ADVERTISEMENT

ഇവിടെയൊന്നും അധികം കാണാനില്ലെങ്കിലും ടൈഗ്വാൻ ഒരു നിസ്സാര വാഹനമല്ല; ഫോക്സ്‌വാഗൻ ശ്രേണിയിലെ എറ്റവും വിൽപനയുള്ള വാഹനങ്ങളിലൊന്നാണ്. 2007 മുതൽ ഇന്നു വരെ 60 ലക്ഷത്തിലധികം ടൈഗ്വാനുകൾ നിരത്തുകൾ നിറഞ്ഞോടുന്നു. യൂറോപ്പിലും ചൈനയിലും അമേരിക്കയിലും എന്നു വേണ്ട ലോകത്ത് എവിടെച്ചെന്നാലും ഒരു ടൈഗ്വാനെയെങ്കിലും കാണാതെ  ഇരുട്ടു വീഴില്ല. യൂറോപ്പിൽ ഏറ്റവും വിൽപനയുള്ള എസ് യു വി ഏതെന്നു ചോദിച്ചാലും ഉത്തരം ടൈഗ്വാൻ.

Volkswagen Tiguan Allspace
Volkswagen Tiguan Allspace

ടിഗ്വാനല്ല, ടൈഗ്വാൻ 

പേരിനു പിന്നിൽ കഥയുണ്ട്. പുതിയൊരു ക്രോസ് ഓവർ എസ് യു വി ഇറക്കാൻ തീരുമാനമെടുത്തപ്പോൾ ഫോക്സ്‌വാഗൻ തീരുമാനിച്ചു, ഈ വാഹനത്തിന് ജനങ്ങൾ പേരിടട്ടെ. ജർമനിയിലെ ജനപ്രിയ വാഹനപ്രസിദ്ധീകരണമായ ഓട്ടൊബിൽഡ് ദൗത്യം ഏറ്റെടുത്തു. വന്യശക്തിയുടെ പര്യായമായ ടൈഗറിന്റെ ‘ടൈ’ പ്രിയപ്പെട്ട വളർത്തുമ‍ൃഗമായ ഇഗ്വാനയുടെ ‘ഗ്വാന’യും പരസ്പര പൂരകങ്ങളായപ്പോൾ പേരായി – ടൈഗ്വാൻ.

volkswagen-tiguan-allspace-7
Volkswagen Tiguan Allspace

ഓൾസ്പേസ് ടൈഗ്വാൻ

രണ്ടാം തലമുറ ടൈഗ്വാൻ 2017 ൽ ഇറങ്ങി. കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ഇക്കൊല്ലം ആദ്യം ഇറങ്ങിയ മോഡലാണ് ഓൾ സ്പേസ് എന്ന പേരിൽ ഇന്ത്യയിൽ. കാഴ്ചയിൽ കാര്യമായ മാറ്റങ്ങൾ വന്ന വാഹനത്തിൽ അതിലും വലിയമാറ്റങ്ങളുണ്ടായത് സോഫ്റ്റ് വെയർ അപ്ഡേറ്റുകളിലും പാർക്ക് അസിസ്റ്റ് പോലുള്ള സൗകര്യങ്ങളിലും ഹൈബ്രിഡ് സാങ്കേതികതയിലുമൊക്കെയാണ്.

volkswagen-tiguan-allspace-6
Volkswagen Tiguan Allspace

ആർക്കാണ് ടൈഗ്വാൻ

ആർക്കുമാകാം. ജീവിതത്തിൽ വിജയവും ആഢംബരവും ലക്ഷ്യബോധവുമുള്ള ഏതു പ്രായക്കാർക്കും. ഉന്നത ജർമൻ ബ്രാൻഡുകൾ നൽകുന്ന സുഖസൗകര്യങ്ങൾ കുറഞ്ഞ വിലയിൽ ജർമനിയിൽ നിന്നു തന്നെ എത്തിക്കുന്നുവെന്നതാണ് വിജയതന്ത്രം. മെഴ്സിഡീസോ ബി എം ഡബ്ല്യുവോ നൽകുന്ന അതേ പ്രീമിയം തെല്ലും വെള്ളം ചേർക്കാതെ അത്ര തന്നെ അന്തസ്സുള്ള ജർമൻ ബ്രാൻഡായി ഫോക്സ്‌വാഗൻ.

volkswagen-tiguan-allspace-9
Volkswagen Tiguan Allspace

പെട്രോൾ മോഡൽ മാത്രം

2 ലീറ്റർ ടി എസ് ഐ പെട്രോൾ എൻജിനു വലിയ വിശേഷണങ്ങൾ വേണ്ട. ഇതേ എൻജിൻ ചെറിയ രൂപത്തിൽ പോളോയിൽ കാട്ടുന്ന മാജിക് അനുഭവിച്ചറിഞ്ഞവരാണ് നമ്മൾ. കൂടൂതൽ കരുത്തോടെ, 7 സ്പീഡ് ഡി എസ്  ജി ഗിയർബോക്സിന്റെകൂട്ടു കെട്ടിൽ ടൈഗ്വാൻ കുതിക്കും. 190 പി എസ് ആണ് കരുത്ത്. ഹൈബ്രിഡ് എൻജിൻ സാധാരണ പരിസ്ഥിതിയിൽ 15 കി മി വരെ ഇന്ധനക്ഷമത തരും. പോരേ ?

volkswagen-tiguan-allspace-4
Volkswagen Tiguan Allspace

പോരാത്തവർക്കായി

ഫോർ മോഷൻ നാലു വീൽഡ്രൈവ് സംവിധാനം ഓൾടൈം ഫോർ വീൽ മോഡിലാണ്. പുറമെ ഡ്രൈവർക്ക് മാനുവലായി മോഡുകൾ തെരഞ്ഞെടുക്കാം. വലിയ ഓഫ് റോഡിങ്ങിനുള്ള വാഹനമായി തെറ്റിദ്ധരിക്കരുത്. സോഫ്റ്റ് റോഡർ വിഭാഗത്തിൽകേരളത്തിൽ നിലവിലുള്ള ഏതു നിരത്തിലും തിളങ്ങാനാവും. ഓഫ് റോഡിങ്ങിനെക്കാൾ നാലു വീലിന്റെ പിടുത്തത്തിലൂടെ സുരക്ഷിതത്വമാണ് ടൈഗ്വാൻ. ആവശ്യമുള്ളപ്പോൾ നാലു ചക്രങ്ങളും അവസരത്തിനൊത്തുയർന്ന് റോഡിൽ ഉടുമ്പിനെപ്പോലെ പിടുത്തം തരും.

volkswagen-tiguan-allspace-3
Volkswagen Tiguan Allspace

യാത്രാസുഖം

ലക്ഷുറി സെഡാൻ സുല്ലിടുന്ന യാത്രാസുഖമാണ് ടൈഗ്വാൻ. തെല്ലു ഉയർന്നു നിൽക്കുന്നതിനാൽ കയറ്റിയിറക്കം സുഖകരം. മൂന്നു നിര സീറ്റുകൾ വരെയാകാം. എല്ലാ യാത്രക്കാർക്കും വ്യക്തിപരമായി ക്രമീകരിക്കാവുന്ന ത്രീ സോൺ ക്ലൈമട്രോണിക് എസിയും ഫോൾഡബിൾ ട്രേ അടക്കമുള്ള സൗകര്യങ്ങളും. പനോരമിക് സൺ റൂഫ്, പാഡിൽ ഷിഫ്റ്റ്, വിയന്ന ലെതർ സീറ്റ്, 18 ഇഞ്ച് അലോയ്, തിയെറ്റർ സൗണ്ട് സിസ്റ്റം, പാർക്ക് അസിസ്റ്റ്, 7 എയർ ബാഗ് എന്നിങ്ങനെ ആഢംബരത്തിനും സുരക്ഷയ്ക്കും അന്ത്യമില്ല.

Volkswagen Tiguan Allspace
Volkswagen Tiguan Allspace

ഡ്രൈവിങ് സുഖം 

ആയാസ രഹിതമായ ഡ്രൈവിങ്ങ് കൂടിയാണ് ടൈഗ്വാൻ. അടുത്തയിടെ ഡ്രൈവ് ചെയ്തതിൽ ഏറ്റവും സുഖകരമായ വാഹനങ്ങളിലൊന്ന്. ഓടിച്ചു വശാകില്ല, മടുപ്പിക്കാത്ത സുഖാനുഭൂതിയാണ് ഡ്രൈവിങ്. സുഖകരമായ കൺട്രോളുകളും ഏതുപരിസ്ഥിതിക്കും ഇണങ്ങുന്ന എൻജിൻ ഓപ്റ്റിമൈസേഷനുകളും തന്നെ കാരണം. വെറുതെ സ്റ്റിയറിങ് പിടിച്ചങ്ങിരുന്നാൽ മതി, ബാക്കിയൊക്കെ അങ്ങു നടന്നു പൊയ്ക്കോളും. ചുമ്മാതല്ല 60 ലക്ഷം പേർ ടൈഗ്വാൻ പ്രിയവാഹനമാക്കിയത്.

volkswagen-tiguan-allspace-8
Volkswagen Tiguan Allspace

സർവീസിനു കാശു വേണ്ട

അഞ്ചു സർവീസ് അഥവാ 75000 കിലോമീറ്റർ വരെ എല്ലാം ഫ്രീയായി കിട്ടുന്ന പാക്കേജിന് 1.5 ലക്ഷം. ബാറ്ററിയും, ബ്രേക്ക് ഡിസ്കുകളും എന്നു വേണ്ട വൈപ്പർ ബ്ലേഡിനു പോലും ഇക്കാലഘട്ടത്തിൽ പണം മുടക്കേണ്ട. പെട്രോളടിക്കുക, ഓടിക്കുക. അത്ര തന്നെ.

ടെസ്റ്റ്ഡ്രൈവ്: ഇവിഎം 9895764023

English Summary: Volkswagen Tiguan All Space Test Drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT