ബ്രസീലിൽ മുങ്ങിയ നിലയിൽ ഒരു പ്രാചീന ദ്വീപ്! അടങ്ങിയിരിക്കുന്നത് കോടിക്കണക്കിനു രൂപ മൂല്യമുള്ള ധാതുക്കൾ
Mail This Article
അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ മുങ്ങിയ നിലയിൽ സ്ഥിതി ചെയ്യുന്ന പ്രാചീന കരഭാഗത്ത് അമൂല്യമായ ധാതുക്കളുണ്ടെന്നു ഗവേഷകരുടെ പഠനം. റയോ ഗ്രാൻഡ് റൈസ് എന്നറിയപ്പെടുന്ന ഈ പ്രാചീന ദ്വീപ് 4 കോടി വർഷം മുൻപാണ് രൂപീകരിക്കപ്പെട്ടത്. ഒരു കാലത്ത് വലിയൊരു കരഭാഗമായിരുന്ന ഈ ദ്വീപിൽ ഇടതൂർന്ന സസ്യ സമ്പത്തുമുണ്ടായിരുന്നു.
ഇന്ന് ബ്രസീൽ തീരത്തു നിന്ന് 1200 കിലോമീറ്റർ അകലെയായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഏകദേശം ഒന്നരലക്ഷം ചതുരശ്ര വിസ്തീർണത്തിൽ ഇതു പരന്നു കിടക്കുന്നു. 700 മുതൽ 2000 മീറ്റർ വരെ ഈ കരഭാഗത്തിന് ആഴമുണ്ട്.
റയോ ഗ്രാൻഡ് റൈസ് ഒരു ദ്വീപാണെന്നുള്ള ആശയം 2018ലാണ് ഉയർന്നത്. ഇപ്പോൾ ഇവിടെ നിന്നു ശേഖരിച്ച മണ്ണിൽ പരിശോധന നടത്തിയാണ് ശാസ്ത്രജ്ഞർ ഇതു സ്ഥിരീകരിച്ചത്.8 കോടി വർഷങ്ങൾ പഴക്കമുള്ള ചരിത്രമുണ്ട് റയോ ഗ്രാൻഡ് റൈസിന്.
ഈ ദ്വീപിൽ നിന്നുള്ള മണൽ പരിശോധിച്ച ശാസ്ത്രജ്ഞർ, ഇത് സാവോ പോളോ സംസ്ഥാനത്തു വ്യാപകമായി കാണപ്പെടുന്ന റെഡ് എർത്ത് എന്നയിനം കളിമണ്ണാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓക്‌സിഡൈസ്ഡ് മാഗ്നെറ്റൈറ്റ്, ഹേമറ്റൈറ്റ്, ജിയോതൈറ്റ്, കയോലിനൈറ്റ് തുടങ്ങിയ അനേകം ധാതുക്കൾ ഇതിൽ നിന്നു കണ്ടെത്തി. അഗ്നിപർവത പ്രവർത്തനം കാരണമുണ്ടായ പാറകളിൽ രാസപ്രവർത്തനം നടന്നതുമൂലമാണ് ഇതുണ്ടായതെന്ന് ഗവേഷകർ സംശയിക്കുന്നു.
എന്നാൽ ഈ ധാതുസമ്പത്തിനേക്കാൾ മൂല്യമുള്ള മൂലകനിക്ഷേപം ഇവിടെയുണ്ടെന്നു ശാസ്ത്രജ്ഞരുടെ ഗവേഷണം കണ്ടെത്തിയിട്ടുണ്ട്. കൊബാൾട്, ലിഥിയം, നിക്കൽ , ടെലൂറിയം തുടങ്ങിയ മൂലകങ്ങൾ ഇവിടെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നെന്നു ഗവേഷകർ പറയുന്നു. ഈ മൂലകങ്ങളെല്ലാം തന്നെ ആധുനികകാല ശാസ്ത്ര സാങ്കേതിക രംഗത്തിനു പ്രിയപ്പെട്ടതാകയാൽ ഈ ദ്വീപിലെ ഖനനപ്രവർത്തനവും ശ്രദ്ധേയമായിരിക്കുകയാണ്.
രാജ്യാന്തര സമുദ്രമേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിന്റെ നിയന്ത്രണം ഇപ്പോൾ ഇന്റർനാഷനൽ സീബെഡ് അതോറിറ്റി എന്ന സംഘടനയാണു നടത്തുന്നത്. ബ്രസീലിയൻ സർക്കാർ ഇതിന്റെ നിയന്ത്രണത്തിനായി യുഎന്നിൽ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇതു പരിഗണിക്കാൻ സാധ്യത കുറവാണ്.