ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്!

HIGHLIGHTS
  • ലാഡർ ഫ്രെയിം ഷാസി ജിംനിയുടെ ഓഫ് റോഡ് ശേഷി വർധിപ്പിക്കുന്നു
  • സുസുക്കിയുടെ ഐഡിൽ സ്റ്റാർട്ട് സ്റ്റോപ് സാങ്കേതികവിദ്യ
SHARE

ജിപ്സിയെ ഇന്ത്യൻ വിപണിയിൽനിന്നു പിൻവലിച്ചപ്പോൾ മുതൽ ജിംനി എന്നുവരും എന്ന ആകാംക്ഷയിലായിരുന്നു വാഹനലോകം. 2018ൽ രാജ്യാന്തര വിപണിയിൽ ജിംനിയുടെ നാലം തലമുറ പുറത്തിറങ്ങിയപ്പോഴും കയറ്റുമതിക്കായി ഇന്ത്യയിൽ നിർമാണം ആരംഭിച്ചപ്പോഴും ആകാംക്ഷ വർധിച്ചു. 3 ഡോർ ഇല്ല, പകരം 5 ഡോർ വാഹനമായിരിക്കുമെന്ന് അറിഞ്ഞപ്പോൾ പിന്നെയും നീണ്ടു ആ കാത്തിരിപ്പ്. ഒടുവിൽ 2023 ജനുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ ജിംനിയെ അവതരിപ്പിച്ചു. നാലുമാസത്തിനിപ്പുറം ജിംനിയുടെ ടെസ്റ്റ് ഡ്രൈവ്. ജിപ്സി എന്ന ഐതിഹാസിക വാഹനത്തിന്റെ ‘മാച്ചോമാൻ’ ലുക്ക് ജിംനി നിലനിർത്തുമോ, ഓടിച്ചറിയാം...

അൽപം ചരിത്രം

1985 ൽ ആണ് ജിപ്സി ഇന്ത്യയിലെത്തുന്നത്. ചെറിയ രൂപവും ഓഫ് റോഡ് ശേഷിയുമെല്ലാം ജിപ്സിയെ പട്ടാളത്തിന്റെയും പൊലീസിന്റെയും ഇഷ്ടവാഹനമാക്കി മാറ്റി. ജിപ്സിയുടെ ചരിത്രം എണ്‍പതുകളിലാണ് ആരംഭിക്കുന്നതെങ്കിൽ ജിംനിയുടെത് 1970 ലാണ്. ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കിക്ക് രാജ്യാന്തര വിപണിയിൽ മേൽവിലാസമുണ്ടാക്കി കൊടുത്ത വാഹനങ്ങളിലൊന്നാണ് ജിംനി.

Jimny brochure Single page lowress

രണ്ടാം തലമുറ

1980 ലാണ് രണ്ടാം തലമുറ ജിംനി എത്തുന്നത്. ഇതാണ് ജിംനിയെ കൂടുതൽ പ്രശസ്തമാക്കിയതും. ഈ മോഡൽ വലുപ്പം കൂട്ടി ജിപ്സിയായി ഇന്ത്യയിൽ എത്തിച്ചു. സെമുറായ്, കരീബ്യൻ, ഡോവർ, സീറ, സാന്റാന, പോട്ടഹാർ, ഫോക്സ് തുടങ്ങിയ പേരുകളിൽ ഏഷ്യയിലെയും യൂറോപ്പിലെയും അടക്കം നിരവധി രാജ്യങ്ങളിൽ വിൽപനയ്ക്കെത്തി.

maruti-suzuki-jimny-test-drive-10

മൂന്നാം തലമുറ

1998 ൽ രാജ്യാന്തര വിപണിയിൽ മൂന്നാം തലമുറ എത്തിയെങ്കിലും ഇന്ത്യയിൽ ജിപ്സി 2018–19 കാലം വരെ തുടർന്നു. 2018 ലാണ് ജിംനിയുടെ നാലാം തലമുറ എത്തിയത്. രാജ്യാന്തര വിപണിയിലെ മൂന്നു ഡോർ വകഭേദത്തിന്റെ അഞ്ച് ഡോർ പതിപ്പാണ് ഇന്ത്യയിലെ ജിംനി. ജിപ്സി എന്ന പേര് ഉപേക്ഷിച്ച് ജിംനിയായിത്തന്നെ ഈ കാർ ഇന്ത്യയിൽ തുടരും.

maruti-suzuki-jimny-test-drive-14

ഓഫ് റോഡ് കിങ്

ഒരുപക്ഷേ ഇന്ത്യൻ വിപണിയിലെ ഏറ്റവും ക്യൂട്ട് ലുക്കുള്ള ഓഫ് റോഡ് വാഹനമായിരിക്കും ജിംനി. അടിമുടി ബോക്സി രൂപം. ലാഡർ ഫ്രെയിം ഷാസി ജിംനിയുടെ ഓഫ് റോഡ് ശേഷി വർധിപ്പിക്കുന്നു. ചെറിയ രൂപം, 36 ഡിഗ്രി അപ്രോച്ച് ആംഗിൾ, 47 ഡിഗ്രി ഡിപ്പാർച്ചർ ആംഗിള്‍, 24 ഡിഗ്രി ബ്രേക് ഓവര്‍ ആംഗിള്‍ എന്നിവ ജിംനിയുടെ പ്രത്യേകതകളാണ്. സോളിഡ് റിയർ, ഫ്രണ്ട് ആക്സിൽ, ഹിൽ സ്റ്റാർട്ട്, ഹിൽ ഡസന്റ്, ഇഎസ്പി, ഇലക്ട്രോണിക് ബ്രേക് ഡിഫ്രൻഷ്യൽ എന്നിവ  ജിംനിയെ ഓഫ്റോഡിലെ രാജാവാക്കി മാറ്റും. 2 എച്ച് (കരുത്ത് പിൻ വീലുകളിൽ മാത്രം, ഹൈവേയ്ക്ക് അനുയോജ്യം), 4 എച്ച് (നാലു വീലിലും കരുത്ത്, കഠിനമല്ലാത്ത ചെറു ഓഫ് റോഡുകൾക്ക് അനുയോജ്യം), 4 എൽ (അതി കഠിനമായ ഓഫ് റോഡുകൾക്ക് വേണ്ടിയുള്ള മോഡ്) എന്നീ മോഡുകളുണ്ട്. ഇതിൽ 2എച്ച്, 4 എച്ച് എന്ന് മോഡലുകൾ ഓട്ടത്തിൽത്തന്നെ ഇടാം. 4 എല്‍ വാഹനം നിർത്തി ഗിയർ ന്യൂട്രല്‍ ആക്കിയതിനു ശേഷം മാത്രം.

maruti-suzuki-jimny-test-drive-9

ഡെറാഡൂണിലെ മാൽദേവതയിലെ അതികഠിനമായ ട്രാക്കിലായിരുന്നു ആറ് സ്റ്റേജുകളിലായുള്ള ജിംനിയുടെ ഓഫ് റോഡ് പരീക്ഷണം. അർട്ടിക്കുലേഷനിലും 310 എംഎം വാട്ടർ വെയിഡിങ്ങിലുമെല്ലാം ജിംനി നിഷ്പ്രയാസം വിജയിച്ചു കയറി. റെസ്പോൺസ് നൽകുന്ന സ്റ്റിയറിങ്. 210 എംഎം ഗ്രൗണ്ട് ക്ലിയറൻസ് റോഡ് ഇല്ലാത്തിടത്തും ജിംനിയെ മുന്നിലെത്തിക്കും. രൂപവും ഭാരക്കുറവും ചെറു റോഡുകളിലൂടെയും ജിംനിയെ നിഷ്പ്രയാസം സഞ്ചരിക്കാൻ പ്രാപ്തനാക്കുന്നു. 

maruti-suzuki-jimny-test-drive-7

സുന്ദരനായ ഓഫ് റോഡർ

ഓഫ് റോഡ് മികവിനെക്കാൾ സാധാരണക്കാരെ ജിംനിയിലേക്ക് ആകർഷിക്കുന്നത് രൂപം തന്നെയാണ്. അതിമനോഹരമായ രൂപം ജിംനിയുടെ വിജയത്തിന് പ്രധാന പങ്കുവഹിക്കും. മഹീന്ദ്ര ഥാറിനെക്കാളും ഫോഴ്സ് ഗൂർഖയെക്കാളും വലുപ്പത്തിൽ ചെറുതാണെങ്കിലും ഭംഗികൊണ്ട് ആരുടേയും മനം കവരും ജിംനി. അഞ്ച് സ്ലോട്ട് ക്രോം ഗ്രില്ലാണ് മുന്നിൽ. ഭംഗിയുള്ള ഉരുണ്ട എൽഇഡി ഹെഡ് ലാംപ്. ഉയർന്ന വകഭേദത്തിൽ ഹെഡ്‌ലാംപ് വാഷർ. ഓഫ്റോഡിനു ചേർന്ന തരത്തിലാണ് ബ്ലാക് നിറത്തിലുള്ള ബംപറിന്റെ രൂപം. എടുത്തു നിൽക്കുന്ന ബ്ലാക് ക്ലാഡിങ്ങോടു കൂടിയ വീൽ ആർച്ചുകൾ. ഭംഗിയുള്ള സി പില്ലർ ഗ്ലാസ്. വശങ്ങളിൽനിന്നു നോക്കിയാൽ ക്യൂട്ട് ആൻഡ് ബോക്സി രൂപം.

maruti-suzuki-jimny-test-drive-3

നീളം, വീതി

സ്പെയർ വീൽ അടക്കം 3985 എംഎം നീളവും 1645 എംഎം വീതിയും 1720 എംഎം ഉയരവുമുണ്ട് ജിംനിക്ക്. വീൽ ബെയ്സ് 2590 എംഎം. ബൂട്ട് സ്പെയ്സ് 208 ലീറ്റർ, പിൻ സീറ്റുകൾ മടക്കിയാൽ 332 ലീറ്റർ. ടേണിങ് റേഡിയസ് 5.7 മീറ്റർ. ഉയർന്ന വ‌കഭേദത്തിൽ 15 ഇഞ്ച് അലോയ് വീലുകൾ. വിവിധ വകഭേദങ്ങളുടെ ഭാരം 1195 കിലോഗ്രാം മുതൽ 1210 കിലോഗ്രാം വരെ.

maruti-suzuki-jimny-test-drive-2

സുരക്ഷ

ആറ് എയർബാഗുകൾ, ബ്രേക് ലിമിറ്റഡ് സ്ലിപ് ഡിഫ്രൻഷ്യൽ, ഇഎസ്പി, എബിഎസ്, ഇബിഡി, 3 പോയിന്റ് സീറ്റ്ബെൽറ്റ്, ഹിൽ ഹോൾഡ്, ഹിൽ ഡിസൻഡ്, ഐഎസ്ഒഎഫ്ഐഎക്സ് ചൈൽഡ് സീറ്റ്, റിവേഴ്സ് ക്യാമറ, റിയർ പാർക്കിങ് സെൻസർ എന്നിവയുണ്ട്.

maruti-suzuki-jimny-test-drive-13

ഇന്റീരിയർ

അധികം ആർഭാടങ്ങളില്ലാത്ത ഇന്റീരിയർ. നിവർന്നിരുന്ന് റോഡ് മുഴുവൻ കാണാവുന്ന സീറ്റിങ്. നല്ല കാഴ്ച നൽകുന്ന വലിയ ഗ്ലാസ് ഏരിയ. ഡ്യുവൽ പോഡ് ശൈലിയിലുള്ള മീറ്റർ കൺസോൾ. ഇതിന് നടുക്കായാണ് എംഐഡി ഡിസ്പ്ലെ. അധികം വലുപ്പമില്ലാത്ത സ്റ്റിയറിങ് വീൽ. 9 ഇഞ്ച് സുസുക്കി സ്മാർട്ട്പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുണ്ട്. കൂടാതെ ആർക്കമീസിന്റെ സറൗണ്ട് സെൻസ് ശബ്ദ വിന്യാസവും. റോട്ടറി സ്വിച്ചുകളാണ് എസിക്ക്. യാത്ര സുഖകരമാക്കുന്ന സീറ്റുകളാണ് പിന്നിലും മുന്നിലും. ആവശ്യത്തിന് ഹെഡ് റൂമും ലെഗ് റൂമും. പിന്നിലും യാത്ര സുഖകരം.

maruti-suzuki-jimny-test-drive-4

സസ്പെൻഷൻ അടിപൊളി

ജിപ്സിയെ സാധാരണക്കാരിൽനിന്ന് അകറ്റി നിർത്തിയതിന്റെ പ്രധാന കാരണം സസ്പെൻഷനാണ്. ജിംനി ആ പരാതി പൂർണമായും പരിഹരിച്ചു. ഒന്നാന്തരം എന്നല്ലാതെ സസ്പെൻഷനെക്കുറിച്ചു പറയാനാകില്ല. 3 ലിങ്ക് റിജിഡ് ആക്സിൽ ടൈപ്പ് വിത്ത് കോയിൽ സ്പ്രിങ് സസ്പെൻഷന്റെ മികവ് എടുത്തു പറയണം. 

maruti-suzuki-jimny-test-drive-12

എൻജിൻ, ഇന്ധനക്ഷമത 

സുസുക്കിയുടെ ഐഡിൽ സ്റ്റാർട്ട് സ്റ്റോപ് സാങ്കേതികവിദ്യയുടെ പിൻബലമുള്ള കെ 15 ബി എൻജിൻ. 104.8 എച്ച്പി കരുത്തും 134.2 എൻ എം ടോർക്കും ഈ എൻജിനുണ്ട്. 5 സ്പീഡ് മാനുവൽ, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകൾ. മാനുവൽ വകഭേദത്തിന് ലീറ്ററിന് 16.94 കിലോമീറ്ററും ഓട്ടമാറ്റിക് വകഭേദത്തിന് 16.39 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. 

maruti-suzuki-jimny-test-drive-1

റൈഡ്‌

ഓഫ്റോഡിൽ മാത്രമല്ല ഓൺ റോഡിലും ജിംനിയുടെ പെർഫോമൻസ് മുന്നിൽത്തന്നെ. റെസ്‍പോൺസുള്ള സ്റ്റിയറിങ് വീൽ ഹൈവേയിൽ കോൺഫിഡൻസ് നൽകും. ബ്രേക്കിങ്ങും ഒന്നാന്തരം. ഹെയർ പിൻ വളവുകളുള്ള റോഡുകളിലും ഹൈവേകളിലും മടുപ്പിക്കാത്ത പെർഫോമൻസാണ് ജിംനി കാഴ്ച വയ്ക്കുന്നത്. മനോഹരമായ രൂപവും ഏതു പ്രതിബന്ധങ്ങളെയും തരണം ചെയ്യുന്ന ഓഫ് റോഡ് മികവും ഹൈവേയിലേയും നഗരത്തിലേയും പെർഫോമൻസും ജിംനിയെ വാഹനലോകത്തെ പ്രിയങ്കരനാക്കി മാറ്റുമെന്നതിൽ സംശയം വേണ്ട.

English Summary: Maruti Suzuki Jimny Test Drive

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA