ADVERTISEMENT

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ ഗുഹയിലെ ഗർത്തത്തിൽ വീണ വ്യക്തിയെ രക്ഷിക്കുന്നതിന്റെ കഥ പറഞ്ഞു. എന്നാൽ അതിനെക്കാൾ വിചിത്രമായ ഒരു സംഭവം യുഎസിൽ നടന്നിട്ടുണ്ട്. 2013 മാർച്ചിലെ ഒരു ദിവസം ഫ്ലോറിഡയിലെ സെഫ്നറിലുള്ള തന്റെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു ജെഫ് ബുഷ് എന്ന 37 വയസ്സുകാരൻ. എന്നാൽ ആ നിദ്രയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒരു വലിയ ഗർത്തം ജെഫിന്റെ വീട്ടിനു താഴെ ഉടലെടുത്തു. 20 അടിയുള്ള ആ ഗർത്തം കൃത്യമായി വന്നത് ജെഫിന്റെ കിടപ്പുമുറിക്കു താഴെയാണ്.

ഇതോടെ മുറിയും ഫർണിച്ചറുമടക്കം ആ ഗർത്തത്തിലേക്കു പോയി. പേടിച്ച ജെഫ് ഉറക്കെവിളിച്ചതു കേട്ട് അദ്ദേഹത്തിന്റെ സഹോദരൻ ജെറമി ഓടി വന്നു രക്ഷിക്കാൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. അതിനു ശേഷം അധികൃതർ ആ വീട് അപകടകരമാണെന്നു പ്രഖ്യാപിച്ചു. തുടർന്ന് അതു പൊളിച്ചു. കുഴി ഗ്രാവലിട്ടു നികത്തി. അടുത്തിടെയും ആ ഭാഗത്ത് ഒരു കുഴി പ്രത്യക്ഷപ്പെട്ടിരുന്നു.

ഭൂമിയിൽ പൊടുന്നനെ ഗർത്തമുണ്ടാകുന്ന സിങ്ക്ഹോൾ എന്ന പ്രതിഭാസമാണ് ഇതിനു വഴിവച്ചത്. ചുണ്ണാമ്പുകല്ലുകൾ ധാരാളമുള്ള ഫ്ലോറിഡയിൽ ഇത്തരം സിങ്ക്ഹോളുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ചുണ്ണാമ്പുകല്ലുകളിൽ വെള്ളം കയറിയുണ്ടാകുന്ന രാസപ്രവർത്തനങ്ങളാണ് ഇതിനു കാരണമാകുന്നത്.

കോന്യ ബേസിൻ മേഖലയിൽ രൂപംകൊണ്ട സിങ്ക്ഹോൾ (Photo: X/@ReginaFernanda)
·
കോന്യ ബേസിൻ മേഖലയിൽ രൂപംകൊണ്ട സിങ്ക്ഹോൾ (Photo: X/@ReginaFernanda) ·

∙സിങ്ക്‌ഹോളുകളുടെ ഗ്രാമം

വളരെ വ്യത്യസ്തമായ ഒരു സ്ഥലമാണ് തുർക്കിയിലെ കോന്യ ബേസിൻ മേഖല .ഇവിടെ എപ്പോൾ വേണമെങ്കിലും കുഴികൾ പൊടുന്നനെ പ്രത്യക്ഷപ്പെടാം. തുർക്കിയുടെ കാർഷികമേഖലയുടെ ഹൃദയം എന്നറിയപ്പെടുന്ന പ്രദേശമാണ് കോന്യ. ധാരാളം പാടങ്ങളും കൃഷിയിടങ്ങളും ഫാമുകളുമെല്ലാമുള്ള ഇവിടെ 2500 പടുകുഴികൾ സമീപകാലത്തായി ഉടലെടുത്തിട്ടുണ്ടെന്നാണു കണക്ക്. ഇവയിൽ 700 എണ്ണം വലിയ ആഴമുള്ളവയാണ്. ചിലതിന്റെ അടിയിൽ സൂര്യപ്രകാശം പോലുമെത്താത്ത സ്ഥിതിയാണ്.  കോന്യ ടെക്‌നിക്കൽ സർവകലാശാലയുടെ ഗവേഷണ പ്രകാരം ഇവയിൽ അധികവും കരാപ്‌നർ എന്ന പട്ടണത്തിനു സമീപത്തായാണു സ്ഥിതി ചെയ്യുന്നത്.

ഗർത്തങ്ങൾ ഇടതടവില്ലാതെ പ്രത്യക്ഷപ്പെടുന്നതു കാരണം മേഖലയിൽ വലിയ കൃഷിനാശം സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. രാത്രി കാലങ്ങളിൽ പ്രദേശവാസികൾക്ക് ഉറങ്ങാൻ പോലും ഭയമാണ്. എപ്പോളാണ് ഒരു കുഴി രൂപപ്പെട്ട് തങ്ങളുടെ വീടടക്കം അപ്രത്യക്ഷമാകുമെന്ന ഭീതി ഇവിടെയുണ്ട്. മേഖലയിലെ ചെറുപ്പക്കാരിൽ പലരും ഈയൊരൊറ്റ കാരണത്താൽ ജന്മനാടിനെ ഉപേക്ഷിച്ച് നഗരങ്ങളിലേക്കും മറ്റും കുടിയേറുന്ന പ്രവണതയും ശക്തമാണ്.

പ്രതീകാത്മക ചിത്രം. Image Credit:uchar  /Istock
പ്രതീകാത്മക ചിത്രം. Image Credit:uchar /Istock

കാർഷിക ആവശ്യത്തിനായി അമിതമായി ജലമെടുത്തതാണ് ഈ അദ്ഭുത പ്രതിഭാസത്തിനു കാരണമായതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മഴവെള്ളം ഇവിടെ കുറഞ്ഞതോടെ ഭൂഗർഭജലം കൂടുതൽ ഉപയോഗിക്കേണ്ടി വന്നു. ഒരു ലക്ഷത്തിലധികം കുഴൽക്കിണറുകൾ ഇവിടെയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com