ADVERTISEMENT

ജലം ഭൂമിയിലെ ഒരു വലിയ സ്രോതസ്സും പലപ്പോഴും തർക്കവസ്തുവുമാണ്. പല രാജ്യങ്ങളിലൂടെയും മറ്റും ഒഴുകുന്ന നദീജലം സംബന്ധിച്ചു വലിയ തർക്കങ്ങളുണ്ടാകുന്നതിനെപ്പറ്റി നാം കേൾക്കാറുണ്ട്. ജലം തടഞ്ഞുവയ്ക്കുന്നതിന്റെ പേരിലാണ് ഇത്തരം തർക്കങ്ങൾ പതിവെങ്കിലും ജപ്പാനും മറ്റു ചില രാജ്യങ്ങളുമായി തർക്കമുണ്ടായത് ജലം ഒഴുക്കുന്നതിന്റെ പേരിലാണ്. ജപ്പാനിലെ ഫുക്കുഷിമ ആണവ റിയാക്ടറി നിന്നു ശേഖരിച്ച ജലമായിരുന്നു തർക്കവസ്തു.

2011ൽ ജപ്പാനെ നടുക്കിയ ഭൂകമ്പവും തുടർന്നുണ്ടായ സുനാമിയുമാണ് ഫുക്കുഷിമ ആണവ റിയാക്ടറിലെ പ്രതിസന്ധിക്കു വഴിവച്ചത്. ഫുക്കുഷിമ ഡൈചി ആണവറിയാക്ടറിൽ വൻ തകരാറുണ്ടായി. ഭൂഗർഭജലം റിയാക്ടറിലേക്കു കയറി ആണവ ഇന്ധന റോഡുകളിലൂടെയും കോറിലൂടെയും അരിച്ചിറങ്ങുകയും ആണവ വികരണശേഷിയുള്ള ഐസോടോപ്പുകൾ ജലത്തിൽ കലരുകയും ചെയ്തു. ഈ ജലം അന്നു മുതൽ ജപ്പാൻ ശേഖരിക്കുകയും പ്രത്യേകം നിർമിച്ച ടാങ്കുകളിൽ ശേഖരിച്ചു വയ്ക്കുകയും ചെയ്തു. ഇത്തരം ആയിരക്കണക്കിനു ടാങ്കുകൾ ഫുക്കുഷിമയിൽ ഉണ്ട്. ഓരോ ആഴ്ചയും ഒരു പുതിയ ടാങ്ക് വീതം ഇക്കൂട്ടത്തിലേക്ക് ചേർക്കപ്പെടുകയും ചെയ്യുന്നു.

(Photo: X/ @Gergyl)
(Photo: X/ @Gergyl)

ഈ ജലമാണ് പസിഫിക് സമുദ്രത്തിലേക്ക് ജപ്പാൻ ഒഴുക്കുന്നത്. സമുദ്രത്തിലേക്ക് ഒഴുക്കുന്നതിനു മുൻപ് ഇത് രാസശുദ്ധീകരണ പ്രക്രിയകൾക്കു വിധേയമാക്കി ശുദ്ധജലമായാണ് ഒഴുക്കുന്നത്. ഇതുവരെ നാലു വട്ടം ഇത്തരം ജലം ജപ്പാൻ ഒഴുക്കി. ഒരു കുഴപ്പവുമില്ലെന്ന് ജപ്പാനും രാജ്യാന്തര ആണവ ഏജൻസിയുമുൾപ്പെടെയുള്ളവർ പറയുമ്പോഴും പ്രതിവാദങ്ങൾ ശക്തമാണ്.

കടലിലേക്ക് ഒരു ഭൂഗർഭ തുരങ്കമുണ്ടാക്കിയാണ് ജപ്പാൻ ജലമൊഴുക്കുന്നത്. പതിറ്റാണ്ടുകളെടുത്താകും ഇതു പൂർണമാകുക. പ്രക്രിയ തുടങ്ങുന്നതിനു മുൻപായി ജലം ശുദ്ധീകരിക്കുമെന്ന് ജപ്പാൻ പറയുമ്പോഴും ട്രീഷ്യം എന്ന പ്രധാന ആണവമാലിന്യം പൂർണമായും ശുദ്ധീകരിക്കുക അസാധ്യമാണെന്നു ശാസ്ത്രജ്ഞർ തുടക്കകാലത്ത് പറഞ്ഞിരുന്നു. ആണവനിലയത്തിൽ നിന്നുള്ള ജലം കഴിയുന്നത്ര നേർപ്പിച്ച് ട്രീഷ്യം അളവിന്റെ സാന്ദ്രത കുറയ്ക്കുക എന്ന മാർഗമാണ് ശാസ്ത്രജ്ഞർ അവലംബിച്ചത്.

ഫുക്കുഷിമ ആണവനിലയം (Photo: Twitter/@narrative_hole)
ഫുക്കുഷിമ ആണവനിലയം (Photo: Twitter/@narrative_hole)

ജപ്പാനകത്തും പുറത്തും നിന്ന് ഈ നീക്കത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. ജപ്പാനിലെ മത്സ്യബന്ധന വ്യവസായമേഖലയിൽനിന്നാണ് ആഭ്യന്തര പ്രതിഷേധം പ്രധാനമായും ഉയർന്നത്. ഇത്തരത്തിൽ ആണവമാലിന്യം പുറന്തള്ളുന്നത് ജപ്പാനിലെ മത്സ്യങ്ങളുടെ ‍‍ഡിമാൻഡ് കുറയ്ക്കുമെന്നും ഇതു മൂലം തങ്ങൾ പ്രതിസന്ധിയിലാകുമെന്നും അവർ പറയുന്നുണ്ട്. ലോകത്തെ പ്രധാനപ്പെട്ട മത്സ്യ വ്യവസായരംഗമാണു ഫുക്കുഷിമയിലേത്. ജപ്പാനുമായി സമുദ്രാതിർത്തി പങ്കിടുന്ന രാജ്യങ്ങളായ ചൈനയും ദക്ഷിണ കൊറിയയും ഈ നീക്കത്തിനെതിരെ വിമർശനം ഉയർത്തിയിരുന്നു. 

ഫുകുഷിമയിലെ അണുവികിരണമുള്ള ജലം കടലിൽ ഒഴുക്കാനുള്ള ജപ്പാൻ സർക്കാരിന്റെ നീക്കത്തിനെതിരെ സോളിലെ ദേശീയ അസംബ്ലിക്കു മുന്നിൽ പ്ലക്കാർഡുകളുമേന്തി പ്രതിഷേധിക്കുന്ന പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധികൾ. (ചിത്രം: Jung Yeon-je / AFP)
ഫുകുഷിമയിലെ അണുവികിരണമുള്ള ജലം കടലിൽ ഒഴുക്കാനുള്ള ജപ്പാൻ സർക്കാരിന്റെ നീക്കത്തിനെതിരെ സോളിലെ ദേശീയ അസംബ്ലിക്കു മുന്നിൽ പ്ലക്കാർഡുകളുമേന്തി പ്രതിഷേധിക്കുന്ന പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധികൾ. (ചിത്രം: Jung Yeon-je / AFP)

∙ ഫുക്കുഷിമ

യുക്രെയ്നിലെ ചെർണോബിൽ ആണവ ദുരന്തത്തിനു ശേഷം ലോകത്തു നടന്ന ഏറ്റവും വലിയ ആണവദുരന്തമായിരുന്നു ഫുക്കുഷിമ. ശക്തമായ ഭൂചലനം, വമ്പൻ സുനാമിത്തിരകൾ ഇവയെല്ലാം ചേർന്നതായിരുന്നു ദുരന്തം. 2011 മാർച്ച് 11 ന്, തദ്ദേശ സമയം ഉച്ച കഴിഞ്ഞ് 2.46നു ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഹോൻഷുവിന്റെ വടക്കു കിഴക്കൻ മേഖലയായ ടൊഹോക്കുവിൽ ഭൂകമ്പമാപിനിയിൽ 9 രേഖപ്പെടുത്തിയ ഒരു ഭൂചലനം നടന്നതാണ് എല്ലാത്തിനും തുടക്കമിട്ടത്. അവിടുത്തെ ഓഷികയായിരുന്നു പ്രഭവകേന്ദ്രം, തീവ്രതയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ ഭൂചലനമായിരുന്നു ഇത്. താമസിയാതെ കൂറ്റൻ സൂനാമിത്തിരകൾ കടലിൽ ഉയർന്നു. 33 അടി വരെ പൊക്കമുള്ളവയായിരുന്നു ഇവയിൽ ചിലത്.

ഫുകുഷിമയിലെ ഡെയ്‌ച്ചി ആണവ നിലയത്തിന്റെ ആകാശ ദൃശ്യം (ചിത്രം: Kyodo/via REUTERS)
ഫുകുഷിമയിലെ ഡെയ്‌ച്ചി ആണവ നിലയത്തിന്റെ ആകാശ ദൃശ്യം (ചിത്രം: Kyodo/via REUTERS)

തുടർന്ന് ഇവ മണിക്കൂറിൽ 800 കിലോമീറ്റർ എന്ന വൻ വേഗത്തിൽ തീരത്തെ ആക്രമിക്കാൻ പുറപ്പെട്ടു. സെൻഡായി നഗരത്തിൽ വെള്ളപ്പൊക്കം ഇതുമൂലം ഉടലെടുത്തു. അവിടത്തെ വിമാനത്താവളം കടൽവെള്ളത്തിൽ മുങ്ങി. കരയുടെ 10 കിലോമീറ്ററോളം ഉള്ളിലേക്ക് തിരകൾ എത്തി. ഇവ തിരികെ കടലിലേക്കു വലിഞ്ഞപ്പോൾ ആയിരക്കണക്കിന് ആളുകൾ വെള്ളത്തിനൊപ്പം കടലിലേക്ക് ഒഴുകിപ്പോയെന്നാണു കണക്കുകൾ. ജപ്പാനിൽ മാത്രമല്ല, കലിഫോർണിയയുടെ തീരങ്ങളിലും ഹവായ് ദ്വീപുകളിലും അന്റാർട്ടിക്കയിൽ പോലും ഇതുമൂലമുള്ള സൂനാമിത്തിരകൾ എത്തി.

ഇരുപതിനായിരത്തോളം ആളുകൾ ഈ സൂനാമിയിൽ പെട്ടു ജീവൻ വെടിഞ്ഞെന്നാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. ജപ്പാനെ  മാസങ്ങളോളം സ്തംഭനത്തിൽ നിർത്താൻ ദുരന്തത്തിനു കഴിഞ്ഞു. ടൊഹോക്കു മേഖലയിൽ നിരവധി ആണവനിലയങ്ങൾ സ്ഥിതി ചെയ്തിരുന്നു. ജപ്പാന്റെ പസിഫിക് തീരത്തെ ഫുക്കുഷിമ മേഖലയിലായിരുന്നു ഫുക്കുഷിമ ഡായ്ചി ആണവ നിലയം. 1971-79 കാലഘട്ടത്തിൽ പണിത ആറു റിയാക്ടറുകളായിരുന്നു ഇവിടെയുള്ളത്. എന്നാൽ സംഭവം നടക്കുമ്പോൾ ഇതിൽ മൂന്നെണ്ണം മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്.

സൂനാമിയിൽ തകർന്ന ഫുക്കുഷിമയിലെ വീടുകൾ (Photo: X/@Quantectum_Jap)
സൂനാമിയിൽ തകർന്ന ഫുക്കുഷിമയിലെ വീടുകൾ (Photo: X/@Quantectum_Jap)

സൂനാമി മുന്നറിയിപ്പിനെതുടർന്ന് ഇവ ഓട്ടമാറ്റിക്കായി പ്രവർത്തനം അവസാനിപ്പിച്ചു. എന്നാൽ സൂനാമിത്തിരകൾ ജനറേറ്ററുകൾ നശിപ്പിച്ചതു മൂലം ഈ നിലയത്തിൽ പൂർണമായും വൈദ്യുതി ഇല്ലാതെയായി. ഇതോടെ ആണവ ഇന്ധനത്തെ ശീതീകരിക്കുന്ന സംവിധാനങ്ങൾ തകരാറിലായി.  ചുട്ടുപഴുത്ത ആണവ ഇന്ധനം റിയാക്ടറുകളിൽ ദ്വാരങ്ങൾ സൃഷ്ടിച്ചുകൊണ്ട് പുറത്തെത്തി. ഇത് റിയാക്ടറിന്റെ കണ്ടെയ്ൻമെന്റ് വെസലുകളിൽ ഹൈഡ്രജൻ ഇന്ധനം അതിമർദ്ദത്തിൽ ഉടലെടുക്കുന്നതിനു കാരണമാകുകയും വലിയ സ്‌ഫോടനം നടക്കുകയും ചെയ്തു. 

ഇതെത്തുടർന്ന് മേഖലയിൽ വലിയ വികിരണപ്രവാഹം ഉടലെടുത്തു. പ്ലാന്റിന്റെ അനേകം കിലോമീറ്ററുകൾ ചുറ്റളവിൽ ജപ്പാൻ സർക്കാർ എല്ലാരീതിയിലുമുള്ള പ്രവേശനം നിരോധിച്ചു. ലക്ഷക്കണക്കിന് ആളുകൾ മേഖലയിൽ നിന്നു കുടിയൊഴിപ്പിക്കപ്പെട്ടു. ആൾനാശം ഉണ്ടായില്ലെങ്കിലും ചെർണോബിൽ സ്‌ഫോടനത്തിനു ശേഷം നടന്ന ഏറ്റവും വലിയ വ്യാവസായിക ആണവ ദുരന്തമാണ് ഫുക്കുഷിമയിലേത്. 

English Summary:

The Fukushima Dilemma: Why Japan's Plan for Radioactive Water Has Neighbors on Edge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com