ADVERTISEMENT

മനുഷ്യ സംസ്കാരത്തിന്റെ വളർച്ചയും വികാസമെല്ലാം ജലാർദ്ര പ്രദേശങ്ങളെ അടിസ്ഥാനമാക്കിയാണ് രൂപപ്പെട്ടത്. തണ്ണീർ തടങ്ങളും മാനവക്ഷേമവുമെന്നതാണ് ഈ വർഷത്തെ ലോക തണ്ണീർത്തട ദിനാചരണ വിഷയം. 1971 ഫെബ്രുവരി രണ്ടിന് കാസ്കിൻ കടൽത്തീരത്തെ ഇറാനിലെ റാംസർ സിറ്റിയിൽ നടന്ന രാജ്യാന്തരസമ്മേളനത്തിന്റെ ആഹ്വാനം അനുസരിച്ചാണ് ദിനാചരണം ആരംഭിച്ചത്. കടൽ, കായൽ, നദികൾ എന്നിവ പോലെ തന്നെ സ്ഥിരമായി വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങൾ ഉണ്ട്. ഉൾനാടൻ പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മനുഷ്യനിർമ്മിത രൂപത്തിലും തണ്ണീർതടങ്ങൾ കാണപ്പെടുന്നു. സ്വാഭാവിക തണ്ണീർതടങ്ങളെ ഭൂമിയുടെ വൃക്കയായും കണക്കാക്കപ്പെടുന്നു. കരഭാഗങ്ങളിൽ രൂപപ്പെടുന്ന മാലിന്യങ്ങളെ ശുദ്ധീകരിക്കുന്നതിൽ തണ്ണീർത്തടങ്ങൾക്ക് വലിയ പങ്കാണുള്ളത്. 

തടാകങ്ങൾ, നദികൾ, അരുവികൾ, അഴിമുഖങ്ങൾ, ഡെൽറ്റകൾ, കണ്ടൽക്കാടുകൾ, പവിഴപ്പുറ്റുകൾ എന്നിവയോടൊപ്പം വയലുകളെയും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നു. പത്ത് സെന്റ് വയൽ 1,60,000 ലീറ്റർ മഴവെള്ളത്തെ ഉൾക്കൊള്ളും. ജല ശുചീകരണം, വെള്ളപ്പൊക്ക നിയന്ത്രണം, തീര സംരക്ഷണം, ജലലഭ്യത ഉറപ്പാക്കൽ തുടങ്ങി നിരവധി കാര്യങ്ങളാണ് തണ്ണീർതടങ്ങൾ ചെയ്യുന്നത്. 1997 ലെ ഒരു പഠനം അനുസരിച്ച് ഒരു വർഷം ഒരു ഹെക്ടർ തണ്ണീർതടം 60, 80, 110 രൂപയുടെ സേവനമാണ് നൽകുന്നത്. 2007 ലെ കണക്കനുസരിച്ച് 157.97 കോടി രൂപയുടെ സേവനമാണ് വർഷംതോറും കേരളത്തിൽ ഉണ്ടാകുന്നത്. വയലുകളുടെ കൂടി ചേർത്താൽ 231.15 കോടി രൂപയും വരും. മത്സ്യസമ്പത്തിന്റെ നല്ലൊരു ഭാഗവും ഇത്തരം പ്രദേശങ്ങളാണ് നൽകുന്നത്.

തീരദേശത്തിന്റെ ഉപ്പുവെള്ളത്തിന്റെ കരയിലേക്കുള്ള തള്ളിക്കയറ്റം കുറക്കുന്നത് തണ്ണീർത്തടങ്ങൾ കൂടിയാണ്. മഴവെള്ളത്തെ ധാരാളമായി സംഭരിച്ച് ഭൂജലമാക്കി മാറ്റുന്ന ഭൗമഘടനയാണ് ഇവയ്ക്കുള്ളത്. ജലത്തിൽ അലിയുന്ന എല്ലാ ഖര ദ്രവ മാലിന്യങ്ങളെയും അരിച്ചും അഴുകിയതാക്കിയും ശുദ്ധീകരണം നടത്തുന്നത് പ്രധാനമായും തണ്ണീർ തടങ്ങളാണ്. സൂക്ഷ്മജീവികൾ മുതൽ മത്സ്യങ്ങൾ വരെയുള്ള കോടിക്കണക്കിന് ജീവവർഗങ്ങളുടെ ആവാസവ്യവസ്ഥ കൂടിയാണ് തണ്ണീർതടങ്ങൾ. ഭക്ഷ്യ ഉൽപാദനം, പ്രകൃതി സംരക്ഷണം, പരിസ്ഥിതിയുടെയും ആവാസവ്യവസ്ഥയുടെയും നിലനിൽപ്പ് എന്നിവയ്ക്ക് തണ്ണീർത്തട സംരക്ഷണം പ്രധാനമാണ്.

കേരളത്തിൽ 2008 ൽ വയൽ തണ്ണീർതട സംരക്ഷണനിയമം നിലവിൽ വന്നു. 2015 ന് കേരള സംസ്ഥാന തണ്ണീർതട അതോറിറ്റി രൂപീകരിച്ചു. കേരളത്തിലെ തണ്ണീർതടങ്ങൾ വ്യാപകമായി നശിപ്പിക്കുകയും മലിനീകരണപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 30 വർഷത്തെ കണക്കെടുത്താൽ പോലും 6.25 ലക്ഷം ഹെക്ടർ വയലാണ് നഷ്ടപ്പെട്ടത്. 1955- 56 കാലഘട്ടത്തിൽ 7.60 ലക്ഷം ഉണ്ടായിരുന്നത് 1970- 71 ൽ 8.80 ലക്ഷമായി ഉയർന്നുവെങ്കിലും ക്രമാനുഗതമായി കുറഞ്ഞു. ഏകദേശം 2000 ആയപ്പോൾ 2.05 ലക്ഷം ഹെക്ടർ ആയി തീർന്നു. 2016 ആയപ്പോൾ 1.92 ലക്ഷം ഹെക്ടറായി തീർന്നു. നെൽകൃഷിക്കുമപ്പുറം കേരളം എന്ന ആവാസവ്യവസ്ഥ കാലാവസ്ഥ നിലനിർത്തുവാനും കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുവാനും പരമാവധി വയൽ പ്രദേശങ്ങൾ സംരക്ഷിച്ചേ കഴിയുകയുള്ളൂ.

വേമ്പനാട്ട് കായലിന്റെ കിഴക്കൻ തീരത്ത്  പോള അടിഞ്ഞപ്പോൾ
വേമ്പനാട്ട് കായലിന്റെ കിഴക്കൻ തീരത്ത് പോള അടിഞ്ഞപ്പോൾ

സംസ്ഥാനത്തെ കായലുകൾ ഉൾപ്പെടെ വ്യാപകമായി കയ്യേറ്റം ചെയ്യുന്ന സ്ഥിതിയാണുള്ളത്. ജലാർദ്ര മേഖലകളെല്ലാം മലിനീകരിക്കപ്പെടുന്ന സ്ഥിതിയും രൂക്ഷമാണ്. മാനവരാശിയുടെ ക്ഷേമം നിലനിർത്തുന്നതിൽ തണ്ണീർതടങ്ങൾക്ക് വലിയ പങ്കാണുള്ളത്. അന്തരീക്ഷത്തിലെ താപനില ക്രമീകരിച്ച് നല്ല കാലാവസ്ഥ രൂപപ്പെടുത്തുന്നതിൽ തണ്ണീർതടങ്ങൾക്ക് നിർണ്ണായക സ്ഥാനമുണ്ട്. ആരോഗ്യം, ജല ടൂറിസം, പരിസ്ഥിതി സംരക്ഷണം, ഭക്ഷ്യം, ശുദ്ധീകരണം, ജലസുരക്ഷ, തുടങ്ങിയ വിവിധ മേഖലകളുടെ നിലനിൽപ്പിനായി തണ്ണീർതടങ്ങൾ സംരക്ഷിച്ചേ കഴിയുകയുള്ളൂ. മഴക്കാലങ്ങളിലെ വർധിച്ച മഴയെ സംരക്ഷിച്ച് വേനൽകാലങ്ങളിലെ രൂക്ഷത കുറയ്ക്കുന്നത് തണ്ണീർതടങ്ങളാണ്.

കേരളത്തിൽ സ്വാഭാവിക ജലസംഭരണികളും ജലാർദ്രപ്രദേശങ്ങളും കുറയുകയാണ്. വർധിച്ചുവരുന്ന ജലഭക്ഷ്യാവശ്യങ്ങൾക്കായി നിലവിലുള്ള ആവാസവ്യവസ്ഥകൾ പരമാവധി നിലനിർത്തേണ്ടതാണ്. തീരദേശങ്ങളിലെ പ്രകൃതിദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിൽ തണ്ണീർതടങ്ങൾ മുഖ്യ പങ്കാണ് വഹിക്കുന്നത്. സംസ്ഥാനത്തെ മേൽമണ്ണിന്റെ ആഴവും വ്യാപ്തിയും കുറവായതിനാൽ ഒരേ സമയം ധാരാളം മഴവെള്ളം കരുതാനാവില്ല. അതേസമയം വലുതും ചെറുതുമായി തണ്ണീർതടങ്ങളിൽ കോടിക്കണക്കിന് ലീറ്റർ മഴവെള്ളത്തെ ഉൾക്കൊള്ളുവാൻ കഴിയും. അവയിൽ നല്ലൊരു ഭാഗം ഭൂജലമായി മാറുകയും ചെയ്യുന്നതാണ്.

protect-the-vellayani-backwater-07
ഫയൽചിത്രം ∙ മനോരമ

പ്രകൃതി വിഭവങ്ങളായ മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവ വളരെ പ്രധാനമാണ്. ഇവയിൽ ഏറ്റവും ചലനാത്മകമായ ജലത്തിന്റെ സാന്നിധ്യമാണ് മാനവരാശിക്ക് ഭൂമിയിൽ ജീവനും ജീവിതവും സാധ്യമാക്കിയത്. വർധിച്ചുവരുന്ന ജനസംഖ്യയും വിവിധവികസനാവശ്യങ്ങളും കൂടി തണ്ണീർതടങ്ങളുൾപ്പെടെയുള്ള ആവാസവ്യവസ്ഥകളെയും പ്രകൃതിവിഭവങ്ങളെയും കൂടുതൽ നശിപ്പിക്കുകയാണ്. എത്രതന്നെ ശാസ്ത്രം മുന്നോട്ടുപോയിട്ടും വെള്ളം ഉൾപ്പെടെയുള്ള ഘടകങ്ങൾക്ക് പ്രകൃതി തന്നെ ആവശ്യമാണ്. ഇല്ലാതാവുന്ന തണ്ണീർതടങ്ങൾ ഭീഷണിയാവുന്നത് മാനവരാശിയുടെ നിലനിൽപ്പിനെ തന്നെയാണ്. കേരളത്തിൽ ലഭ്യമായിട്ടുള്ള വയലുകൾ ഉൾപ്പെടെയുള്ള തണ്ണീർതടങ്ങൾ പരമാവധി മലിനീകരിക്കാതെ സംരക്ഷിക്കപ്പെടണം. കയ്യേറ്റം ഉൾപ്പെടെയുള്ളവ ഇല്ലാതാക്കുവാൻ നിലവിലുള്ള കായലുകളുടെയും തടാകങ്ങളുടെയും പ്രദേശങ്ങൾ സർവേ ചെയ്തു വേർതിരിച്ച് സംരക്ഷിക്കണം. വെള്ളായണി കായൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കുറെ ഭാഗം പട്ടയം നൽകിയിട്ടുണ്ട്. അവയ്ക്കുള്ള തുക കർഷകർക്ക് നൽകി തിരിച്ച് കായലിന്റെ ഭാഗമാക്കപ്പെടണം. കായലുകൾക്ക് ചുറ്റും ജൈവവേലികൾ കെട്ടി സംരക്ഷിക്കേണ്ടതാണ്. പരിസ്ഥിതി ജല സൗഹൃദ ടൂറിസം മാത്രമേ അനുവദിക്കുവാൻ പാടുള്ളൂ.

മാനവ ക്ഷേമത്തിനായി നല്ല വായുവും നല്ല വെള്ളവും നല്ല ഭക്ഷണവും ആവശ്യമാണ്. ഇവയുടെ അടിസ്ഥാനം ശുദ്ധമായ പ്രകൃതി വിഭവങ്ങളാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തണ്ണീർത്തടങ്ങൾ.

English Summary:

World Wetlands Day 2023: Unveiling the Crucial Link Between Wetlands and Human Wellbeing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com