ADVERTISEMENT

യുഎസിലെ നോർത്ത് കാരോലൈനയിലുള്ള അക്വേറിയത്തിലെ ഷാർലറ്റ് എന്ന തിരണ്ടി (സ്റ്റിങ് റേ) ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരമാണ്. സംഭവം ഇതാണ്. ഈ തിരണ്ടി ഗർഭിണിയായി. എന്നാൽ മറ്റ് ആൺതിരണ്ടികളുമായൊന്നും ഷാർലറ്റ് സഹവസിച്ചിട്ടുമില്ല. ഷാർലറ്റിന്റെ ഗർഭം പിന്നെങ്ങനെയുണ്ടായെന്ന ചോദ്യമുയർന്നതോടെ അഭ്യൂഹങ്ങളും പരന്നു.

ഷാർലറ്റിനു ഗർഭത്തിനു രണ്ടു കാരണങ്ങളുണ്ടാകാമെന്നാണ് അക്വേറിയം അധികൃതർ പറയുന്നത്. ഒന്ന്, അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കാറുള്ള പാർഥനോജെനസിസ് എന്ന പ്രജനന പ്രക്രിയയാണ്. അണ്ഡത്തിൽ പുരുഷബീജം സങ്കലനം നടത്താതെ സ്വയം അണ്ഡം മുട്ടയായി മാറുന്ന അവസ്ഥയാണിത്. ഇത്തരത്തിലുണ്ടാകുന്ന കുട്ടികൾ അമ്മയുടെ തനി ക്ലോൺപകർപ്പുകളാകും. ഷാർലറ്റിനു കുട്ടികളുണ്ടാകുമ്പോൾ ഇക്കാര്യം പരിശോധിച്ച് നിഗമനത്തിലെത്താൻ സാധിക്കും.

തിരണ്ടിയുടെ സ്കാനിങ് റിപ്പോർട്ട്, ഗർഭിണിയായ തിരണ്ടിയെ പരിശോധിക്കുന്ന വിദഗ്ധർ (Photo: X/@nypost)
തിരണ്ടിയുടെ സ്കാനിങ് റിപ്പോർട്ട്, ഗർഭിണിയായ തിരണ്ടിയെ പരിശോധിക്കുന്ന വിദഗ്ധർ (Photo: Facebook/ Aquarium & Shark Lab by Team ECCO)

രണ്ടാമതൊരു സാധ്യത കൂടി അവർ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഷാർലറ്റ് വസിച്ചിരുന്ന ടാങ്കിൽ ഇടയ്ക്കു വന്ന ഒരു സ്രാവായിരിക്കാം തിരണ്ടിയെ ഗർഭിണിയാക്കിയതെന്നതാണ് ആ സാധ്യത. 2023 ജൂലൈ മുതൽ ഈ സ്രാവ് ഷാർലറ്റിന്റെ ടാങ്കിലുണ്ട്. മൂന്നു മുതൽ നാലു വരെ മാസമെടുത്താണ് തിരണ്ടികൾ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്.

സസ്തനികളെപ്പോലെ ഭ്രൂണം അമ്മയ്ക്കുള്ളിൽ വളരുന്ന രീതിയല്ല തിരണ്ടിയിലുള്ളത്. ഓവോ വിവിപാരസ് ശൈലിയിലാണ് തിരണ്ടികൾ പ്രജനനം നടത്തുന്നത്. മുട്ടകൾ അമ്മയുടെ ശരീരത്തിനുള്ളിൽത്തന്നെ സൂക്ഷിക്കപ്പെട്ട് അവ വിരിയിക്കപ്പെടുന്ന അവസ്ഥയാണിത്.

അസ്ഥികളില്ലാത്ത മത്സ്യങ്ങളായ തിരണ്ടികൾ സ്രാവുകളുമായി ജീവശാസ്ത്രപരമായി വളരെ അടുത്ത ബന്ധം പുലർത്തുന്നു. ഇലാസ്‌മോബ്രാഞ്ച് എന്ന ജീവ ഗ്രൂപ്പിൽ ഉൾപ്പെട്ടതാണ് ഇരു മത്സ്യങ്ങളും. തിരണ്ടികൾ പൊതുവെ ഒറ്റപ്പെട്ടു ജീവിക്കാനാഗ്രഹിക്കുന്ന ജീവികളാണ്. ഇണചേരുന്ന സമയത്താണ് ഇവ കൂട്ടമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com