മഴക്കാലം കാത്തിരിക്കുകയാണോ? എപ്പോഴും മഴപെയ്യുന്ന ചില സ്ഥലങ്ങളുണ്ട്
Mail This Article
മൺസൂൺ മഴക്കാലം മലയാളിയെ സംബന്ധിച്ച് വെറുമൊരു സീസൺ മാത്രമല്ല. എണ്ണിയാലൊടുങ്ങാത്ത ഗൃഹാതുരതകളുടെയും കാലമാണ്. മഴയുടെ സംഗീതവും ഗന്ധവും എന്നു വേണ്ട മലയാളികളെ ഇത്രത്തോളം ഭ്രമിപ്പിക്കുന്ന ഒരു സീസൺ വേറെയില്ല. ഉഷ്ണിച്ചുണക്കുന്ന വേനൽക്കാലം തുടങ്ങിയാൽ പുതച്ചുമൂടിയുറങ്ങാൻ മൺസൂൺകാലം വരാൻ പലരും കാത്തിരിക്കും. എന്നാൽ, ചില നാടുകളിൽ ഇങ്ങനെയൊരു കാത്തിരിപ്പിനു വലിയ പ്രസക്തിയില്ല. ഇവിടങ്ങളിൽ എപ്പോഴും മഴയാണെന്നതാണ് കാരണം. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം ചിറാപ്പുഞ്ചി, മൗസിന്റ്രം.
ഇന്ത്യൻ സംസ്ഥാനമായ മേഘാലയയിലെ ഈ ചെറുപട്ടണങ്ങൾ ലോകമെങ്ങും പ്രസിദ്ധിയാർജിച്ചത് ലോകത്ത് ഏറ്റവും മഴ പെയ്യുന്ന പ്രദേശങ്ങൾ എന്ന നിലയിലാണ്. മൗസിന്റ്രത്താണ് ഏറ്റവും കൂടുതൽ മഴ. ഒരു വർഷം 111.81 സെന്റിമീറ്റർ മഴയാണ് ഇവിടെ പെയ്യുന്നത്. ഇന്ത്യയുടെ ദേശീയ ശരാശരിയേക്കാൾ 10 മടങ്ങ് കൂടുതൽ. ചിറാപ്പുഞ്ചി തൊട്ടുപിന്നാലെയുണ്ട്, പ്രതിവർഷം 111.77 സെന്റിമീറ്റർ മഴ ഇവിടെ പെയ്യും. ഇരു സ്ഥലങ്ങളും തമ്മിൽ 15 കിലോമീറ്റർ ദൂരമേയുള്ളൂ. ബംഗാൾ ഉൾക്കടലിലെ കാലാവസ്ഥാ സാഹചര്യങ്ങളാണ് ഈ സ്ഥലങ്ങളിൽ കനത്ത മഴപ്പെയ്ത്തിനു കാരണമാകുന്നത്.
തെക്കൻ അമേരിക്കയിലെ കൊളംബിയയുടെ നഗരമായ ക്വിബ്‌ഡോ ഒരു മഴനഗരമാണ്. പ്രതിവർഷം 73 സെന്റിമീറ്ററിലധികമാണ് ഇവിടത്തെ മഴപ്പെയ്ത്ത്. പഴയകാലത്ത് അടിമക്കച്ചവട കേന്ദ്രമായിരുന്ന ഈ നഗരത്തിനു ചുറ്റും നിബിഡമായ മഴക്കാടുകളാണ്. ഒന്നേകാൽ ലക്ഷം ആളുകൾ ഇവിടെ താമസിക്കുന്നു. ഇവിടെ ചില മാസങ്ങളിൽ എല്ലാ ദിവസങ്ങളിലും ഘോരമഴയാണ്. വെള്ളം വെള്ളം സർവത്ര, തുള്ളി കുടിക്കാനില്ല എന്നു പറയുന്നതു പോലെയാണു ക്വിബ്‌ഡോയുടെ കാര്യം. കനത്ത മഴപ്പെയ്ത്ത് ഉണ്ടെങ്കിലും ശുദ്ധജലത്തിന്റെ അഭാവം വലിയൊരു പ്രതിസന്ധിയാണ്. പണക്കാരായ ആളുകൾ മിനറൽ വാട്ടർ വാങ്ങി ഉപയോഗിക്കും. അല്ലാത്തവർ മഴവെള്ളം ശേഖരിച്ച് ചൂടാക്കിയാണ് ഉപയോഗിക്കുന്നത്.
ക്വിബ്‌ഡോയ്ക്ക് അടുത്തുള്ള ടൂടെൻഡോ എന്ന സ്ഥലം കൊളംബിയയിലെ ചിറാപ്പുഞ്ചിയാണ്. പ്രതിവർഷം 117.70 സെന്റിമീറ്റർ മഴ ഇവിടെ പെയ്യുന്നു. ലോകത്ത് ഏറ്റവും കൂടുതൽ മഴ പെയ്യുന്ന തലസ്ഥാന നഗരം ആഫ്രിക്കൻ രാജ്യമായ ലൈബീരിയയുടെ തലസ്ഥാനമായ മൊൺറോവിയയാണ്. തുറമുഖ നഗരമായ ഇവിടെ പ്രതിവർഷം 100 സെന്റിമീറ്റർ മഴ പെയ്യുന്നു. മഴക്കാല സീസൺ എത്തിയാൽ ഈ നഗരത്തിലെ റോഡുകളൊക്കെ പുഴകളായി മാറും. ആകെ ദുസ്സഹമാകും.
ആഫ്രിക്കയിലെ ഏറ്റവും നനഞ്ഞ പ്രദേശം ഇക്വിറ്റോറിയൽ ഗയാനയിലെ ബയോകോ ദ്വീപിലുള്ള സാൻ അന്റോണിയോ ഡി ഉറാക്കയാണ്. പ്രതിവർഷം 104.50 സെന്റിമീറ്റർ മഴയാണ് ഇവിടെ പെയ്യുന്നത്.ആഫ്രിക്കയിൽ കാമറൂൺ എന്ന രാജ്യത്തു സ്ഥിതി ചെയ്യുന്ന മൗണ്ട് കാമറൂൺ പർവതത്തിനു ചുറ്റും കനത്തമഴയാണ്, പ്രതിവർഷം 102.99 സെന്‌റിമീറ്റർ.
ഹവായിലെ ഏറ്റവും വലിയ നഗരമായ ഹിലോയാണ് യുഎസിൽ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന നഗരം.പ്രതിവർഷം 35 സെന്‌റീമീറ്ററാണ് ഇവിടെ മഴപ്പെയ്ത്ത്. ഹവായിലെ തന്നെ കുകുയി, മൗണ്ട് വയലേലേ, ബിഗ് ബോഗ് എന്നീ പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സ്ഥലങ്ങളാണ്.