ADVERTISEMENT

കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമിയില്‍ ഏറ്റവുമധികം ദുര്‍ബലമായ പ്രദേശങ്ങളിലൊന്നാണ് അന്‍റാര്‍ട്ടിക്ക. ഈ ഭൂഖണ്ഡത്തിലെ മഞ്ഞുരുകലിന്‍റെ വേഗം ക്രമാതീതമായ വർധിച്ചുകൊണ്ടിരിക്കുകയാണ്. കണക്കുകള്‍ അനുസരിച്ച് 1970 കളില്‍ അന്‍റാര്‍ട്ടിക്കിലുണ്ടായ മഞ്ഞുരുകലിന്‍റെ വേഗത്തിനേക്കാള്‍ ഏതാണ്ട് ആറ്മടങ്ങ് വേഗത്തിലാണ് ഇപ്പോള്‍ മഞ്ഞുരുക്കം നടക്കുന്നത്. ഇതിന്‍റെ ഫലമായാണ് പല യൂറോപ്യന്‍ രാജ്യങ്ങളേക്കാളും വലുപ്പമുള്ള മഞ്ഞുപാളികള്‍ വര്‍ഷം തോറും അന്‍റാര്‍ട്ടിക്കില്‍ നിന്ന് വേര്‍പെട്ടു പോകുന്നതും പതിയെ ഉരുകി ഇല്ലാതാകുന്നതും.

മനുഷ്യരുടെ പ്രവര്‍ത്തികളാണ് അന്‍റാര്‍ട്ടിക്കിന്‍റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായത്. മഞ്ഞുരുക്കം വർധിക്കാനിടയായത് അന്തരീക്ഷത്തിലെ വർധിച്ച കാര്‍ബണ്‍ ഉള്‍പ്പടെയുള്ള ഹരിതഗൃഹ വാതകളുടെ അമിതമായ ബഹിര്‍ഗമനാണ്. മനുഷ്യര്‍ മൂലമുണ്ടായ ഈ പ്രതിസന്ധി മനുഷ്യരാല്‍ തന്നെ പരിഹരിക്കാനാകുമോ എന്ന ഒരു സംഘം ഗവേഷകരുടെ അന്വേഷണമാണ് ആരെയും അദ്ഭുതപ്പെടുത്തുന്ന ഒരു ശുപാര്‍ശയിലേക്കെത്തിച്ചിരിയ്ക്കുന്നത്. അന്‍റാര്‍ട്ടിക്കിലേയ്ക്ക് കൃത്രിമമായി മഞ്ഞെത്തിക്കുന്നതിനുള്ളതാണ് ഈ ശുപാര്‍ശ.

അന്‍റാര്‍ട്ടിക്കിലേക്ക് കൃത്രിമ മഞ്ഞ്

ലോകത്തെ തന്നെ ഏറ്റവും വലിയ മഞ്ഞുപാളികള്‍ നിറഞ്ഞ മേഖലയില്‍ മഞ്ഞ് കൃത്രിമമായി സൃഷ്ടിക്കുന്നതിന്‍റെ ഗുണം എന്താണെന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. മഞ്ഞുവീഴ്ച സൃഷ്ടിക്കുന്നതിലൂടെ മഞ്ഞ് പാളികളുടെ ബലക്കുറവ് പരിഹരിക്കാനാകുമെന്നും ഇതുവഴി മഞ്ഞുപാളികളില്‍ വിള്ളലുണ്ടാകുന്നത് തടയാന്‍കഴിയുമെന്നുമാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. ഇങ്ങനെ വിള്ളലുണ്ടാകുന്നത് തടഞ്ഞാല്‍ സ്വാഭാവികമായും മഞ്ഞുപാളികള്‍ വേര്‍പെട്ട് പോകുന്നതും ഉരുകി ഇല്ലാതാകുന്നതും തടയാന്‍ കഴിയും.ഇതുവഴി ആഗോളാതാപനം സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കുന്ന കടല്‍ ജലനിരപ്പു വർധനവിനെ ഒരു പരിധി വരെ നിയന്ത്രിക്കാനും കഴിയും.

കൃത്രിമ മഞ്ഞ് നിർമിക്കുന്നതെങ്ങനെ?

അന്‍റാര്‍ട്ടിക്ക് എന്നത് മറ്റ് പ്രധാന വന്‍കരകളില്‍ നിന്ന് ഏറെ അകന്നു സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡമാണ്. ഒറ്റപ്പെട്ട ഈ ഭൂഖണ്ഡത്തിലേക്കുള്ള കൃത്രിമ മഞ്ഞ് എവിടെ നിന്നു സൃഷ്ടിക്കുമെന്നാണ് ചോദ്യമെങ്കില്‍ സമുദ്രത്തില്‍ നിന്ന് എന്നാണ് ഗവേഷകരുടെ ഉത്തരം. കൃത്രിമ മഞ്ഞ് പെയ്യിക്കുക എന്നത് വ്യാപകമായി സ്കേറ്റിങ് റിസോര്‍ട്ടുകളിലും മറ്റും ചെയ്യുന്ന ഒന്നാണ്. പക്ഷേ അന്‍റാര്‍ട്ടിക് പോലുള്ള ഒരു ഭൂഖണ്ഡത്തിന്‍റെ സ്ഥിരത ഉറപ്പാക്കാന്‍ ഇത് ചെയ്യുമ്പോള്‍ അത് വലിയ തോതില്‍ വേണ്ടിവരുമെന്ന് മാത്രം.

Antarctica

അന്‍റാര്‍ട്ടിക്കിന് ചുറ്റുമുള്ള സമുദ്രജലത്തെ തന്നെയാണ് മഞ്ഞാക്കി മാറ്റി പ്രദേശത്തു പെയ്യിക്കുക. ഇതിനായി സ്കേറ്റിങ് റിസോര്‍ട്ടുകളില്‍ ഉപയോഗിക്കുന്നതിനു സമാനമായ യന്ത്രങ്ങള്‍ ഉപയോഗിക്കാമെന്ന് ഗവേഷകര്‍ പറയുന്നു. പക്ഷേ സമുദ്രജലത്തിലെ ഉപ്പ് നീക്കം ചെയ്യുക എന്നതാകും ആദ്യ പടി. ഇതിന് ശേഷം ഈ വെള്ളം മൈനസ് ഡിഗ്രിക്ക് താഴെയുള്ള താപനിലയിലൂടെ കടത്തി വിട്ട് മഞ്ഞാക്കി മാറ്റി കൃത്രിമമായി വിതറും. 

വലിയ തോതില്‍ സാങ്കേതിക ഉപകരണങ്ങളും ഊര്‍ജവും വേണ്ടിവരുന്നതാകും ഈ പദ്ധതി. ഏതാണ്ട് 12000 അധികം നൂതന കാറ്റാടി യന്ത്രങ്ങളെങ്കിലും ഈ പദ്ധതിക്കാവശ്യമായ ഊര്‍ജം ലഭ്യമാക്കാന്‍ ഉപയോഗിക്കേണ്ടി വരുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഭാരിച്ച ചെലവും ഈ പദ്ധതി നടപ്പിലാക്കുന്നതിനായി പ്രതീക്ഷിക്കാം.

ഇപ്പോള്‍ കടലാസില്‍ മാത്രം

പദ്ധതിയുടെ രൂപകല്പന മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായതെന്ന് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച പോസ്റ്റ്ഡാം ക്ലൈമറ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടിലെ ഗവേഷര്‍ പറയുന്നു. ഈ പദ്ധതി എന്ന് നടപ്പാക്കാനാകുമെന്നോ ആരെങ്കിലും ഇതിനായി മുന്നോട്ടു വരുമെന്നോ അറിയില്ല. പക്ഷേ അന്‍റാര്‍ട്ടിക്കിന്‍റെ നിലനില്‍പ് തന്നെ ഭീഷണിയിലാകുന്ന ഒരു ഘട്ടമെത്തിയാല്‍ ഈ പദ്ധതിയിലൂടെ ചുരുങ്ങിയത് ആ ഭൂഖണ്ഡത്തിന്‍റെ ആയുസ്സെങ്കിലും നീട്ടാൻ സാധിക്കുമെന്ന് ഈ ഗവേഷക സംഘം ആത്മവിശ്വാസത്തോടെ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com