ഹെക്ടർ ക്യാപ്റ്റനായപ്പോൾ ഹെക്ടർ പ്ലസ്

HIGHLIGHTS
  • കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം– 7306335299
  • 40000 രൂപ വിലക്കൂടുതലിൽ ഒരു നിര സീറ്റ് കൂടി
mg-hector-plus
MG Hector Plus
SHARE

ഒരൊറ്റ നിര സീറ്റ് കൂടിയപ്പോൾ ഹെക്ടർ എന്തായി? ഹെക്ടർ പ്ലസ്. എന്നാൽ ഒരു നിര സീറ്റ് മാത്രമാണോ പ്ലസ്? അല്ലേയല്ല. എസ്‌യുവി പകിട്ടുള്ള, എംപിവി ഗുണമുള്ള, കാറിന്റെ ഡ്രൈവിങ് മികവുള്ള വാഹനമായി ഉയർന്നു പ്ലസ്. എസ്‌യുവികൾക്കു മാത്രമല്ല ഇന്നോവകൾക്കും എർട്ടിഗകൾക്കും കൂടി ഹെക്ടർ ഇനി എതിരാളിയാണ്.

mg-hector-plus-2
MG Hector Plus

ഒന്നല്ല, രണ്ടല്ല, നാലുണ്ട് ക്യാപ്റ്റന്മാർ...

വെറും 65 മില്ലി മീറ്റർ നീളക്കൂടുതൽ നാലു ക്യാപ്റ്റന്മാരെ ചമയ്ക്കുന്നു. ആദ്യ രണ്ടു നിരയിൽ ക്യാപ്റ്റൻ സീറ്റുകൾ മാത്രം. ഡ്രൈവറടക്കം നാലു പേർക്ക് ആം റെസ്റ്റും സ്വതന്ത്ര നിയന്ത്രണങ്ങളുമായി സുഖയാത്ര. ഏറ്റവും പിന്നിൽ കുട്ടികളാണെങ്കിൽ മൂന്ന്, അല്ലെങ്കിൽ രണ്ട്. സുഖമായി യാത്ര ചെയ്യാം. ചെയ്തിട്ടാണ് പറയുന്നത്, 1400 കിലോമീറ്ററോളം. ഇത്ര ദൂരത്തിനു പറ്റുന്നത്ര ലഗേജ് ഇടം. മടുപ്പിക്കാത്ത ഡ്രൈവിങ്. ഉടച്ചിലില്ലാത്ത യാത്രാസുഖം. ഫ്രഷ് ടു ഫ്രഷ്.

mg-hector-plus-3
MG Hector Plus

ഞാനൊരു പാവമാണേ...

ഹെക്ടറിൽ പ്ലസ് കൂടിച്ചേരുമ്പോളുള്ള സ്ഥായീഭാവം ഇതാണ്. ഒന്നു ലളിതമായി. പുറത്തൊക്കെ കുറച്ചു ക്രോമിയം കുറഞ്ഞോ? എന്തായാലും ഗാംഭീര്യമുള്ള സിഗ്നേച്ചർ എം ജി ഗ്രില്ലിൽ കാര്യമായി തൊട്ടിട്ടില്ല. കുറച്ചു വലുതായതുപോലെ തോന്നാൻ കാരണം ഫ്രേം ഒഴിവാക്കിയതാണ്. വശങ്ങളിലൊക്കെ ക്രോമിയം തെല്ലു കുറച്ചു. എൽഇഡി ലൈറ്റിങ്ങിലും സൂക്ഷിച്ചു നോക്കിയാൽ മാറ്റം കാണാം. ബമ്പറിലുമുണ്ട് ശ്രദ്ധിച്ചാൽ മാറ്റങ്ങൾ. വശക്കാഴ്ച നീളക്കൂടുതൽ പ്രകടമാക്കില്ല. 17 ഇഞ്ച് വീലുകളൊക്കെയായി ആ എസ്‌യുവി ഭാവം വിട്ടു കളയാതെ നിൽക്കുന്നു.

mg-hector-plus-8
MG Hector Plus

ഉള്ളിൽ തകർത്തു

സാധാരണ മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾ ഡ്രൈവർക്കുള്ളതാണ്. മുതലാളി പിന്നിൽ ചാഞ്ഞങ്ങു കിടക്കും. ഇവിടെ ഡ്രൈവർക്കൊപ്പം പ്രാധാന്യം ഉടമയ്ക്കുണ്ട്. കറുപ്പ് സീറ്റുകളും ട്രിമ്മും ടാൻ നിറത്തിനു വഴിമാറിയപ്പോൾ കൂടുതൽ പ്രീമിയമായിട്ടുണ്ട്. എല്ലാ സീറ്റുകളിലും കാലു നീട്ടി സുഖമായിരിക്കാം. പിൻനിരയും മോശമല്ല. പിറകിലെ സീറ്റുകളും സുഖസമൃദ്ധം. മൂന്നാം നിര സീറ്റിലും എസി അടക്കം സൗകര്യങ്ങളെല്ലാം. ഡിക്കി ഇടം തീർച്ചയായും കുറഞ്ഞിട്ടുണ്ട്. 155ലീറ്ററാണ് എല്ലാ സീറ്റുകളിലും യാത്രക്കാരുണ്ടെങ്കിൽഡിക്കി സ്ഥലം. ഫുൾഹൗസ് അല്ലെങ്കിൽ 530 ലീറ്റർ കിട്ടും. ഏതു സെഡാനെക്കാളും അധികം. സാധാ ഹെക്ടറിന് 587 ലീറ്റർ ലഗേജ് ഇടം ഉണ്ട്.

mg-hector-plus-6
MG Hector Plus

വിട്ടുവീഴ്ചയ്ക്ക് ഞങ്ങളില്ല

ഡ്രൈവബിലിറ്റി. അതിൽ വിട്ടു വീഴ്ചകളില്ല. ലളിതവും സുഖപ്രദവുമായ സ്റ്റ്റീയറിങ്ങും ക്ലച്ചുമൊക്കെയാണ് ഈ മികവിനു പിന്നിൽ. ഡ്രൈവർ സീറ്റിൽ കയറിയിരുന്നാൽ മാറ്റങ്ങളൊന്നുമില്ല. ഹെക്ടറും പ്ലസും എല്ലാം സമാസമം. ഓടിച്ചത് പെട്രോൾ ഹൈബ്രിഡ് മോഡലാണ്. തൊട്ടാൽ വീഴുന്ന ആറു സ്പീഡ് ഗീയറും സുഖകരമായ ക്ലച്ചും ബ്രേക്കിങ്ങും ക്രൂസ് കൺട്രോളുമൊക്കെച്ചേർന്ന് യാത്ര ആഘോഷവും ആയാസ രഹിതവുമാക്കി. ഹൈബ്രിഡിന് ഇന്ധനക്ഷമത പ്രായോഗികമായി 12 കിലോമീറ്ററിലധികം ലഭിച്ചു. ഡീസൽ, പെട്രോൾ മാനുവൽമോഡലുകളുണ്ട്. എന്നാണാവോ ഡീസൽ ഓട്ടോ ഇറങ്ങുക. 

mg-hector-plus-11
MG Hector Plus

എല്ലാം ചൈന തന്നെ

ഇനി ചൈനാ വിരോധികളോട്. അറിയുമോ പല ലോകബ്രാൻഡുകളും ചൈനയിൽ നിന്നാണ് വരുന്നതെന്ന്? ഇവിടെ കാണാൻ പറ്റുന്ന രണ്ട് ഉദാഹരണം. ഒന്ന്: മെഴ്സെഡിസ് എ ക്ലാസ് സെഡാൻ. വരുന്നതേയുള്ളു. എങ്കിലും എവിടുന്നാ വരവ്? ചൈന. രണ്ട്: ഹിറ്റ്ലറുടെ പീപ്പിൾസ് കാർ ഫോക്സ്‌വാഗന്റെ പ്രീമിയം എസ്‌യുവി ടൈഗ്വാൻ ഓൾസ്പേസ്. സംഗതി നിർമിക്കുന്നത് എംജിയുടെ ഉടമകളായ സായ്ക് മോട്ടോഴ്സ് നിർമാണശാലയിൽ. അതേ ചൈനയിൽ, ജർമനിയിൽ നിന്നല്ല.

mg-hector-plus-8
MG Hector Plus

ഇതൊരു കുറ്റമാണോ?

കുറ്റം പറയരുത്. ജർമനിയിലും ചൈനയിലും പോയിട്ടുണ്ട്. മ്യൂണിക്കിലെ ബി എം ഡബ്ലു ശാലയിൽ നിന്നു ഷാങ്ഹായിലെ സായ്ക് നിർമാണ ശാലയെ വ്യത്യസ്തമാക്കുന്ന, കാര്യമായതൊന്നും കണ്ടിട്ടില്ല. സായ്ക് മോട്ടോഴസ്ശാല മ്യൂണിക്കിലെ ശാലയുടെ പത്തിരട്ടി വലുപ്പമുള്ളതാണെന്ന മാറ്റം മാത്രം. ചൈനയ്ക്കു വേണ്ട ബി എം ഡബ്ല്യു കൾ ചൈനയിൽത്തന്നെ നിർമിക്കുന്നു. ഷെൻയാങിലുള്ള ബ്രില്യന്റ് ബിഎംഡബ്ല്യു പ്ലാൻറിൽ. ബെയ്ജിങ് ബെൻസ് എന്ന സ്ഥാപനമാണ് ചൈനയ്ക്കായുള്ള മെഴ്സെഡിസ് കാറുകള് നിര്ർമിക്കുന്നത്.

mg-hector-plus-10

വാങ്ങണോ?

വെറും 40000 രൂപ അധിക വിലയിൽ തീർച്ചയായും പരിഗണിക്കാം. 13.50 ലക്ഷത്തിന് എല്ലാം തികഞ്ഞ 6 സീറ്റർ കിട്ടിയാൽ പുളിക്കുമോ?

കൂടുതൽ വിവരങ്ങൾക്ക്– 7306335299

English Summary: MG Hector Plus Test Drive Report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUVS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA