ചുറുചുറുക്കുള്ള നീന്തൽക്കാർ, തീക്കനൽ പോലെ: മത്സ്യം വളർത്തുന്നവരുടെ പ്രിയപ്പെട്ട ‘എംബർ ടെട്ര’
Mail This Article
ബ്രസീലിൽ കാണപ്പെടുന്ന ഒരു അലങ്കാരമത്സ്യമാണ് എംബർ ടെട്ര. കണ്ടാൽ തീക്കനലിന്റെ നിറമാണെന്നതാണ് ഇതിന്റെ പ്രത്യേകത. എംബർ എന്ന ഇംഗ്ലിഷ് വാക്കിന്റെ അർഥവും തീക്കനൽ എന്നാണ്. 1987ൽ ആണ് ഈ മത്സ്യത്തെ കണ്ടെത്തിയത്. ഹെയ്കോ ബ്ലെഹർ എന്ന വിഖ്യാത ജർമൻ പര്യവേക്ഷകനാണ് ഈ മീനുകളെ കണ്ടെത്തിയത്.
2 മുതൽ 3 സെന്റിമീറ്റർ വരെ മാത്രം വലുപ്പം വയ്ക്കുന്ന ഒരു ചെറുമത്സ്യമാണ് എംബർ. ചെറിയ ജീവികളെയും സസ്യങ്ങളുമൊക്കെയാണ് ഇവയുടെ പ്രിയപ്പെട്ട തീറ്റ.
അലങ്കാരമത്സ്യങ്ങളായാണ് ഇവയെ കൂടുതലും സൂക്ഷിക്കുന്നത്. സസ്യങ്ങൾ ഒരുക്കിയിട്ടുള്ള അക്വേറിയം ഇവയ്ക്ക് വളരെ ഇഷ്ടമാണ്. ടെട്ര വിഭാഗത്തിൽ വേറെയും മത്സ്യങ്ങളുണ്ട്. ഇവയുമായി കൂട്ടുകൂടി ജീവിക്കുന്നത് ഇവയ്ക്കിഷ്ടമുള്ള കാര്യമാണ്.
ലോകമെമ്പാടും അലങ്കാര മത്സ്യം വളർത്തലിൽ ഏർപ്പെടുന്നവർക്ക് പ്രിയപ്പെട്ട മീനാണ് എംബർ ടെട്ര. അക്വേറിയത്തിൽ ഇവയെ വളർത്തുമ്പോൾ കുറഞ്ഞത് 6 ടെട്രകളെയെങ്കിലും വളർത്തണമെന്ന് വിദഗ്ധർ പറയുന്നു. ഇവയ്ക്കിഷ്ടം കൂട്ടമായി കഴിയുന്നതിനാണ് എന്നതാണു കാരണം.
ചെറിയ മത്സ്യങ്ങളാണെങ്കിലും നല്ല ചുറുചുറുക്കുള്ള നീന്തൽക്കാരാണ് ഇവ. വളരെ ശാന്തമായ സ്വഭാവവും എംബർ ടെട്രകൾക്കുണ്ട്. ഹൈഫസോബ്രിക്കോൺ അമാൻഡേ എന്നാണ് ഇവയുടെ ശാസ്ത്രീയനാമം. ബ്രസീലിലെ റിയോ അരാഗ്വ നദിയുടെ പോഷകനദികളും അരുവികളുമാണ് ഈ മത്സ്യങ്ങളുടെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥ.
ഒരു പ്രജനന കാലത്ത് നൂറിലേറെ മുട്ടകൾ എംബർ ടെട്ര മത്സ്യങ്ങൾ ഇടാറുണ്ട്. ഒന്നു മുതൽ രണ്ട് ദിവസങ്ങളുടെ വരെ ഇടവേളയ്ക്കു ശേഷം ഈ മുട്ടകൾ വിരിയും.