ശരീരമാസകലം മുറിവുകൾ, എല്ലാ വിരലുകളിലും ഒടിവ്; റെജെനി അനുഭവിച്ചത് ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരുടെ ക്രൂരപീഡനം
Mail This Article
റോം∙ ചാരനെന്ന് തെറ്റിദ്ധരിച്ച് പീഡനത്തിനിരയായി ഈജിപ്തിൽ കൊല്ലപ്പെട്ട കേംബ്രിജ് സർവകലാശാല വിദ്യാർഥി അനുഭവിച്ചത് കൊടുംക്രൂരതയെന്ന് റിപ്പോർട്ടുകൾ . 2016-ൽ കയ്റോയിൽ കൊല്ലപ്പെട്ട ഇറ്റാലിയൻ പൗരനായ ജിയുലിയോ റെജെനിയുടെ (28) മരണത്തിൽ റോമിൽ നടക്കുന്ന വിചാരണയിൽ പ്രോസിക്യൂഷൻ ടീമിന്‍റെ മെഡിക്കൽ വിദഗ്ദ്ധനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പോസ്റ്റ്‌മോർട്ടത്തിൽ, റേസർ ഉപയോഗിച്ച് ശരീരമാസകലം മുറിവേൽപ്പിച്ചതിന്‍റെ പാടുകൾ കണ്ടെത്തി. ശരീരത്തിൽ ഗുരുതരമായ പൊള്ളലേറ്റു. വടികൾ കൊണ്ട് മർദ്ദിച്ചതിന്‍റെ ഫലമായി ശരീരത്തിൽ മുറിവുകളുടെയും ചതവുകളുടെയും പാടുകൾ കണ്ടെത്തി. 24 എണ്ണത്തിലധികം ഒടിവുകളും ശരീരത്തിലുണ്ടായിരുന്നു. വാരിയെല്ലും കൈകാലുകളിലെ എല്ലാ വിരലുകളും തോളുകളും ഒടിഞ്ഞിരുന്നു. റജെനിയുടെ കാൽപാദങ്ങളിൽ ഒന്നിലധികം മുറിവുകളും കാണപ്പെട്ടു. റേസർ ബ്ലേഡെന്ന് സംശയിക്കുന്ന മൂർച്ചയുള്ള ആയുധത്തിൽ നിന്നുള്ള മുറിവുകൾ ശരീരത്തിന്‍റെ പല ഭാഗങ്ങളിലും ഉണ്ടായിരുന്നു. സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന്‍റെയും അടയാളങ്ങളും കണ്ടെത്തി.
അതിക്രൂരമായ മർദനത്തിൽ റെജെനിയുടെയുടെ കഴുത്തിലെ അസ്ഥി ഒടിഞ്ഞതിനെ തുടർന്നുണ്ടായ മസ്തിഷ്ക രക്തസ്രാവമാണ് മരണ കാരണം. വടക്കുകിഴക്കൻ ഇറ്റലിയിലെ ഉഡിനിനടുത്തുള്ള ഫ്യൂമിസെല്ലോ എന്ന പട്ടണത്തിൽ നിന്നുള്ള റെജെനിയെ തിരിച്ചറിഞ്ഞത് മൂക്ക് കണ്ടാണ്. ശരീരവും മുഖവുമെല്ലാം മർദ്ദനത്തിൽ തിരിച്ചറിയാൻ സാധിക്കാതെ വിധമായി മാറിയിരുന്നതായി റെജെനിയുടെ അമ്മ പാവോള ഡിഫെൻഡി പറഞ്ഞു.
കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഇറ്റാലിയൻ പ്രോസിക്യൂട്ടർമാർ ആരോപിക്കുന്ന നാല് ഈജിപ്ഷ്യൻ രഹസ്യാന്വേഷണ ഏജന്‍റുമാർ റെജെനിയെ അതിക്രൂരമായി ആക്രമിച്ചു. എന്നാൽ സമൻസ് പുറപ്പെടുവിക്കുന്നതിന് അവരെ കണ്ടെത്താനായില്ല. തൽഫലമായി, അവർ ഹാജരാകാതെ വിചാരണ ചെയ്യപ്പെടുന്നു. രണ്ടാമത്തേതും ഏറ്റവും പുതിയതുമായ വിചാരണ ഈ വർഷം ഫെബ്രുവരിയിലാണ് ആരംഭിച്ചത് . റെജെനിയുടെ അമ്മയും അച്ഛനും സഹോദരിയും ഈ വിചാരണയിൽ പങ്കെടുത്തു.2016 ജനുവരി 25 ന് കയ്റോയിലെ ബെഹൂസ് മെട്രോ സ്റ്റേഷന് സമീപമുള്ള ഫ്‌ളാറ്റിൽ നിന്ന് സുഹൃത്തിനെ കാണാൻ പോയ റെജെനിയെ ഒൻപത് ദിവസങ്ങൾക്ക് ശേഷം മരിച്ച നിലയിലാണ് കണ്ടെത്തിയത്. കയ്‌റോയ്ക്കും അലക്സാണ്ട്രിയയ്ക്കും ഇടയിലുള്ള മരുഭൂമിയിലെ ഹൈവേയോട് ചേർന്നുള്ള ഒരു കുഴിയിൽ അരയ്ക്ക് കീഴോട്ട് നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഡോക്ടറൽ തീസിസിനുവേണ്ടി ഈജിപ്തിലെ സ്വതന്ത്ര യൂണിയനുകളെക്കുറിച്ച് ഗവേഷണം നടത്താൻ റെജെനി കയ്റോയിലെത്തിയത്. ഈജിപ്തിന്‍റെ സമ്പദ്‌വ്യവസ്ഥയിൽ ഭരണകൂടത്തിന്‍റെയും സൈന്യത്തിന്‍റെയും ദീർഘകാല ആധിപത്യത്തിലും റെജെനിക്ക് താൽപ്പര്യമുണ്ടായിരുന്നു. ഇടതുപക്ഷ ഇറ്റാലിയൻ പത്രമായ ഇൽ മാനിഫെസ്റ്റോയ്‌ക്ക് വേണ്ടി റെജെനി തൂലികാനാമത്തിൽ സർക്കാർ വിരുദ്ധ ലേഖനങ്ങൾ എഴുതിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഈജിപ്തിലെ ജനറൽ ഇന്‍റലിജൻസിൽ നിന്നുള്ള മേജർ മഗ്ദി ഷെരീഫ് റെജെനിയെ പിന്തുടരാൻ വിവരം നൽകിയെന്നും ഒടുവിൽ കയ്റോ മെട്രോ സ്റ്റേഷനിൽ വെച്ച് അറസ്റ്റ് ചെയ്‌തെന്നും തെളിയിക്കുന്ന തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഫെബ്രുവരിയിൽ പ്രോസിക്യൂട്ടർമാർ പറഞ്ഞിരുന്നു.വിദ്യാർഥിയെ നിരീക്ഷണത്തിലാക്കിയതായി 2016ൽ ഈജിപ്ഷ്യൻ സർക്കാർ സമ്മതിച്ചു. ഇറ്റാലിയൻ ഇന്‍റലിജൻസിന് വേണ്ടി റെജെനി പ്രവർത്തിച്ചിരിക്കാമെന്ന ഇറ്റാലിയൻ പത്ര വാർത്തകൾ കുടുംബം നിഷേധിച്ചു.