടെ വെള്ളം നിറഞ്ഞുനിന്ന ചില മേഖലകൾ  നികന്നുപോകാം. അപ്പോൾ അവിടെയുള്ള വെള്ളത്തിന് സ്‌ഥാനാന്തരണം ചെയ്യേണ്ടതായി വരുന്നു. ഫലം സൂനാമിയും. 20,000 ക്യുബിക് കിലോമീറ്റർ ജലം വരെ ഇത്തരത്തിൽ സ്‌ഥാനാന്തരണം ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. അഗ്നിപർവത സ്‌ഫോടനവും ഇതിനിടയാക്കാം (പാറയും ലാവയും കടലിൽ പതിക്കുന്നതിലൂടെ). 1883 ലെ ക്രാകട്ടോവ അഗ്നിപർവത സ്‌ഫോടനം ഇതിനുദാഹരണമാണ്.

8 വലിയ സൂനാമികൾ

ഇന്തോനീഷ്യ മുതൽ ജപ്പാൻ വരെയുള്ള സമുദ്രമേഖലയും റഷ്യൻതീരവുമാണ് ഏറ്റവുമധികം സൂനാമി സാധ്യതയുള്ള സ്‌ഥലങ്ങൾ. ഏറ്റവുമധികം സൂനാമി ഏറ്റുവാങ്ങിയിട്ടുള്ളത് ഹവായ് ദ്വീപുകളാണ്. ഏറ്റവുമധികം സൂനാമി ഭീഷണിയുള്ള രാജ്യം ജപ്പാനാണെങ്കിലും സൂനാമിയിൽ കൂടുതൽ തകർച്ചയുണ്ടായ രാജ്യങ്ങൾ പെറുവും ചിലിയുമാണ്. ലോകത്ത് സൂനാമി ഭീഷണിയില്ല എന്നു കരുതാവുന്ന മേഖല അറ്റ്‌ലാന്റിക് സമുദ്രതീരമാണ്. എന്നാൽ, 1755ലെ ലിസ്‌ബൻ ഭൂമികുലുക്കം ഇവിടെ സൂനാമിത്തിരമാല സൃഷ്‌ടിച്ചിരുന്നു. ചരിത്രത്തിൽ നശീകരണശേഷികൊണ്ട് ശ്രദ്ധേയമായ എട്ടു സൂനാമികളെക്കുറിച്ചു  വായിക്കൂ.

2004 - ഇന്ത്യൻ മഹാസമുദ്രം

സമീപകാലത്തെ ഏറ്റവും നാശകാരിയായ സൂനാമി. റിക്‌ടർ സ്‌കെയിലിൽ  9 രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു കാരണം. സുമാത്ര ദ്വീപിലായിരുന്നു തുടക്കം. തിരമാലയുടെ ഉയരം 15 മീറ്റർ. 12 രാജ്യങ്ങളിലായി 1,50,000 ആളുകൾ മരിച്ചു. ഇന്തോനീഷ്യയിലായിരുന്നു കെടുതി ഏറെ. ഇന്ത്യ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവിടങ്ങളിലും വൻനാശം.

1998 - പാപ്പുവ ന്യൂ ഗിനിയ

സമുദ്രാന്തർഭാഗത്തെ മണ്ണിടിച്ചിൽ മൂലമുണ്ടാകുന്ന സൂനാമിക്ക് ഉദാഹരണം. ഭൂകമ്പത്തിനു പക്ഷേ, ശക്‌തി കുറവായിരുന്നു. റിക്‌ടർ സ്‌കെയിലിൽ 7.1 രേഖപ്പെടുത്തി. 1998 ജൂലൈ 17നായിരുന്നു ദുരന്തം. 2,200 ആളുകൾ മരിച്ചു.

 1976 - ഫിലിപ്പീൻസ്

ഭൂകമ്പത്തിന് അനുബന്ധമായുണ്ടായ സൂനാമി കാരണം ഇരട്ടിയായ ദുരന്തമായിരുന്നു ഇവിടെ. ഫിലിപ്പീൻസിലെ മോറോ ഉൾക്കടലിലെ ഭൂകമ്പമായിരുന്നു സൂനാമിക്കിടയാക്കിയത്. 5000 പേർ മരിച്ചു. ആയിരത്തോളം പേരെ കാണാതായി.

1964 - വടക്കേ അമേരിക്ക

‘ഗുഡ്‌ഫ്രൈഡേ സൂനാമി’ എന്നറിയപ്പെടുന്ന ഇത് അലാസ്‌കയുടെ ചരിത്രത്തിലെ ഏറ്റവും വലുതായിരുന്നു. റിക്‌ടർ സ്‌കെയിലിൽ 9.2 രേഖപ്പെടുത്തിയ ഇതിന്റെ തിരമാലകൾ കലിഫോർണിയവരെ എത്തി. 

1960- ചിലി

പ്രാദേശികമായ ഭൂമികുലുക്കത്തിൽ വിദൂരസ്‌ഥലങ്ങളിൽപ്പോലും സുനാമി സൃഷ്‌ടിക്കാൻ കഴിയുമെന്ന് തെളിയിച്ച സംഭവം. 1960 മേയ് 22ന് തെക്കൻ ചിലിയിലായിരുന്നു ഭൂകമ്പം. റിക്‌ടർ സ്‌കെയിലിൽ 9.5. പതിനഞ്ചു മണിക്കൂറിനുശേഷം ഇത് ഹവായിയിൽ സൂനാമി സൃഷ്‌ടിച്ചു.  ന്യൂസീലാൻഡ് വരെ നാശമെത്തി. ചിലിയിൽ മാത്രം 2,000 പേർ മരിച്ചു.

1896- ജപ്പാൻ

25 മീറ്റർ ഉയർന്നുപൊങ്ങിയ സൂനാമിയിൽ 26,000 പേർ മരിച്ചു. ഭൂമികുലുക്കത്തിന് 35 മിനിട്ടിനുശേഷമായിരുന്നു സൂനാമി. താരതമ്യേന ചെറുതായിരുന്നു ഭൂമികുലുക്കം; റിക്‌ടർ സ്‌കെയിലിൽ 7.2. എന്നാൽ, സുനാമിത്തിരകൾ കലിഫോർണിയയിൽപോലും ഒൻപത് അടി വരെ ഉയർന്നു.

1883- ഇന്തൊനീഷ്യ

ക്രാകട്ടോവ അഗ്നിപർവതം പൊട്ടിത്തെറിച്ചതിലൂടെയായിരുന്നു സൂനാമി. അഗ്നിപർവതസ്‌ഫോടനം ഭൂമിക്കുള്ളിലെ ലാവാശേഖരം താൽക്കാലികമായി ശൂന്യമാക്കിയതിനാൽ ദ്വീപ് ഇടിഞ്ഞുതാഴുകയായിരുന്നു. 36,000 പേർ മരിച്ചു.

1755- പോർചുഗൽ

സൂനാമിയെ യൂറോപ്പിന് പരിചയപ്പെടുത്തിയ സംഭവം. പോർചുഗലിന്റെ തലസ്‌ഥാനമായ ലിസ്‌ബനിലെ ഭൂകമ്പത്തോടെയായിരുന്നു തുടക്കം. മൂന്നുതവണ  വീശിയടിച്ചു എന്നതായിരുന്നു സവിശേഷത. ഒരു ലക്ഷത്തിലധികം ആളുകൾ മരിച്ചു. സുനാമിയെക്കുറിച്ചുള്ള അജ്‌ഞതയായിരുന്നു മരണസംഖ്യ ഉയരാൻ കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com