ADVERTISEMENT

പുല്ലു മുതല്‍ പൂനാരവരെയും സൂക്ഷ്മ ജീവികള്‍ മുതല്‍ നീലത്തിമിംഗലം വരെയുമുള്ള സസ്യജന്തുവർഗ വൈവിധ്യത്തിലാണ് ഭൂമിയില്‍ ജീവരാശി നിലനില്‍ക്കുന്നത്. 2022 ഡിസംബറില്‍ കാനഡയിലെ മോണ്‍ട്രിയലില്‍ വച്ച് നടന്ന ആഗോള ജൈവവൈവിധ്യ സംരക്ഷണ കണ്‍വെന്‍ഷന്‍ മാനവരാശിയുടെ മുന്നില്‍ ഒരു പ്ലാന്‍ വച്ചിട്ടുണ്ട്. Be the part of the plan (പ്ലാനിന്‍റെ ഭാഗമാകുക) എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണവിഷയം. 2050 വരെ ഏറ്റെടുക്കേണ്ട ദീര്‍ഘകാല പരിപ്രേഷ്യവും 2030 വരെയുള്ള കര്‍മ്മ പരിപാടികളും നടപ്പിലാക്കുവാന്‍ കോപ് (COP) രാജ്യങ്ങള്‍ ശ്രമിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്.

ഭൂമിയില്‍ ഭക്ഷ്യശൃംഖലയുള്‍പ്പെടെ നിലനില്‍ക്കുന്നത് ജൈവ വൈവിധ്യത്തിന്‍റെ സാന്നിധ്യംകൊണ്ടാണ്. കടല്‍ മുതല്‍ കാടുവരെയുള്ള സ്ഥലങ്ങള്‍ തനതായ ആവാസ വ്യവസ്ഥകളാണ്. അവയിലോരോന്നിലും സൂക്ഷ്മ ജീവികള്‍ മുതല്‍ ബഹുതലങ്ങള്‍ വരെയുള്ളവ ഉണ്ട്. അവയില്‍ ഓരോന്നിന്‍റെയും നാശം പല ജീവികളുടെയും പെരുപ്പത്തിനും ചിലവയുടെ വംശനാശത്തിനും ഇടയായേക്കാം.

സഹ്യാദ്രി ജൈവവൈവിധ്യത്തിന്‍റെ കലവറ

4000ത്തിലധികം വരുന്ന വ്യത്യസ്ത പുഷ്പിത സസ്യങ്ങള്‍ (അവയില്‍ 1600 എണ്ണം ഒരിടത്തു മാത്രം കാണുന്ന ദേശജാതികള്‍), കാര്‍ഷിക വിളകളുടെ 145 വന്യബന്ധുക്കള്‍, 48 ഇനം സസ്തനികള്‍, 275 ഇനം ഇഴജന്തുക്കള്‍, 101 ജാതി സസ്തനികള്‍, 318 ജാതി നിശാശലഭങ്ങള്‍, 95 ഇന ചിത്രശലഭങ്ങള്‍, 40 ഇന മരതവളയര്‍, 285 വിഭാഗം കശേരുക്കള്‍, 30 ഇന ലിസാര്‍ഡുകള്‍ തുടങ്ങി എത്രയിനം ജീവവൈവിധ്യമാണുള്ളത്. കേരളത്തില്‍ നല്ല മഴ ലഭിക്കുന്നതില്‍ പശ്ചിമഘട്ടത്തിന്‍റെ പങ്ക് നിർണായകമാണ്. പ്രധാന നദികളെല്ലാം ഉത്ഭവിക്കുന്നത് മലനിരകളില്‍ നിന്നാണ്. സസ്യ, ജന്തു, വന്യമൃഗങ്ങളുടെ വൈവിധ്യം വിവിധ കാരണങ്ങളാല്‍ കുറഞ്ഞുവരികയാണ്. 

വയനാട് വനമേഖലയിൽ നിന്നൊരു കാഴ്ച. (Photo by PTI)
വയനാട് വനമേഖലയിൽ നിന്നൊരു കാഴ്ച. (Photo by PTI)

കാവുകളും കുളങ്ങളും

കേരളത്തിലെ ഇടനാടു മേഖലകളിലെ പ്രധാന ആവാസ വ്യവസ്ഥകളായിരുന്നു കാവുകളും കുളങ്ങളും. ഉരഗങ്ങള്‍ മുതല്‍ നിരവധി സസ്യജന്തുജാതികളുടെ വാസകേന്ദ്രങ്ങളായിരുന്നു കാവുകള്‍. പല ന്യായങ്ങള്‍ പറഞ്ഞ് കാവുകള്‍ നശിപ്പിക്കപ്പെട്ടു. മത്സ്യങ്ങള്‍, തവളകള്‍, സൂക്ഷ്മ ജീവികള്‍ എന്നിവയെല്ലാം കുളങ്ങളുടെ ഭാഗമായിരുന്നു. ആഫ്രിക്കന്‍ പായല്‍പോലുള്ള ചെടികളുടെ വ്യാപനമായപ്പോള്‍ ഇല്ലാതായത് ജൈവവൈവിധ്യം കൂടിയാണ്.

കണ്ടല്‍ക്കാടുകളും തണ്ണീര്‍തടങ്ങളും

വയലുകളുള്‍പ്പെടെയുള്ള തണ്ണീര്‍തടങ്ങള്‍ മറ്റൊരു പ്രധാന ജൈവ വൈവിധ്യ ഇടമാണ്. കടലുകളിലെയും കായലുകളിലെയും തീരങ്ങളിലെ ജൈവവൈവിധ്യം നിലനിറുത്തന്നത് കണ്ടല്‍ക്കാടുകളാണ്. ഉപ്പുവെള്ളത്തിന്‍റെ സ്വാധീനം കരഭാഗങ്ങളിലെ ജീവരാശിയെ ബാധിക്കാതെ നിലനിറുത്തുന്നതില്‍ കണ്ടല്‍ക്കാടുകള്‍ക്ക് വലിയ പങ്കാണുള്ളത്. വളരെ സങ്കീര്‍ണ്ണമായ ഭക്ഷ്യശൃംഖല കൂടിയാണിവ. സംസ്ഥാനത്ത് 700 ച.കി.മീറ്റര്‍ ഉണ്ടായിരുന്ന കണ്ടല്‍ക്കാടുകള്‍ 60 ച.കി.മീറ്ററായി കുറഞ്ഞിട്ടുണ്ട്.


പ്ര‌ാന്തൽ കണ്ടൽ.
പ്ര‌ാന്തൽ കണ്ടൽ.

കാലാവസ്ഥ മാറ്റവും ജൈവ വൈവിധ്യവും

തുടര്‍ച്ചയായി മാറി മാറി വരുന്ന മഴയും ചൂടും ജീവരാശിക്ക് വലിയ ഭീഷണിയാണുണ്ടാക്കുന്നത്. മഴക്കാലം പ്രളയവും മഴമാറിയാല്‍ വരള്‍ച്ചയുമെന്നതാണ് പുതിയ അവസ്ഥ.  കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളോട് പ്രതികരിക്കാനാവാതെ ജീവജാലങ്ങള്‍ പ്രയാസത്തിലാണ്. കടലിലെ ചൂട് കൂടിയപ്പോള്‍ മത്തി (ചാള) പോലുള്ള മത്സ്യങ്ങള്‍ കേരളതീരം വിട്ട് പാലായനം ചെയ്തു തുടങ്ങി. തിലോപ്പിയപോലുള്ള അധിനിവേശ മത്സ്യങ്ങള്‍ മത്സ്യവൈവിധ്യത്തെ ബാധിച്ചിട്ടുണ്ട്.  കണിക്കൊന്ന കാലം മാറി പൂക്കുന്നു. 30 ഇനം മാവുകള്‍ പൂക്കുന്നതിന്‍റെയും കായ്ക്കുന്നതിന്‍റെയും കാലഗണനയില്‍ വലിയ മാറ്റമുണ്ടാകുന്നു. പലയിനങ്ങളും കായ്ഫലം നല്‍കുന്നില്ല. തവളകള്‍ക്കും മണ്ണിരക്കും നാശം സംഭവിച്ചു തുടങ്ങിയിട്ടുണ്ട്. മണ്ണിന്‍റെ ഉല്‍പ്പാദന പ്രതികരണശേഷി വല്ലാതെ കുറഞ്ഞിട്ടുണ്ട്. തല്‍ഫലമായി കോടി കണക്കിന് സൂക്ഷ്മ ജീവികളാണ് ഇല്ലാതാകുന്നത്. കന്നുകാലികളുടെ പ്രത്യുല്‍പ്പാദനശേഷിയിലും കുറവുണ്ട്. നൂറുകണക്കിന് സസ്യജന്തുജാലങ്ങളാണ് ഭൂമുഖത്ത് നിന്നും വംശനാശം സംഭവിച്ച് ഇല്ലാതാകുന്നത്. 

വേണം പുതിയ കാഴ്ചപ്പാടുകള്‍, നയങ്ങള്‍ പിന്നെ കര്‍മപരിപാടികളും

ഓരോ പ്രദേശത്തെയും ജൈവവൈവിധ്യം പരമാവധി സംരക്ഷിക്കപ്പെടണം. കേരളത്തില്‍ ബ്രിട്ടീഷുകാരുടെ കാലം മുതലാണ് വ്യാപകമായി വനത്തിന്‍റെ സസ്യവൃക്ഷ വൈവിധ്യമില്ലാതായത്. തേക്കുകള്‍ക്കുവേണ്ടി നിലമ്പൂര്‍ കാടുള്‍പ്പെടെ വ്യാപകമായി ഇല്ലാതാക്കി.1950 മുതല്‍ വനവല്‍ക്കരണത്തിന്‍റെ പേരില്‍ മാഞ്ചിയവും അക്കേഷ്യയും യൂക്കാലിയുമെല്ലാം രംഗത്തെത്തിയപ്പോള്‍ നഷ്ടമായത് സസ്യവൈവിധ്യവും സ്വാഭാവിക വനങ്ങളുമാണ്. ഇത്തരം മരങ്ങള്‍ മുറിക്കുവാന്‍ അനുവാദമുണ്ട്. അവയുടെ മറവില്‍ ധാരാളം സ്വാഭാവിക വനമരങ്ങളും മുറിച്ചെടുത്തിട്ടുണ്ട്. ഒരു പ്രദേശത്തിന്‍റെ 33 ശതമാനം വനമേഖലയായിരിക്കണമെന്നതാണ് പ്രകൃതി സന്തുലനത്തിലെ അടിസ്ഥാനതത്വം. കേരളത്തില്‍ പ്ലാന്‍റേഷനുകളെല്ലാം ചേര്‍ത്ത് കണക്കൊപ്പിക്കും. പക്ഷെ സ്വാഭാവിക വനങ്ങള്‍ പ്രതിദിനം കുറഞ്ഞു വരികയാണ്.

വയനാട്ടിലെ മുത്തങ്ങ വനം (ഫയൽ ചിത്രം: മനോരമ)
വയനാട്ടിലെ മുത്തങ്ങ വനം (ഫയൽ ചിത്രം: മനോരമ)

കേരളത്തിന്‍റെ തീരം മുതല്‍ തുടങ്ങി ഇടനാടും മലനാടും കാടുകളുമെല്ലാം സംരക്ഷിക്കുന്ന പുതിയ പ്രകൃതി വിഭവ പരിപാലന നയമാവശ്യമാണ്.  ഓരോ ആവാസ വ്യവസ്ഥയ്ക്കും അനുയോജ്യമായ വികസനരീതികള്‍ രൂപപ്പെടുത്തണം. നമുക്ക് ഇനി നഷ്ടപ്പെടുത്താൻ അധികം കാടും നദികളും കണ്ടല്‍ക്കാടുകളും തണ്ണീര്‍തടങ്ങളും കുളങ്ങളും വയലുകളുമൊന്നുമില്ല. നഷ്ടപ്പെടുത്തുന്ന ഓരോ ആവാസ വ്യവസ്ഥയും ഇല്ലാതാക്കുന്നത് ജൈവവൈവിധ്യത്തെയായിരിക്കും.

സംസ്ഥാനത്ത് ഓരോ ഗ്രാമപഞ്ചായത്തിലും ജൈവവൈവിധ്യ രജിസ്റ്ററും ജൈവ വൈവിധ്യപരിപാലന കമ്മിറ്റിയും വേണമെന്ന ഉത്തരവുണ്ട്. പ്രായോഗിക തലത്തില്‍ ഇനിയും കൂടുതല്‍ നയങ്ങളും പരിപാടികളുമാവശ്യമാണ്. ഉഷ്ണ തരംഗങ്ങളുടെയും സൂര്യതാപത്തിന്‍റെയും പ്രളയങ്ങളുടെയും പുതിയ കാലത്ത് ജൈവവൈവിധ്യം നിലനിറുത്തിയേ കഴിയൂ. ജീവന്‍റെ ഇടങ്ങളാണിവ. മാനവരാശിയുള്‍പ്പെടെയുള്ളവയുടെ നിലനില്‍പ്പിന് ജൈവ വൈവിധ്യം അനിവാര്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com