ADVERTISEMENT

നെബ്രാസ്കയിലെ ഒമാഹയിലുള്ള ഹെൻട്രി ഡൂർലി മൃഗശാലയിൽ അത്യപൂർവമായ ഒരു ചീങ്കണ്ണിയുണ്ട്. തിബോഡോക്സ് !  ല്യൂസിസം എന്ന രോഗാവസ്ഥയാണ് തിബോഡോക്സിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തനാക്കുന്നത്. സുതാര്യമായ വെളുത്ത ത്വക്കും നീല നിറത്തിലുള്ള കണ്ണുകളുമാണ് ഈ ചീങ്കണ്ണിക്ക്. കഴിഞ്ഞദിവസം നടത്തിയ വൈദ്യ പരിശോധനയിൽ 70 ലോഹ നാണയങ്ങള്‍ തിബോഡോക്സിന്റെ വയറിനുള്ളിൽ നിന്നും കണ്ടെടുത്തത് ആശ്ചര്യമുണർത്തി.

പൊന്മുട്ടയിടുന്ന താറാവിനെ പോലെ ചീങ്കണ്ണിക്ക് അത്ഭുത സിദ്ധിയാണെന്ന് കരുതിയെങ്കിൽ തെറ്റി. മൃഗശാലയിൽ എത്തുന്ന സന്ദർശകർ ചീങ്കണ്ണികളെ പാർപ്പിച്ചിരിക്കുന്ന കൂട്ടിലേക്ക് എറിഞ്ഞു കൊടുക്കുന്ന നാണയങ്ങൾ ഭക്ഷണമാണെന്ന് കരുതി വിഴുങ്ങിയതാണ് കാരണം. ഇതേക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ മൃഗശാലകളിൽ എത്തുന്ന സന്ദർശകർ ഇത്തരം പ്രവർത്തികളിൽ നിന്ന് പിന്മാറണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

മൃഗശാലയിൽ ആകെ 10 ചീങ്കണ്ണികളെയാണ് പാർപ്പിച്ചിരിക്കുന്നത്. കൃത്യമായ ഇടവേളകളിൽ ഇവയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാറുമുണ്ട്. അങ്ങനെ പരിശോധിക്കുന്നതിനിടയിൽ അസാധാരണമായ എന്തോ വസ്തു തിബോഡോക്സിന്റെ വയറ്റിലുണ്ടെന്ന് മൃഗഡോക്ടർ തിരിച്ചറിഞ്ഞു. എക്സ്–റേയിൽ വയറ്റിൽ ലോഹ നാണയങ്ങൾ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഇത് ചീങ്കണ്ണിയുടെ ജീവനു ഭീഷണിയാണെന്ന് മനസ്സിലാതോടെ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.

തിബോഡോക്സ് , വയറ്റിൽനിന്നും കണ്ടെടുത്ത നാണയങ്ങൾ (Photo: X/Omaha's Henry Doorly Zoo and Aquarium)
തിബോഡോക്സ് , വയറ്റിൽനിന്നും കണ്ടെടുത്ത നാണയങ്ങൾ (Photo: X/Omaha's Henry Doorly Zoo and Aquarium)

പ്ലാസ്റ്റിക് പൈപ്പുകൾ ഉപയോഗിച്ച് ചീങ്കണ്ണിയുടെ വായ തുറന്നുപിടിച്ചു. പിന്നീട് ക്യാമറാ സംവിധാനത്തോടെയുള്ള ഉപകരണങ്ങളും മറ്റും വായ വഴി വയറ്റിലെത്തിക്കുകയും 70 നാണയങ്ങൾ പുറത്തെടുക്കുകയും ചെയ്തു. നിലവിൽ തിബോഡോക്സിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. 

ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും ജീവജാലങ്ങൾക്ക് മരണം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. അതിനാൽ മൃഗശാലകളിലും വന്യജീവികൾ വസിക്കുന്ന ഇടങ്ങളിലും സന്ദർശനം നടത്തുന്നവർ ഉത്തരവാദിത്വ ബോധത്തോടെ പെരുമാറണം എന്ന് ഓർമിപ്പിക്കുകയാണ് മൃഗാരോഗ്യ വിദഗ്ധർ. മൃഗശാലയിൽ മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്ന സ്ഥലങ്ങൾ അടിക്കടി വൃത്തിയാക്കാറുണ്ട്. എന്നാൽ ഇതിനിടയിലുള്ള സമയങ്ങളിൽ കൂട്ടിലേക്ക് വന്നുവീഴുന്ന സാധനങ്ങൾ അവ ഭക്ഷണമാക്കാറുണ്ട്.സമാനമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കുമെന്ന് മൃഗശാല ഉറപ്പുനൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com