വീണ്ടും ബ്രെസ: കണ്ണടച്ചു വാങ്ങാം...

SHARE

ആറു കൊല്ലം കൊണ്ട് 7.5 ലക്ഷം കാറുകൾ. എല്ലാ മാസവും ടോപ് 10 വിൽപന പട്ടികയിൽ സ്ഥാനം. വിറ്റാര ബ്രെസ വൻ വിജയമാണെന്ന് വിലയിരുത്താൻ ഈ കണക്ക് മാത്രം പോരെങ്കിൽ പുതിയ ബ്രെസയുടെ ബുക്കിങ് കൂടി അറിയുക. 7 ദിവസം കൊണ്ട് 45000. ഒരോ ദിവസവും 7500 ബുക്കിങുമായി മുന്നേറുന്നു. വണ്ടിയൊന്നു നന്നായി കാണും മുമ്പേ ജനം നൽകിയ ഈ പിന്തുണ മാത്രം മതി ബ്രെസ സൂപ്പർ ഹിറ്റാണെന്നു മനസ്സിലാക്കാൻ.

mauruti-suzuki-brezza-8
Maruti Suzuki Brezza

സൺറൂഫ് മാരുതി

ബ്രെസയിലുടെ ആദ്യമായി സൺ റൂഫ് മാരുതിയിലെത്തുന്നു എന്നതിൽ നിന്നു മനസ്സിലാക്കേണ്ടത് എത്രത്തോളം മാറ്റങ്ങൾ പുതിയ മോഡലിനുണ്ടായി എന്നാണ്. ഒരു ദശകം മുമ്പിറങ്ങിയ സൂപ്പർ ആഡംബര കാറായ കിസാഷിയിൽപ്പോലും നൽകാതിരുന്ന സൺറൂഫ് ബ്രെസയ്ക്കു നൽകി. ഒപ്പം അനേകം സമാന സുഖസൗകര്യങ്ങളും. 

mauruti-suzuki-brezza-4

ചെറുതല്ലാത്ത മാറ്റങ്ങൾ

പുതിയ ഉയർന്ന ബോണറ്റും ഗ്രില്ലും ഹെഡ് ലാംപുകളുമാണ് ബ്രെസയിലെ പ്രധാന മാറ്റം. കൂടുതൽ എസ് യു വി സ്വഭാവം ഈ മാറ്റത്തിലൂടെയെത്തി. ബമ്പർ പുതുതാണ്. ക്ലാഡിങ്ങും പുതിയത്. ധാരാളിത്തമുള്ള ഈ ക്ലാഡിങ്ബമ്പറിൽ നിന്നു വീൽ ആർച്ചുകളിലൂടെ വശങ്ങളിലേക്ക് വ്യാപരിക്കുന്നു. 18 ഇഞ്ച്  വീൽ രൂപകൽപന സൂപ്പർ. റൂഫ് റെയിലുകൾ ഉയരവും ഗൗരവവും കൂട്ടുന്നുണ്ട്. വശങ്ങളിൽ പഴയ വാഹനത്തോട് സാമ്യമുണ്ടെങ്കിലും പിൻവശത്ത് പുതുമകൾ. ഹെഡ് ലാംപുകളുടെ അതേ ‘തീം’ പിന്തുടരുന്ന എൽ ഇ ഡി ടെയ്‌ൽ ലാംപുകൾ, ബ്രെസ എന്ന എഴുത്ത്. അപ്രത്യക്ഷമായ വിറ്റാര എന്ന ബ്രാൻഡിങ് ക്രെറ്റയെ പൊട്ടിക്കാനെത്തുന്ന പുതിയ വാഹനത്തിനായി മാറ്റിവച്ചിരിക്കയാണെന്നു കരുതണം. ഈ മാസം 20 ന് പുതിയൊരു എസ്‌യുവി മാരുതി പ്രദർശിപ്പിക്കും.

mauruti-suzuki-brezza-2

മോഡലിൽ നിന്നു മോഡലിലേക്ക്

അടുത്തയിടെ രൂപമാറ്റം വന്ന മാരുതികളെല്ലാം ഉൾവശത്തിന് ഗണ്യമായ ‘അപ്ഗ്രേഡ്’ നൽകിയിട്ടുണ്ട്. ബലീനോയിലും എക്സ് എൽ 6 ലും കണ്ട ഈ മാറ്റങ്ങൾ ബ്രെസയിലും തുടരുന്നു. ആഡംബര കാറുകൾക്കൊത്ത ഫിനിഷ്. നല്ലസീറ്റുകൾ. ഹെഡ്സ് അപ് ഡിസ്പ്ളേ, സ്മാർട് പ്ലേ പ്രോ പ്ലസ് സറൗണ്ട് മ്യൂസിക് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജിങ്, 9 ഇഞ്ച് എൽ ഇ ഡി, പിൻ എ സി വെൻറ് ഇലക്ട്രിക് സൺ റൂഫ്... മാരുതി വിശേഷിപ്പിക്കുംപോലെ പുതിയ ബ്രെസ ഹോട്ടാണ്, ടെക്കിയുമാണ്....

mauruti-suzuki-brezza-1

എന്തു സുഖമാണീ ഇരിപ്പ്

എസ് യു വികൾ നൽകുന്ന ഉയർന്ന ഇരിപ്പ് സുഖകരമാണ്. വലുപ്പമുള്ള മുൻസീറ്റുകൾക്ക് ആവശ്യത്തിലുമധികം ലെഗ് റൂം. പിന്നിലും സ്ഥലസൗകര്യം കുറവെന്ന് ആരോപിക്കാനാവില്ല. ഡിക്കി സ്ഥലം ധാരാളം. കാറ്റും വെളിച്ചവുംലഭിക്കുന്ന ക്യാബിൻ ദൂരയാത്രകളിൽ യാത്രക്കാർക്ക് ഉന്മേഷമേകും.

mauruti-suzuki-brezza

അതിലും സുഖമാണീ ഡ്രൈവ്

തലവേദനകളില്ലാത്ത ഡ്രൈവിങ്. 1.5 കെ സീരീസ് എൻജിന് 103 ബി എച്ച് പി. പഴയ മോഡലിലെ  സിംഗിൾ ഇൻജക്ടറുകൾക്കു പകരം ഡ്യുവൽ ഇൻജക്ടറുകൾ എത്തിയപ്പോൾ ഇന്ധനക്ഷമതയും ഡ്രൈവിങ് സുഖവും കൂടി. 6 സ്പീഡ് ടോർക്ക്കൺവർട്ടർ ഗിയർബോക്സ്. അതീവ സുഖകരമായ ഡ്രൈവിങ്. മാനുവൽ മോഡലും ഒട്ടും മോശമല്ല. ലൈറ്റ് ക്ലച്ചും കൃത്യതയുള്ള ഗിയർ മാറ്റവും ഈ വിഭാഗത്തിലെ  ഏറ്റവും മികച്ച ഡ്രൈവബിലിറ്റി ബ്രെസയ്ക്കു നൽകുന്നു. മാനുവലിന് 20.15, ഓട്ടമാറ്റിക്കിന് 19.80 കിമി എന്നിങ്ങനെയാണ് ഇന്ധനക്ഷമത. മൈൽഡ്ഹൈബ്രിഡ് സംവിധാനത്തിലൂടെ സാധിച്ചെടുക്കുന്ന ഈ മികവ് എതിരാളികളായ ടാറ്റയെയും ഹ്യുണ്ടേയുമൊക്കെ ഞെട്ടിക്കുന്നു.

Brezza-New7

ഹോട്ട് ആൻഡ് ടെക്കി...

മാരുതി വിശേഷണം അക്ഷരാർത്ഥത്തിൽ ശരി. പുതിയ ബ്രെസ ഇതു രണ്ടുമാണ്. അതിനും പുറമെ പ്രായോഗികവും. കുറഞ്ഞ അറ്റകുറ്റപ്പണി മുതൽ സർവീസ് ലഭ്യത വരെയുള്ള കാര്യങ്ങളിൽ ബ്രെസ എതിരാളികളുടെ കൊമ്പൊടിക്കും. ടാറ്റ നെക്സോൺ പോലെയുള്ള സമാന മോഡലുകൾ വാങ്ങി സർവീസ് ലഭിക്കാതെ കറങ്ങുന്ന അവസ്ഥ ഒരു മാരുതിക്കും ഉണ്ടാവില്ല. ഏതു ചെറിയ പട്ടണത്തിലും പരസ്പരം മത്സരിക്കുന്ന ഒന്നിലധികം സർവീസ് കേന്ദ്രങ്ങൾ മാരുതിക്കുണ്ട്. പരിപാലനച്ചെലവ് താരതമ്യേന കുറവുമാണ്. 

brezza-price

വില അത്ര കൂടുതലല്ല

വില 7.99 ലക്ഷത്തിൽ തുടങ്ങുന്നു. ഉയർന്ന മോഡലിന് 13.96 ലക്ഷം. പഴയ മോഡലിൽ നിന്ന് ഗണ്യമായ വർധനയില്ല. ഒരു ഡീസൽ മോഡൽ കൂടി ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു...

English Summay:  Maruti Suzuki Brezza Test Drive Report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS