ഫ്രണ്ട്സിന്റെ ബൈക്കിൽ ചെത്തിയിട്ടുണ്ട്! നീല യമഹയാണ് അന്നത്തെ ഫാഷൻ
Mail This Article
പുത്തൻ ബൈക്ക് വാങ്ങിക്കൊടുത്ത ദിവസം അച്ഛനെയും കൂട്ടി മകൻ ഒരു റൈഡിനിറങ്ങി. അച്ഛന്റെ പേര് വിനയചന്ദ്രൻ. റിട്ടയർ ചെയ്ത കോളജ് അധ്യാപകൻ. മകൻ നവനീത് വി. ചന്ദ്രൻ. ബിടെക് വിദ്യാർഥി. കോഴിക്കോട് ബൈപാസിലൂടെ മകൻ ഓടിക്കുന്നു. അച്ഛൻ പിന്നിൽ. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ റോഡരികിൽ ബൈക്ക് നിർത്തിയിട്ട് മകൻ പറഞ്ഞു: ഇനി അച്ഛൻ ഓടിക്ക്. അച്ഛൻ ഓടിക്കുന്നതും ഹോണടിക്കുന്നതുമൊക്കെ എനിക്കൊന്നു കാണാനാ. കുറെ നാളായി വിനയചന്ദ്രൻ ബൈക്ക് ഓടിക്കാറില്ല. എല്ലാ യാത്രയ്ക്കും കാറാണ്. മകനു വേണ്ടി ബൈക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ കൊണ്ടുവന്നപ്പോൾ മോഹം വന്നെങ്കിലും പറഞ്ഞതുമില്ല. ഇപ്പോൾ മകൻ നിർബന്ധിച്ചപ്പോൾ അയാൾക്കും തോന്നി, ഒന്നു നോക്കാമെന്ന്.
അങ്ങനെ അച്ഛൻ മുന്നിലും മകൻ പിന്നിലുമായി. പുതിയ ബൈക്കിന് ചെറിയ അപരിചിതത്വമുണ്ട്, പ്രത്യേകിച്ച് മുതിർന്നവരോട്. റോഡിലെ വെളുത്ത വരയോടു ചേർന്ന് പകർത്തെഴുതുന്നതുപോലെ അധികം സ്പീഡിലല്ലാതെ അയാൾ ബൈക്ക് ഓടിക്കുകയാണ്. കുറെ വണ്ടികൾ ഓവർടേക് ചെയ്തു പോകുന്നുണ്ട്. ബൈക്കിനു ബോറടിക്കുന്നത് മകനു മനസ്സിലായി. അവൻ പറഞ്ഞു... അച്ഛാ, അച്ഛനും ഞാനും ഫ്രണ്ട്സാണെന്നു വിചാരിച്ചേ. അങ്ങനെയെങ്കിൽ ഇത്ര പതുക്കെയാണോ ബൈക്ക് ഓടിക്കുക.
അതിനു നമ്മൾ ഫ്രണ്ട്സ് അല്ലല്ലോ. വെറുതെ വിചാരിക്കൂ. നമ്മൾ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ അമ്മ പറഞ്ഞത് ഓർമയുണ്ടോ, ഹെൽമെറ്റ് കൂടി വച്ചു കഴിഞ്ഞാൽ നമ്മളെ കണ്ടാൽ ചേട്ടനും അനുജനുമാണെന്നേ തോന്നൂ എന്ന്. മകൻ അതു പറഞ്ഞതിൽ വിനയചന്ദ്രനു സന്തോഷം തോന്നി. അയാൾ സ്പീഡ് കൂട്ടി. ആലസ്യം വിട്ടുണർന്ന ബൈക്ക് ഒരു തവണ റോങ് സൈഡിലൂടെ ഓവർടേക്കിങ്ങും നടത്തി. പെട്ടെന്ന് വിനയചന്ദ്രനു തോന്നി, വേണ്ടിയിരുന്നില്ല. കോളജിൽ പഠിക്കുമ്പോൾ അച്ഛന് ബൈക്കുണ്ടായിരുന്നോ?
അയാൾക്കു സ്വന്തം കോളജുകാലം ഓർമ വന്നു. അന്ന് എല്ലാവർക്കും സൈക്കിളാണ്. ബിഎസ്എ എസ്എൽആർ, റാലി ഒക്കെ. കോളജിൽ ഒന്നോ രണ്ടോ പേരൊക്കെ ബൈക്കിൽ വരും. അന്നൊക്കെ പൊലീസ് പട്രോളിങ് ഇല്ല, റോഡിൽ ക്യാമറ ഇല്ല. ആരും ഹെൽമെറ്റും വയ്ക്കാറില്ല. ശരിക്കും ദൈവത്തിന്റെ സ്വന്തം നാട് ! വിനയചന്ദ്രൻ പറഞ്ഞു... ഞങ്ങളുടെ കോളജ് ഒരു കുന്നിന്റെ മുകളിലായിരുന്നു. താഴെ റോഡരികിലാണ് ബസ് സ്റ്റോപ്പ്. പ്രിൻസിപ്പൽ മാത്യു ദൈവംപറമ്പിലച്ചന് ഒരു ബുള്ളറ്റുണ്ടായിരുന്നു. നാലു മണിക്ക് കോളജ് വിടുന്ന സമയത്ത് കുന്നിറങ്ങുന്ന കുട്ടികളുടെ ഇടയിലൂടെ അച്ചൻ ബുള്ളറ്റിൽ താഴേക്ക് പാഞ്ഞു പോകും വെളുത്ത ളോഹ കാറ്റു പിടിച്ച് ഇങ്ങനെ ബലൂൺ പോലെ വീർത്തു നിൽക്കും. ഒരു തടിച്ച അരയന്നം പറന്നിറങ്ങുന്നതുപോലെ..
അച്ചന്റെ സ്പീഡ് ഒരിക്കൽ പിടിഎ മീറ്റിങ്ങിൽ ചർച്ചയായി. അന്നേരം പുള്ളി പറഞ്ഞു; ഓരോ വാഹനത്തിനും അതിന്റേതായ നിയോഗമുണ്ട്. അതിനെ ചോദ്യം ചെയ്യുന്നത് ദൈവനിഷേധമാണ്. പിന്നെ ആരും ഒന്നും മിണ്ടിയില്ല. അത്രയും സ്പീഡിൽ ബൈക്ക് ഓടിക്കുന്നതിനെ ചെത്തുക എന്നാണ് അന്ന് വിളിച്ചിരുന്നത്. നിങ്ങളോ? സ്റ്റണ്ടിങ്. അച്ഛനും അങ്ങനെ ചെത്തിയിട്ടുണ്ടോ ? കുറച്ചൊക്കെ. ഫ്രണ്ട്സിന്റെ ബൈക്കിൽ. അന്ന് നീല യമഹയാണ് അന്നത്തെ ഫാഷൻ.
കോളജ് വിടുന്ന സമയമായിരുന്നു. കുട്ടികൾ കൂട്ടമായി റോഡ് ക്രോസ് ചെയ്യാനെത്തി. അവരെക്കണ്ടിട്ടും നിർത്താതെ തുടർച്ചയായി ഹോണടിച്ച് അവരുടെ ശ്രദ്ധ പിടിച്ചെടുത്ത്, വളച്ച് വിനയചന്ദ്രൻ ബൈക്ക് മുന്നോട്ടു കുതിപ്പിച്ചു. കോളജ് കാലത്തെക്കുറിച്ചുള്ള ഓർമകൾ അയാളുടെ ആവേശം കൂട്ടിയെന്ന് മകനു മനസ്സിലായി. എന്തിനാ തുടർച്ചയായി ഹോണടിക്കുന്നത്? അയാൾ പറഞ്ഞു.. അതൊരു ശീലമായിപ്പോയി.മകൻ ചോദിച്ചു... കോളജിൽ നിങ്ങളൊക്കെ ഗേൾസിനെ ബൈക്കിൽ കയറ്റിയിട്ടുണ്ടോ?
യൂത്ത് ഫെസ്റ്റിവലിന് ബൈക്ക് ഫാൻസിഡ്രസ് ഉണ്ടായിരുന്നു. അറബിയുടെയും ഭാര്യയുടെയും വേഷമാണ് ഞങ്ങൾ എടുത്തത്. അറബി സ്ത്രീയുടെ വേഷത്തിൽ എന്റെ ബൈക്കിന്റെ പിന്നിൽ കയറിയത് ക്ളാസിലെ ഒരു പെൺകുട്ടിയായിരുന്നു. പർദയൊക്കെ ഇട്ടതുകൊണ്ട് ആരും തിരിച്ചറിഞ്ഞില്ല. രണ്ടാം സമ്മാനം ഞങ്ങൾക്കു കിട്ടി. പ്രൈസ് വാങ്ങാൻ അവൾ വരാൻ തയാറായില്ല. ഒരു കൂട്ടുകാരൻ പർദയൊക്കെയിട്ട് കൂടെ വന്നു. സമ്മാനം വാങ്ങാൻ അവൻ സ്റ്റേജിൽ നിന്നപ്പോൾ കുട്ടികളെല്ലാം കൂവി. അവന്റെ കാലിലുള്ളത് ആണുങ്ങളുടെ ചെരിപ്പല്ലേ.. ! വിനയചന്ദ്രൻ സ്വയംമറന്ന് ഉറക്കെച്ചിരിച്ചു. മകൻ ചോദിച്ചു... അമ്മയോട് ഇതൊക്കെ പറയണോ? അയാൾ ചിരിച്ചുകൊണ്ടു പറഞ്ഞു... ഇനി നീ ഓടിച്ചോ.. ബൈക്ക് കൂടെച്ചിരിച്ചു!