ADVERTISEMENT

നീരാളിക്കൃഷിയും ഫാമിങ്ങും പൂർണമായി നിരോധിക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ യുഎസിലെ വാഷിങ്ടൻ സംസ്ഥാനത്ത് ഉടനെ പാസാക്കാൻ നീക്കം നടക്കുന്നു. ഇതു നിയമമായാൽ ഏറെക്കാലമായി വിവാദനിഴലിലായ നീരാളിക്കൃഷി പദ്ധതിക്ക് യുഎസിലെ ചില സംസ്ഥാനങ്ങളിൽ വിലക്കു വരും.

വാഷിങ്ടന്റെ സ്റ്റേറ്റ് ഹൗസ് പ്രതിനിധി സഭയിലും സെനറ്റിലും ബിൽ പാസായിക്കഴിഞ്ഞു. ഇനി ഗവർണറുടെ ഒപ്പു കൂടി മതി. നീരാളികൾ ബുദ്ധിയും വികാരങ്ങളുമുള്ള ജീവികളാണെന്നും അതിനാൽ അവയെ കൃഷി ചെയ്തു ചൂഷണം ചെയ്യുന്നത് നിരോധിക്കണമെന്നുമാണ് ബില്ലിനു വേണ്ടി വാദമുയർത്തുന്നവർ പറയുന്നത്. സമുദ്രപരിസ്ഥിതിക്കും ഇതു വളരെ ഉപകാരപ്രദമായിരിക്കുമെന്ന് അവർ അഭിപ്രായപ്പെടുന്നു.

കലിഫോർണിയ, ഹവായി സംസ്ഥാനങ്ങളിലും സമാനമായ ബിൽ കൊണ്ടുവരാൻ സാധ്യതയുണ്ട്. 2022 ൽ നുവ പെസനോവ എന്ന സ്പാനിഷ് സീഫുഡ് കമ്പനി കാനറി ദ്വീപുകളിൽ 52,691 ചതുരശ്ര മീറ്ററിൽ ഒരു വമ്പൻ നീരാളി ഫാം ഉണ്ടാക്കാനുള്ള പദ്ധതി അവതരിപ്പിച്ചത് വൻ വിവാദമായിരുന്നു. സ്‌പെയിൻ, പോർച്ചുഗൽ, മെക്‌സിക്കോ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നീരാളികളെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. 

octopus
നീരാളി പാകം ചെയ്യുന്നയാൾ

വർഷം തോറും മൂന്നരലക്ഷം ടൺ നീരാളികളെ ലോകത്ത് ഭക്ഷിക്കുന്നുണ്ടെന്നും ഇതു കണക്കിലെടുത്താണ് നീരാളി ഫാം എന്ന ആശയത്തിലേക്ക് എത്തിച്ചേർന്നതെന്നുമാണ് കമ്പനിയുടെ വാദം. എന്നാൽ ഇത്തരത്തിലൊരു കൃഷിരീതി ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഇതു രോഗങ്ങൾക്കും മലിനീകരണങ്ങൾക്കും വഴിവയ്ക്കുമെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

ഒക്ടോപസുകൾ അഥവാ നീരാളികൾക്ക് ബുദ്ധിപൂർവം കാര്യങ്ങൾ ചെയ്യാനുള്ള കഴിവുണ്ട്. പസിലുകളും മറ്റും പരിഹരിക്കാനുള്ള കഴിവ്, അവയുടെ വാസസ്ഥലങ്ങൾ അലങ്കരിക്കാനുള്ള പ്രവണത, ആളുകളുടെ മുഖം ഓർത്തുവയ്ക്കാനുള്ള ശേഷി തുടങ്ങിയവ ഇക്കൂട്ടത്തിൽപെടും. ഇത്രയധികം ബുദ്ധിപരമായ ശേഷിയും വിചിത്രമായ രൂപവുമുള്ളതിനാൽ ഇവ അന്യഗ്രഹജീവികളാണെന്നും ഭൂമിയിൽവന്നു പെട്ടുപോയതാണെന്നുമുള്ള പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ ഇവയൊക്കെ അടിസ്ഥാനമില്ലാത്ത ഗൂഢവാദ സിദ്ധാന്തങ്ങളാണ്.

നീരാളികുടുംബത്തിൽ ഏകദേശം 300 തരം ജീവികളുണ്ട്. വളരെ മൃദുലമായ ശരീരമുള്ളതിനാൽ ഇവയ്ക്ക് ശരീരം പല വലുപ്പത്തിലേക്കു ചുരുക്കാനും ഇടുങ്ങിയ ഇടങ്ങളിൽകൂടി പോലും കടന്നുപോകാനുമുള്ള കഴിവുണ്ട്. സങ്കീർണമായ നാഡീവ്യവസ്ഥയും മികച്ച കാഴ്ചശക്തിയുമുള്ള ഈ ജീവികൾ നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും വ്യത്യസ്തമായ പെരുമാറ്റരീതികൾ കാട്ടുന്നവയാണ്.

Octopus farming is ‘unethical and a threat to the food chain’

മനുഷ്യസംസ്‌കാരത്തിൽ നീരാളികൾക്ക് സ്ഥാനമുണ്ട്. യൂറോപ്യൻ നാടോടിക്കഥകളിലെ ക്രേക്കൻ, ഗോർഗൻ തുടങ്ങിയ ഭീകരജീവികൾ നീരാളികളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് വിദഗ്ധർ പറയുന്നു. മനുഷ്യസാമീപ്യം തീർത്തും ഒഴിവാക്കാനിഷ്ടപ്പെടുന്ന നീരാളികൾ അപൂർവമായി മനുഷ്യരെ ആക്രമിച്ച സംഭവങ്ങളുമുണ്ട്.

English Summary:

Washington State Moves to Outlaw Octopus Farming – The Ethical and Environmental Debate Explained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com