ADVERTISEMENT

ഇലക്ട്രിക് വാഹനരംഗത്ത് മത്സരം മുറുകുകയാണ് ആദ്യം ഹ്യുണ്ടേയ് കോന, പിന്നെ എംജി സിഎസ് ഇപ്പോഴിതാ ടാറ്റ നെക്സോൺ ഇവിയും. ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് എസ്‍യുവി എന്ന പേരിലാണ് കോന എത്തിയതെങ്കിൽ രണ്ടാമതെത്തിയ സിഎസ് ആദ്യ ഇലക്ട്രിക് ഇന്റർനെറ്റ് എസ്‍യുവിയായി. ഇവർക്കു രണ്ടുപേർക്കും മുന്നിൽ നെക്സോണ്‍ ഇവിയും ഇന്ത്യയിലെ ആദ്യ സബ് 4 മീറ്റർ ഇലക്ട്രിക് എസ്‍യുവി എന്ന പേരിൽ തല ഉയർത്തിയാണ് എത്തുന്നത്. ചെറിയ രൂപവും മികച്ച റേഞ്ചുമായി നെക്സോൺ ഇവി വിപണിയിലെത്തുമ്പോൾ ടാറ്റയുടെ പ്രതീക്ഷ കാക്കുമോ?... ഇതാ നെക്സോൺ ടെസ്റ്റ് ഡ്രൈവ്.

594418496
Tata Nexon EV

∙ പുണെയിലെ ടെസ്റ്റ് ട്രാക്ക്: ഇലക്ട്രിക് വാഹനമെന്ന് കേൾക്കുമ്പോൾ കയറ്റം വലിക്കുമോ, െവള്ളത്തിലൂടെ ഓടിച്ചാൽ എന്താണ് കുഴപ്പം എന്നൊക്കെയാണ് ഒരു ശരാശരി ഉപഭോക്താവിന്റെ മനസിലേക്കെത്തുന്ന ആദ്യ ചോദ്യം. ഈ സംശയങ്ങൾക്കുള്ള ഉത്തരമായിരുന്നു ടാറ്റ പ്ലാന്റിലെ ടെസ്റ്റ്ഡ്രൈവിൽ ഒരുക്കിയിരുന്നത്. വാഹനത്തിന്റെ ഹിൽഡിസന്റും ഹിൽ അസിസ്റ്റും പരിശോധിക്കുന്നതിനായി 12 ശതമാനം മുതൽ 30 ശതമാനം വരെ ചെരിവുള്ള കയറ്റവും ഇറക്കവുമുണ്ടായിരുന്നു. കൂടാതെ വെള്ളത്തിലൂടെ ഓടിയാൽ എന്തുസംഭവിക്കുമെന്ന് മനസിലാക്കിത്തരാൻ 300 എംഎം വരെ (കാറിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 205 എംഎ) വെള്ളമുള്ള വഴികളിലൂടെയുള്ള ടെസ്റ്റും നടത്തി.

tata-nexon-8
Tata Nexon EV

∙ ചെറു ഇലക്ട്രിക് എസ്‌യുവി: ആദ്യ കാഴ്ചയിൽ ചെറിയ സുന്ദരൻ എസ്‍യുവിയാണ് നെക്സോൺ ഇവി. പിയാനോ ബ്ലാക് ഫിനിഷിലുള്ള ഗ്രില്ലിന് നടുവിലായി ടാറ്റയുടെ ലോഗോ. ഗ്രില്ലിന് താഴെ നീല നിറത്തിലുള്ള സ്ട്രിപ്പും നൽകിയിട്ടുണ്ട്. എൽഇഡി ഡേ െെടം റണ്ണിങ് ലൈറ്റുകളോടു കൂടിയ പ്രൊജക്റ്റർ ഹെഡ്‌ലാംപുകളാണ്. ബംബറിലാണ് ഫോഗ്‌ലാംപുകളുടെ സ്ഥാനം, ബംബറിന്റെ താഴ് ഭാഗത്തിന് സിൽവർ, ബ്ലാക് ഫിനിഷുകൾ നൽകിയിരിക്കുന്നു. മുന്നിൽ നിന്നു നോക്കിയാൽ ആദ്യ തലമുറ നെക്സണെക്കാൾ സ്പോർട്ടിയായ രൂപമാണ് നെക്സോൺ ഇവിക്ക്.

tata-nexon-9
Tata Nexon EV

വശങ്ങളിലേക്ക് എത്തിയാൽ ആദ്യം ശ്രദ്ധിക്കുക മസ്കുലറായ വീൽ ആർച്ചുകളാണ്. ആർച്ചുകൾക്കും ബോഡിയിലും ബ്ലാക്ക് ക്ലാഡിങ്ങുകൾ നൽകിയിരിക്കുന്നു. വലിയ വിന്റോകൾക്ക് താഴെയായി നീല നിറത്തിലുള്ള ഫിനിഷുമുണ്ട്. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വാഹനത്തിൽ. മറ്റു രണ്ട് ഇലക്ട്രിക് എസ്‌യുവികളിൽ നിന്നു വ്യത്യസ്തമായി ഫ്യുവൽ ലിഡിന്റെ അതേ സ്ഥാനത്ത് തന്നെയാണ് ചാർജിങ് പോയിന്റും. ത്രീ ആരോ ഡിസൈൻ കൺസെപ്റ്റിലുള്ള ടെയിൽ ലാംപാണ്. വാഹനത്തിൽ ഉടനീളം ഈ ഡിസൈൻ എലമെന്റ് കാണാനാകും. പിൻ ബംബറിലും ബ്ലാക്ക് സിൽവർ കോംപിനേഷനുണ്ട്.

tata-nexon-15
Tata Nexon EV

∙ പ്രീമിയം ഇന്റീരിയർ: ഉൾഭാഗത്തേക്ക് വന്നാൽ മികച്ച ഫിനിഷുണ്ട് നെക്സോണ്‍ ഇവിക്ക്. മാറ്റ് ബ്ലാക്, പിയാനോ ബ്ലാക്, ഐവറി ഫിനിഷുകളുണ്ട്. എസി വെന്റുകൾക്ക് ചുറ്റുമായി നീല ഫിനിഷും നൽകിയിട്ടുണ്ട്. പ്രീമിയം ഹാച്ച്ബാക്ക് ആൽട്രോസിന് സമാനമാണ് സ്റ്റിയറിങ് വീല്‍. മീഡിയ കൺട്രോൾ, ക്രൂസ് കൺട്രോൾ എന്നിവയുടെ സ്വിച്ചുകളുള്ള ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീലാണ്. ഇനി എത്രദൂരം സഞ്ചരിക്കും ബാറ്ററിയുടെ നിലവാരം തുടങ്ങി വാഹനത്തിന്റെ വിവരങ്ങൾ മുഴുവൻ നൽകുന്ന 7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലെയാണ് മീറ്റർ കൺസോൾ. കൂടാതെ നാലു സ്പീക്കറും നാലു ട്വീറ്ററുമുള്ള 7 ഇഞ്ച് ടച്ച് സ്ക്രീൻ  ഹർമൻ മ്യൂസിക്ക് സിസ്റ്റവുമുണ്ട്. സുഖകരമായ യാത്ര സമ്മാനിക്കുന്ന സീറ്റുകളാണ് മുന്നിൽ. പിന്നിലും മൂന്നു യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ ഇരിക്കാം. ദൂരയാത്രയും മടുപ്പിക്കില്ല. പിന്നിലും എസി വെന്റുകൾ നൽകിയിരിക്കുന്നു.

tata-nexon-16
Tata Nexon EV

∙ കണക്റ്റ് അപ്പ്: സി കണക്റ്റ് എന്ന ആപ്പിലൂടെ വാഹനത്തിന്റെ മുഴുവൻ വിവരങ്ങളും ഉടമയുടെ ഫോണിലൂടെ അറിയാം. ചാർജ് ലെവൽ മോണിറ്ററിംഗ്, ഇനി എത്ര ദൂരം സഞ്ചരിക്കും തുടങ്ങിയ വിവരങ്ങളും ഫോണിലൂടെ എസി ഓൺ ചെയ്യാനും ലോക്ക് ആൻഡ് അൺലോക്ക് ചെയ്യാനും  ഹെ‍ഡ്‌ലാംപ് കൺട്രോൾ ചെയ്യാനും സാധിക്കും. കൂടാതെ വഹനത്തിന്റെ തൽസമയ ലോക്കേഷനും ക്രാഷ് അറിയിപ്പുകളും മോഷണ ശ്രമങ്ങളുമെല്ലാം ഈ ആപ്പിലൂടെ അറിയാം.

tata-nexon-14
Tata Nexon EV

∙ കൂടുതൽ കരുത്ത്, കൂടുതൽ റേഞ്ച്: 30.2 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ. 129 പിഎസ് കരുത്തും 245 എൻഎം ടോർക്കും നൽകും ഇതിലെ ഇലക്ട്രിക് മോട്ടർ. ഒരു പ്രാവശ്യം ഫുൾ ചാര്‍ജ് ചെയ്താൽ 312 കിലോമീറ്ററാണ് റേഞ്ച്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 9.9 സെക്കൻഡ് മതി നെക്സോൺ ഇലക്ട്രിക്കിന്. ഫാസ്റ്റ് ചാർ‌ജർ ഉപയോഗിച്ചാൽ 80 ശതമാനം 60 മിനിറ്റിൽ ചാർജാകും. നോർമൽ ചാർജർ മോഡലാണെങ്കിൽ പുർണമായും ചാർജ് ചെയ്യാൻ 8 മണിക്കൂർ മതി. ഏതു പ്രതികൂല സാഹചര്യങ്ങളേയും തരണം ചെയ്യുന്ന ബാറ്ററിയാണിത് എന്നാണ് ടാറ്റ പറയുന്നത്.

tata-nexon-3
Tata Nexon EV

∙ സുരക്ഷ ബാറ്ററിക്കും: ഇന്ത്യയിൽ ആദ്യമായി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ ലഭിക്കുന്ന കാറാണ് നെക്സോൺ. ഇലക്ട്രിക് ആയതോടെ സുരക്ഷ വീണ്ടും വർധിപ്പിച്ചു. ഇത്തവണ യാത്രക്കാർക്ക് മാത്രമല്ല ബാറ്ററിക്കും സുരക്ഷയുണ്ട്. പൊടി നിയന്ത്രണത്തിലും ജലപ്രതിരോധത്തിലും ഐ പി 67 നിലവാരവും നെക്സൻ ഇ വിയിൽ ടാറ്റ ഉറപ്പാക്കുന്നുണ്ട്. മുൻ പിൻവീലുകളുടെ ഇടയിൽ നടുക്കായിട്ടാണ് ബാറ്ററിയുടെ സ്ഥാനം അടി തട്ടിയാലും ബാറ്ററിക്ക് കേടുവാരാതിരിക്കാനുള്ള സുരക്ഷ നൽകിയിട്ടുണ്ട്. എട്ടു വർഷം അല്ലെങ്കിൽ 160000 കിലോമീറ്റർ വാറന്റിയും ബാറ്ററിക്ക് ടാറ്റ നൽകുന്നു.

tata-nexon-4
Tata Nexon EV

∙ സ്പോർട്ടി ഡ്രൈവ്: ഹൈവേയും മോശം റോഡുകളും ഹെയർപിൻ വളവുകളുമുള്ള റൂട്ട് നെക്സോണിനെ ശരിക്കും അടുത്തറിയാൻ സഹായിച്ചു. മികച്ച ഡ്രൈവ് അനുഭവമാണ് നെക്സോൺ ഇലക്ട്രിക് വാഹനങ്ങൾ നൽകുന്നത്. വളരെ പെട്ടെന്നു തന്നെ ഉയർന്ന വേഗം ആർജിക്കാൻ സാധിക്കും നെക്സോൺ ഇവിക്ക്. നോബ് മാറ്റിയാണ് ഡ്രൈവ് മോഡുകൾ സെലക്റ്റ് ചെയ്യുന്നത്. ഒാട്ടമാറ്റിക്കുകൾ പോലെ െെഡ്രവ്, ന്യൂട്രൽ, റിവേഴ്സ് പൊസിഷനുകൾ. ഡ്രൈവിങ്ങിന്റെ രസം വർദ്ധിപ്പിക്കാനായി സ്പോർട്സ് മോഡുമുണ്ട്. കൂടാതെ ബ്രേക്കിങ്ങിലൂടെ ബാറ്ററി ചാർജാക്കുന്ന സംവിധാനവുമുണ്ട്. 

tata-nexon-1
Tata Nexon EV

നാലുമീറ്റർ താഴെ നീളവും എസ്‌യുവിയുടെ രൂപഭംഗിയുമായി എത്തുന്ന നെക്സോൺ സെഗ്‌‍മെന്റിലെ ഏറ്റവും മികച്ച ഇലക്ട്രിക് എസ്‌യുവികളിലൊന്നാണ്. ഇന്ത്യൻ ഇലക്ട്രിക് വാഹനലോകത്തിന് പുതിയ ഊർജ്ജം നെക്സോൺ ഇവി നൽകുമെന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം.

English Summary: Tata Nexon EV Test Drive Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT