കോൺവീടുകളുടെ വെയ് റീബോ; 1984 വരെ പുറത്തുനിന്നാരും എത്താത്ത വിചിത്രഗ്രാമം!
Mail This Article
ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട് ഫ്‌ളോറൻസ് ദ്വീപിലെ വെയ് റീബോ എന്ന ഗ്രാമത്തിന്. എംബാരു നിങ് എന്നു പേരുള്ള, കോണാകൃതിയിലുള്ള വീടുകളാണ് ഇവിടത്തെ ഏറ്റവും വലിയ സവിശേഷത.
അഞ്ചു തട്ടുകളായാണ് ഈ വീടുകൾ. ഏറ്റവും താഴത്തെ തട്ടിലാണ് താമസിക്കാനുള്ള സ്ഥലം. രണ്ടാമത്തെ തട്ടിലാണ് തട്ടിൻപുറം. ഇവിടെ ധാന്യങ്ങളും ഭക്ഷണവസ്തുക്കളും സൂക്ഷിക്കുന്നു. മൂന്നാം തട്ടായ ലെന്റാറിൽ അടുത്ത കൃഷിക്കായുള്ള വിത്തുകളും നാലാമത്തെ തട്ടായ ലെംപാ റേയിൽ ക്ഷാമമോ ദുരിതമോ വന്നാൽ അടിയന്തര ഉപയോഗത്തിനായുള്ള ഭക്ഷ്യധാന്യങ്ങളും സൂക്ഷിക്കുന്നു. ഏറ്റവും മുകളിലുള്ള അഞ്ചാമത്തെ തട്ട് പൂർവികർക്കായി കാഴ്ചകൾ സമർപ്പിക്കാനുള്ള ഇടമാണ്.
പരിസ്ഥിതി വിനോദസഞ്ചാരത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഇന്തൊനീഷ്യയുടെ ഭാഗമായ വെയ് റീബോ. വെറും 1200 പേർ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഇവിടെയെത്തുകയെന്നത് അൽപം ബുദ്ധിമുട്ടാണ്. അടുത്തുള്ള പട്ടണമായ ലാബുവൻ ബാജുവിൽ നിന്ന് ഏഴുമണിക്കൂറോളം മോട്ടർ സൈക്കിൾ ടാക്‌സിയിൽ യാത്ര ചെയ്താലേ ഈ ഗ്രാമത്തിൽ എത്താനാവൂ. എന്നാൽ ഇതൊന്നും വിനോദസഞ്ചാരികൾക്കു പ്രശ്‌നമല്ല. ദിനംപ്രതി ശരാശരി 50 വിനോദസഞ്ചാരികളാണ് ഈ ഗ്രാമം കാണാൻ എത്തുന്നത്. നേരത്തെ പറഞ്ഞ കോണാകൃതിയിലുള്ള കുടിലുകളാണ് ഇവിടത്തെ ഏറ്റവും വലിയ ആകർഷണം. 1984 വരെ ഈ ഗ്രാമത്തിൽ പുറത്തുനിന്നൊരാൾ എത്തിയിട്ടില്ലായിരുന്നു.
ഇക്കോടൂറിസത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായാണ് വെയ് റിബെ കണക്കാക്കപ്പെടുന്നത്. പാരിസ്ഥിതികപ്രാധാന്യമുള്ള ഒരു സ്ഥലത്തേക്ക് അവിടത്തെ പരിസ്ഥിതിയെ നശിപ്പിക്കാതെ ഉത്തരവാദിത്തബോധത്തോടെ നടത്തുന്ന വിനോദസഞ്ചാരമാണ് ഇക്കോ ടൂറിസത്തിന്റഎ കാതൽ. വിനോദസഞ്ചാരത്തിൽ നിന്നുള്ള പണം വെയ്‌റിബോ നിവാസികൾക്കു വരുമാനമാർഗമാകുന്നുണ്ട്.