ഭൂമിയെ രക്ഷിക്കാൻ പ്രകൃതി തന്നെ ശരണം; പക്ഷേ വേണം പണമേറെ
Mail This Article
പ്രകൃതിയിൽ അധിഷ്ഠിതമായ പരിഹാരങ്ങൾ (nature - based solutions - Nbട) എന്ന ആശയമാണ് ഭൂമിയിലെ ജീവിതം നേരിടുന്ന സാമൂഹികവും പാരിസ്ഥിതികവുമായ വെല്ലുവിളികൾ നേരിടാൻ മുന്നോട്ടു വയ്ക്കപ്പെടുന്ന പുതിയ മാർഗം. എന്നാൽ ഇതിനായി ഇനിയുമേറെ പണം മൂലധനമായി ലോകരാജ്യങ്ങൾ മുടക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പുതിയ റിപ്പോർട്ട് ഓർമിപ്പിക്കുന്നു.
പ്രകൃതിയെ സുസ്ഥിരമായി കൈകാര്യം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ സാമൂഹിക, പാരിസ്ഥിതിക വെല്ലുവിളികളെ നിയന്ത്രണത്തിലാക്കുന്ന തന്ത്രമാണ് എൻബിഎസ് എന്നറിയപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനം, ജലസുരക്ഷ, ജലമലിനീകരണം, ഭക്ഷ്യഭദ്രത, മനുഷ്യന്റെ ആരോഗ്യം, ജൈവവൈവിധ്യ നഷ്ടം, ദുരന്തനിവാരണം എന്നിവയാണ് പ്രധാനപ്പെട്ട സാമൂഹിക, പാരിസ്ഥിതിക വെല്ലുവിളികളിൽ പെടുന്നത്. പ്രകൃതിയിൽ അധിഷ്ഠിതമായ പരിഹാര മാർഗങ്ങൾക്കായി പ്രതിവർഷം ആഗോളതലത്തിൽ മുടക്കപ്പെടുന്ന മൂലധനം 2030 ഓടെ ഇപ്പോൾ ഉള്ളതിന്റെ മൂന്നിരട്ടിയും 2050 ൽ നാലിരട്ടിയും ആകണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ സ്റ്റേറ്റ് ഓഫ് ഫിനാൻസ് ഫോർ നേച്ചർ (State of Finance for Nature) റിപ്പോർട്ട് പറയുന്നു. യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാം, ദ് വേൾഡ് ഇക്കണോമിക് ഫോറം, ദ് ഇക്കണോമിക്സ് ഓഫ് ലാൻഡ് ഡീഗ്രേഡേഷൻ എന്നീ സംഘടനകൾ ചേർന്നാണ് ഇതു തയാറാക്കിയത്.
2020 അടിസ്ഥാന വർഷമായി കണക്കാക്കിയതനുസരിച്ച് 133 ബില്യൻ ഡോളറാണ് പ്രകൃതിഅധിഷ്ഠിത മാർഗങ്ങൾക്കായി പ്രതിവർഷം ഒഴുകുന്നത്. ഈ മൂലധനത്തിൽ 86 ശതമാനം പൊതുമേഖലയിൽനിന്നും 14 ശതമാനം സ്വകാര്യമേഖലയിൽ നിന്നുമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിൽ എൻബിഎസിലേക്കുള്ള മൂലധനത്തുക ആഗോള മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ഗ്ലോബൽ ജിഡിപി) 0.10 ശതമാനം മാത്രമാകുന്നു. വിവിധ സർക്കാരുകൾ, വികസന സാമ്പത്തിക സ്ഥാപനങ്ങൾ, പാരിസ്ഥിതിക, കാലാവസ്ഥാ ഫണ്ടുകൾ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ ചെലവഴിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും ഭൂപ്രകൃതിയേയും ജൈവ വൈവിധ്യത്തേയും സംരക്ഷിക്കാനും സോഷ്യൽ ഫോറസ്ട്രി പോലുള്ള പ്രവർത്തനങ്ങൾക്കുമാണ് ചെലവാക്കപ്പെടുന്നത്.
36 ബില്യൻ ഡോളർ മുടക്കുന്ന അമേരിക്കയും 31 ബില്യൻ ചെലവഴിച്ച ചൈനയുമാണ് എൻബിഎസ് ഫണ്ടിങ്ങിൽ മുൻപിൽ. ജപ്പാൻ, ജർമനി, ആസ്ടേലിയ എന്നിവരും മുൻനിരയിലുണ്ട്. ബ്രസീൽ, ഇന്ത്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും പണം ചെലവഴിക്കുന്നുണ്ടെങ്കിലും അതു സംബന്ധമായ വിവരങ്ങൾ താരതമ്യപഠനത്തിനായി ലഭ്യമല്ലെന്നാണ് റിപ്പോർട്ടിലുള്ളത്. കാലാവസ്ഥാ ധനസഹായവുമായി താരതമ്യപ്പെടുത്തുമ്പോൾ എൻബിഎസ് ഫണ്ട് തീരെ കുറവാണെന്നും റിപ്പോർട്ടിലുണ്ട്.
പൊതു, സ്വകാര്യ മേഖലകളിൽനിന്നും എൻബിഎസിനായുള്ള പ്രതിവർഷ മൂലധന നിക്ഷേപം നാലിരട്ടിയെങ്കിലും ആയാൽ മാത്രമേ കാലാവസ്ഥ, ജൈവ വൈവിധ്യം, ഭൂമിയുടെ മൂല്യശോഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവിയിലേക്കുള്ള ലക്ഷ്യങ്ങൾ നേടാൻ കഴിയുകയുള്ളൂ. 2050 ആകുമ്പോൾ പ്രതിവർഷ മൂലധനനിക്ഷേപം 536 ബില്യൻ ഡോളറെങ്കിലും ആകണം. വനാധിഷ്ഠിത മാർഗങ്ങൾക്കു മാത്രം പ്രതിവർഷം 203 ബില്യൻ ഡോളർ വേണ്ടി വരുമെന്നാണ് റിപ്പോർട്ട് കണക്കുകൂട്ടുന്നത്. നികുതി ഘടനയുടെ പുനഃസംഘടന, കാർഷിക നയങ്ങളിലെ മാറ്റം, വാണിജ്യതീരുവകൾ, കാർബൺ വിപണിയുടെ സാധ്യത തുടങ്ങിയവ ധനസമാഹരണത്തിനായി ഉപയോഗപ്പെടുത്താനും വിവരശേഖരണവും റിപ്പോർട്ടിങ്ങും ഊർജസ്വലമാക്കാനും റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നു.