ADVERTISEMENT

ടൊയോട്ടയുടെ ഹൈലക്‌സ് പിക്അപ് ട്രക്കിന്റെ പരസ്യ വിഡിയോകള്‍ക്ക് നിരോധനം. ടൊയോട്ട മോട്ടോഴ്‌സിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച രണ്ടു പരസ്യങ്ങളാണ് ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓഫ് റോഡിങ്ങിന് പേരുകേട്ട ഹൈലക്‌സ് പിക്അപ് ട്രക്കുകള്‍ വെല്ലുവിളികള്‍ നിറഞ്ഞ ഭൂപ്രകൃതിയിലൂടെ ഓടിച്ചു പോകുന്നതാണ് പരസ്യത്തിലുള്ളത്.

എന്തുകൊണ്ടാണ് ബ്രിട്ടനില്‍ നിരോധനം?

ബ്രിട്ടീഷ് പരസ്യ നിയന്ത്രണ ഏജന്‍സിയായ അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേഡ് അതോറിറ്റി(ASA)യാണ് ഹൈലക്‌സിന്റെ പരസ്യങ്ങള്‍ നിരോധിച്ചിരിക്കുന്നത്. പരസ്യം ബ്രിട്ടനിലെ പരസ്യങ്ങളുടെ നിബന്ധനകൾ പാലിക്കുന്നില്ലെന്നു കാണിച്ചാണ് നിരോധനം. സമൂഹത്തിനോടും ഉപഭോക്താക്കളോടുമുള്ള ഉത്തരവാദിത്വം ഈ പരസ്യം പാലിക്കുന്നില്ലെന്നും എഎസ്എ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. 'ഈ രണ്ടു പരസ്യങ്ങളും പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്ന വിധത്തിലുള്ള ഓഫ് റോഡ് ഡ്രൈവിങിനെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇതുപോലുള്ള ഡ്രൈവിങ് ശീലങ്ങള്‍ പരിസ്ഥിതിക്ക് നാശം വരുത്തും' എന്നാണ് എഎസ്എ ആരോപിക്കുന്നത്. 'ബോണ്‍ ടു റോം' എന്ന പരസ്യവാചകമുള്ള ഹൈലക്‌സിന്റെ ഏറ്റവും വലിയ സവിശേഷത ഏതു കുന്നു കുഴിയും വഴികളാക്കി മാറ്റാമെന്നതാണ്. ആ സവിശേഷതയെ പരസ്യമാക്കാന്‍ ശ്രമിച്ചപ്പോഴാണ് ടൊയോട്ടക്ക് തിരിച്ചടി സംഭവിച്ചത്. 

പരസ്യത്തിന് നിരോധനം വന്നതുമായി ബന്ധപ്പെട്ട് ടൊയോട്ട മോട്ടോര്‍ പ്രതികരിച്ചിട്ടുണ്ട്. തങ്ങളുടെ പരസ്യം ഉത്തരവാദിത്വമില്ലാത്ത ഡ്രൈവിങിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് കമ്പനി വിശദീകരിക്കുന്നത്. 'പരസ്യം ചിത്രീകരിച്ചിരിക്കുന്നത് ബ്രിട്ടന് പുറത്തുള്ള പ്രദേശത്തുവച്ചാണ്. നിയമപരമായ അനുമതികള്‍ നേടിക്കൊണ്ട് സുരക്ഷിതമായ സാഹചര്യത്തില്‍ ഒരു സ്വകാര്യ സ്ഥലത്താണ് ഈ പരസ്യങ്ങള്‍ ചിത്രീകരിച്ചത്. പാരിസ്ഥിതികമായി എന്തെങ്കിലും തരത്തിലുള്ള ദോഷങ്ങള്‍ വരുത്തിയിട്ടില്ല. പരസ്യത്തിന്റെ പലയിടത്തും കംപ്യൂട്ടര്‍ നിര്‍മിത ഗ്രാഫിക്‌സ് ഉപയോഗിച്ചിട്ടുണ്ട്' എന്നും ടൊയോട്ട പറയുന്നു.

നേരത്തെ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പരസ്യവും സമാനമായ നിയമനടപടികൾ നേരിടേണ്ടതായിരുന്നു. 2021ല്‍ ജെഎല്‍ആര്‍ ചെയ്ത പരസ്യം പരിസ്ഥിതിയെ നശിപ്പിക്കുന്നതിനേയും ഉത്തരവാദിത്വമില്ലാത്ത ഡ്രൈവിങ്ങിനേയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ചാണ് നിരോധിക്കാൻ ഒരുങ്ങിയത്. അതേസമയം പരസ്യത്തിന്മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ പൂര്‍ണമായും തെളിയിക്കാനാകാതെ വന്നതോടെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നടപടിയിൽ നിന്നു രക്ഷപ്പെടുകയായിരുന്നു.

2022ല്‍ പുറത്തിറങ്ങിയ ടൊയോട്ട ഹൈലക്‌സ് വലിയ തോതില്‍ ജനപ്രീതി നേടിയ പിക്അപ്പാണ്. 30.41 ലക്ഷം രൂപ മുതല്‍ വിലയുള്ള ഹൈലക്‌സില്‍ 2.8 ലീറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണുള്ളത്. 201bhpകരുത്തും പരമാവധി 500Nm ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്. ഫോര്‍ച്യൂണറിലും ഇതേ എന്‍ജിനാണ് ടൊയോട്ട നല്‍കിയിരിക്കുന്നത്. അടുത്തിടെ ഹൈലക്‌സിന്റെ മൈല്‍ഡ് ഹൈബ്രിഡ് വകഭേദം ടൊയോട്ട പുറത്തിറക്കിയിരുന്നു.

English Summary:

Auto News, UK bans two Toyota adverts for promoting off-road driving

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com