ADVERTISEMENT

‘‘പത്തു പ്രീമിയം കാറുകൾ കിടക്കുകയാണെങ്കിലും ഒരു ഥാർ അവിടെ വന്നാൽ ആരുടെയും  ശ്രദ്ധ അങ്ങോട്ടുപോകും’’ – നടനും മോഡലുമായ ജോൺ കൈപ്പള്ളിൽ ഥാറിനെപ്പറ്റി തന്റെ അഭിപ്രായം പറഞ്ഞു. വളപ്പ് ബീച്ച് റോഡിലേക്കുള്ള യാത്രയിലായിരുന്നു ആ ചുവന്നുതുടുത്ത പെട്രോൾ ഥാർ ഓട്ടമാറ്റിക്. വഴിയേ പോകുന്നവരുടെയെല്ലാം കണ്ണുകൾ ഥാറിലേക്കു തിരിയുന്നത് വിശാലമായ വിൻഡോയിലൂടെ കാണാമായിരുന്നു. ‘‘ഥാർ ലൈഫ്സ്റ്റൈൽ വാഹനമാണ്. തന്റേതായ ഐഡന്റിറ്റി സൂക്ഷിക്കണമെന്നുള്ളവർക്ക് ഥാറിനെ ഇഷ്ടപ്പെടും’’– ജോണിന്റെ പ്രിയതമയും മോഡലുമായ ഹെപ്സിബ ഥാറിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ. ഇരുവരും യാത്രാപ്രിയർ. പത്തനംതിട്ടക്കാരനായ ജോണിന് ഇഷ്ടം വളവുകളും കയറ്റങ്ങളുമുള്ള വഴികൾ. സ്വാഭാവികമായും ഥാറിന്റെ പ്രകടനം ഇഷ്ടപ്പെടും. എന്നാൽ പെട്രോൾ  ഓട്ടമാറ്റിക് ഇവരുടെ മനം കവരുമോ? 

thar-6
John Kaippallil & Hephzibah Elizabeth, Tijo John Photography

Story of Love

ആരിലും ആദ്യനോട്ടത്തിൽ അനുരാഗം ജനിപ്പിക്കുന്ന ജനുസ്സ്. ഒരു പ്രഫഷനൽ മോഡൽ പോലെ എങ്ങോട്ടു തിരിഞ്ഞാലും കിടിലൻ ലുക്ക്. പെട്രോൾ ഓട്ടമാറ്റിക് മോഡലിന്റെ സോഫ്റ്റ് ടോപ് വേരിയന്റ് ആണിത്. ടോപ് ലെസ് ആയി കൺവെർട്ട് ചെയ്യാം. ചതുരക്കണ്ണുകളുള്ള പിൻവശമാണ് സോഫ്റ്റ് ടോപ്പിന്റെ ഏറ്റവും ആകർഷകമായ ഭാഗം.6 സ്പീഡ് ഓട്ടമാറ്റിക് ഗിയർ നമ്മെ അമ്പരപ്പിക്കും. ലാഗ് ഇല്ലെന്നു തന്നെ പറയാം. കുതിപ്പിനു കുതിപ്പ്. കരുത്തിനു കരുത്ത്. ജോണിന് റോഡിലെ പ്രകടനം ഇഷ്ടമായി എന്നു ഡ്രൈവിങ് തെളിയിച്ചു. 

thar-11
Hephzibah Elizabeth, Tijo John Photography

ഓട്ടമാറ്റിക് ഗിയർ അമാന്തം കാണിക്കുമ്പോൾ മാന്വൽ ആയി ഗിയർ മാറ്റാറുണ്ട് നമ്മൾ, മറ്റു പല കാറുകളിലും. ഥാറിൽ മാന്വൽ ആയി ഓടിക്കുന്നതിലും രസം ഓട്ടമാറ്റിക്കിന്റെ അനായാസത ആസ്വദിക്കുന്നതാണ്. പഴയ ഥാറുമായി താരതമ്യം ചെയ്യുമ്പോൾ കുലുക്കമില്ലാത്ത യാത്ര എന്നതാണ് ഹെപ്സിബയുടെ ഇഷ്ടങ്ങളിൽ ആദ്യത്തേത്. യഥേഷ്ടം ലെഗ്റൂം ഉള്ളത് ഥാറിനെ പ്രിയങ്കരമാക്കുന്നു. നിലവിൽ ഇന്നൊവ ഉപയോഗിക്കുന്ന ദമ്പതികൾ ഒരു കാര്യം കൂടി നീരീക്ഷിച്ചു– സോഫ്റ്റ് ടോപ് ആയിട്ടും പുറത്തെ ശബ്ദമോ നോയിസോ അധികം ഉള്ളിലേക്കെത്തുന്നില്ല. കൂടിയ വേഗത്തിൽ പടുത ശബ്ദമുണ്ടാക്കും. 

thar-9
John Kaippallil & Hephzibah Elizabeth, Tijo John Photography

Story of Passion

ഈ റേഞ്ച് വാഹനങ്ങളിൽ വച്ചേറ്റവും കൊതിപ്പിക്കുന്ന രൂപത്തെ ജോണും ഹെപ്സിബയും വളപ്പ് ബീച്ചിലേക്ക് ഓടിച്ചു കയറ്റി. വീശുവലകളിൽ വീഴാതെ  നീലത്തിരകൾ തീരം തൊടുന്നുണ്ട്. ഒരു തട്ട് മുകളിലാണ് മണൽത്തിട്ട.

thar-10

ഓഫ് റോഡ് യാത്രകൾ പാഷൻ ആയിട്ടുള്ളവരെ ഒട്ടും നിരാശരാക്കിയിട്ടില്ല മഹീന്ദ്രയുടെ ഓരോ ‘ജീപ്പും.’ ഏതു കിണറ്റിൽനിന്നും കയറിവരും എന്നു നാട്ടുമൊഴി. ആ പാഷൻ പത്തനംതിട്ടക്കാരനിൽ ഇല്ലാതെ വരുമോ? ലോങ് ഡ്രൈവുകളെക്കാളും എനിക്കിഷ്ടം കയറ്റവും വളവുകളുമുള്ള വഴികളിലൂടെ വണ്ടിയോടിക്കുന്നതാണെന്നു പറഞ്ഞ ‍ജോൺ ബീച്ചിൽ ഥാറിന്റെ ഫോർ വീൽ ഡ്രൈവ് മോഡ് ഒന്നു പരീക്ഷിച്ചു. ഇലക്ട്രിക് ഡ്രൈവ്ലൈൻ ഡിസ്കണക്ട് ഫങ്ഷൻ ആയതുകൊണ്ട് എളുപ്പത്തിൽ ഫോർ വീൽ ഡ്രൈവ് മോഡിലേക്കു നോബ് മാറ്റാം. 

thar-5
John Kaippallil & Hephzibah Elizabeth, Tijo John Photography

ചെറിയ വേഗത്തിലും ഇങ്ങനെ ചെയ്യാം. പിന്നെ ചെയ്യേണ്ടത് ആക്സിലറേറ്റർ കൊടുക്കുക എന്നതു മാത്രം. ബാക്കിയെല്ലാം ഥാർ ചെയ്തോളും. മണൽത്തിട്ടയിളക്കി മറിച്ചാണ് ചുവപ്പൻ ഥാർ ആ തീരത്തെ ആവേശഭരിതമാക്കിയത്. നടക്കാൻ പോലും ബുദ്ധിമുട്ടേറിയ തീരത്ത് ഥാറും ജോണും ഹെബ്സിബയും 18 ഇ‍ഞ്ച് ചക്രങ്ങളാൽ ഒരു തിരക്കഥതന്നെ രചിച്ചു. ഓഫ് റോഡ് പാഷൻ ഉള്ളവർക്ക് ഓട്ടമാറ്റിക് മതിയാകുമോ എന്ന സംശയം തീർക്കുന്നതായിരുന്നു ഡ്രൈവ്. കയറ്റത്തിൽ പിന്നോട്ടുരുളാതെ നിർത്തുന്ന ഹിൽ ഹോൾഡ് അസിസ്റ്റ്, ഇറക്കത്തിൽ ഓട്ടമാറ്റിക് ആയി ബ്രേക്ക് ചെയ്യുന്ന ഹിൽ ഡിസന്റ് കൺട്രോൾ, എബിഎസ്, ഇഎസ്പി എന്നിങ്ങനെ ഇല്ലാത്ത സുരക്ഷാസൗകര്യങ്ങളില്ല ഥാറിൽ. റോളർ കേജും (ലോഹചട്ടക്കൂട്) ഉണ്ട്. 

thar-12
John Kaippallil & Hephzibah Elizabeth, Tijo John Photography

ഫൈനൽ ലാപ്

മഹീന്ദ്ര കേരള റീജനൽ മാനേജർ സുരേഷ്കുമാർ ഇ.എസ് ഥാറിനെ ലൈഫ്സ്റ്റൈൽ വാഹനമായി കാണാനാണ് കൂടുതൽ ഇഷ്ടം എന്നു പറഞ്ഞത് ബീച്ചിൽ നിന്നു പാതയിലേക്കു തിരികെ വരുമ്പോൾ ഓർമ വന്നു. ജോൺ കൈപ്പള്ളി ഹെപ്സിബ ദമ്പതികൾക്ക് ഥാറിനോടു തോന്നിയ ഇഷ്ടം ഇക്കാര്യം ശരിവച്ചു.

thar-3
John Kaippallil & Hephzibah Elizabeth, Tijo John Photography

എവിടെയും പോകാവുന്ന, എവിടെപോയാലും  ശ്രദ്ധ കിട്ടുന്ന ഒന്നാന്തരം വാഹനം. അതാണു ഥാർ. രണ്ടാം വാഹനം എന്ന നിലയിലല്ല ഥാറിനെ കാണേണ്ടത്  മറിച്ച്, കാറിന്റെ യാത്രാസുഖവും എസ്‌യുവിയുടെ ഗാംഭീര്യവും ഓഫ്–റോഡറിന്റെ കഴിവും ഉള്ള, നിങ്ങളെ അടയാളപ്പെടുത്തുന്ന ആദ്യവാഹനമാണ് ഥാർ. ഓട്ടമാറ്റിക്കിന്റെ സുഖം അധികമേൻമയാണ്.  

English Summary: Mahindra Thar Petrol Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT