'ഇന്റർവ്യൂ വേണ്ട, വൻ ശമ്പളത്തിൽ ജോലി റെഡി'; തട്ടിപ്പിൽ ഇരയായി മലയാളികളും, ഒട്ടേറെ ഇന്ത്യക്കാർക്ക് പണം നഷ്ടം
Mail This Article
ദുബായ്∙ അഭിമുഖം പോലുമില്ലാതെ വൻ ശമ്പളത്തിന് ജോലി 'കിട്ടി' യുഎഇയിലേയ്ക്ക് പുറപ്പെടാനൊരുങ്ങിയവർ ഒരു നിമിഷം നിൽക്കൂ; ഈ നിയമനം യാഥാർഥ്യമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയാണോ നിങ്ങളുടെ ഈ യാത്ര? അല്ലെങ്കിൽ ജാഗ്രത!, യുഎഇയിലെ പ്രമുഖ കമ്പനിയുടെ പേരിൽ സമൂഹ മാധ്യമത്തിലൂടെ ജോലി തട്ടിപ്പ് നടക്കുന്നതായും മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് പണം നഷ്ടമായതായുമാണ് വിവരം.
Read also : പൊല്ലാപ്പാകരുത് പേരുമാറ്റം; ഔദ്യോഗിക രേഖകളിൽ പേര് ചേർത്തു കഴിഞ്ഞാൽ മാറ്റം അത്ര എളുപ്പമല്ല!
ദുബായ് തുറമുഖം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് . ഇതേ പേരിൽ വ്യാജ ഫെയ്സ് ബുക്ക് പേജുണ്ടാക്കി അപേക്ഷ ക്ഷണിച്ചാണ് പണം അക്കൗണ്ടിലാക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശിനിയായ യുവതിക്ക് അഭിമുഖം ഒന്നുമില്ലാതെയാണ് നിയമന ഉത്തരവ് ലഭിച്ചത്. സൂപ്പർവൈസറായി രണ്ട് വർഷത്തേയ്ക്കായിരുന്നു 'നിയമനം'. ഈ മാസം 30മുതൽ ജോലി ആരംഭിക്കണമെന്നും നിർദേശിക്കുന്നു.
രണ്ടു വർഷത്തെ കരാർപ്രകാരം 4050 ദിർഹമാണ് അടിസ്ഥാന ശമ്പളം. തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ വൈകിട്ട് 4 വരെയാണ് ജോലി. അധികസമയം ജോലി ചെയ്താൽ അതിനുള്ള വേതനം നൽകുന്നതാണ്. 30 ദിവസമാണ് വാർഷികാവധി. തീർന്നില്ല, സൗജന്യ താമസം, ഭക്ഷണം, മെഡിക്കൽ, യാത്ര, ആരോഗ്യ ഇൻഷുറൻസ് എന്നിവയെല്ലാം അനുവദിക്കുന്നു. ഇ–മെയിലിലൂടെയാണ് യുവതി ബന്ധപ്പെട്ടതെങ്കിലും മറുപടി വാട്സാപ്പിലൂടെയാണ് നൽകുന്നത്.
Read also: സ്വദേശിവത്കരണം കടുപ്പിച്ച് യുഎഇ; വീഴ്ച വരുത്തിയാൽ പിഴ
യുഎഇയിലെ മൊബൈൽ നമ്പരിൽ നിന്നാണ് സന്ദേശം. കമ്പനിയുടെ ലോഗോയുള്ള ലറ്റർ പാഡിലാണ് നിയമന ഉത്തരവ് എങ്കിലും അതിൽ ലാൻഡ് ലൈൻ നമ്പർ ഇല്ല. മൊബൈൽ നമ്പരിലേയ്ക്ക് വിളിച്ചാൽ സ്വിച്ഡ് ഓഫാണ് കാണിക്കുന്നത്. കമ്പനി സീലും എച്ച് ആർ അഡ്മിനിസ്ട്രേഷൻ മാനേജരുടെ കൈയൊപ്പുമുള്ളതാണ് കത്ത്. ഇതേ നിയമന ഉത്തരവ് ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർഥികൾക്ക് പേരുകൾ മാത്രം മാറ്റി നൽകുന്നു.
തുടർന്ന് അവസാന നിമിഷം വൻ തുക ഏജൻസി ഫീസായി ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ജോലി കിട്ടിയ കാര്യം ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം പറഞ്ഞുപോയതിനാൽ ചോദിച്ച തുക പലരും നൽകുന്നു. മാത്രമല്ല, മികച്ച ശമ്പളവും മറ്റു ആനുകൂല്യങ്ങളും കാണുമ്പോഴുണ്ടാകുന്ന ആവേശമാണ് പലരെയും കുഴിയിൽ ചാടിക്കുന്നത്. എന്നാൽ, കോഴിക്കോട്ടെ യുവതി ദുബായിലുള്ള ബന്ധുക്കള്‍ക്ക് വിവരം കൈമാറുകയും അവർ പരിശോധിക്കുകയും ചെയ്തപ്പോഴാണ് വ്യാജ നിയമന കത്താണെന്ന് മനസിലായത്. എന്നാൽ, ഇത്തരത്തിൽ അന്വേഷണം നടത്തിയ മറ്റു പലരും വ്യാജമാണെന്ന് വിവരം നൽകിയിട്ടും അത് വിശ്വസിക്കാതെ പണം നൽകുകയും സ്വന്തമായി സന്ദർശക വീസയെടുത്ത് യുഎഇയിലെത്തുകയും ചെയ്ത് പ്രതിസന്ധിയിലായിട്ടുണ്ട്.
നേരത്തെയും ഇതുപോലെ ജോലി തട്ടിപ്പുകൾ നടന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വരുന്ന വ്യാജ പരസ്യം കണ്ട് വിശ്വസിച്ച് ആ കെണിയിൽ വീഴുന്നവരാണ് ഏറെ. രണ്ട് വർഷം മുൻപ് യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ കെട്ടിട നിർമാണ മേഖലയിലേയ്ക്ക് ഓഫീസ് ബോയ് മുതൽ എൻജിനീയർമാരെയും ഡോക്ടർമാരെയും ആവശ്യമുണ്ടെന്ന് പരസ്യം നൽകി മലയാളികളുൾപ്പെടെ ഒട്ടേറെ പേരിൽ നിന്ന് പണം തട്ടിയെടുത്തിരുന്നു.
ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലെ തൊഴിലില്ലായ്മയും ഗൾഫ് ജോലിയോടുള്ള പ്രതിപത്തിയും മുതലെടുത്ത് ഈ രാജ്യക്കാരെയാണ് തട്ടിപ്പുസംഘം നോട്ടമിടുന്നത്. താത്പര്യമുള്ള സ്ത്രീ–പുരുഷന്മാർക്ക് ബയോഡാറ്റ അയച്ചുകൊടുക്കണം. ജോലി നൂറു ശതമാനം ഉറപ്പാണെന്ന് വ്യക്തമാക്കുന്നു. മാനേജരുടെ പേരിൽ വാട്സ് ആപ്പ് നമ്പർ മാത്രമാണ് നൽകിയിട്ടുള്ളത്. ഈ നമ്പരിൽ ഫോൺ വിളിച്ചാൽ സ്വിച്ഡ് ഓഫായിരിക്കും.
Read Also: ജപ്പാനിൽ റൺവേയിൽ ജെറ്റ് വിമാനങ്ങളുടെ കൂട്ടിയിടി; റൺവേ അടച്ചിട്ടു
എന്നാൽ, വാട്സാപ്പിലൂടെ ചാറ്റ് ചെയ്താലും വോയിസ് മെസേജ് അയച്ചാലും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ കൂടുതൽ പ്രലോഭനം നടത്തും. പക്ഷേ, ഫോൺ നമ്പർ ചോദിച്ചാൽ മൗനം പാലിക്കുന്നു. യുഎഇയിലെ ഓഫീസ് മേൽവിലാസമോ, ഫോൺ നമ്പരോ ചോദിക്കുന്നവർക്ക് ബിസിനസ് കാർഡ് അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇതിൽ മാനേജരുടെ വാട്സ് ആപ്പ് നമ്പർ മാത്രം രേഖപ്പെടുത്തിയിട്ടുള്ളൂ. കൂടാതെ, കമ്പനിയുടെ പേരിൽ വ്യാജ ഇ–മെയിൽ മേൽവിലാസവും നൽകിയിട്ടുണ്ട്. കമ്പനി വെബ് സൈറ്റ് വിലാസം കൃത്യമായി നൽകിയിട്ടുണ്ടെങ്കിലും സൈറ്റ് സന്ദർശിച്ചാൽ ഇത്തരത്തിൽ നിയമനം നടക്കുന്ന കാര്യം ഒരിടത്തും പറയുന്നില്ല.
ജോലിയിൽ താത്പര്യം പ്രകടിപ്പിക്കുന്നവരോട് സർവീസ്, ഓൺലൈൻ നടപടികൾക്ക് ആദ്യ ഘട്ടത്തിൽ 30,000 രൂപ ഇവർ ബാങ്ക് അക്കൗണ്ട് നൽകി ഡിപോസിറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു. 15 ദിവസത്തിനകം ഗൾഫിലേയ്ക്ക് യാത്ര തരപ്പെടുത്തും എന്നാണ് വാഗ്ദാനം. ഇത്തരത്തിൽ പലരും പണം അയച്ചുകൊടുത്ത ശേഷം ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്നാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായി മനസിലായത്.
∙ ജോലി തട്ടിപ്പ് തുടർക്കഥ
ഗൾഫിൽ ജോലി തട്ടിപ്പ് തുടർക്കഥയാണ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് നിലവിൽ തട്ടിപ്പ് തുടരുന്നത്. കോവിഡ്–19 കാലത്ത് വ്യാജ റിക്രൂട്ടിങ് ഏജൻസിയുണ്ടാക്കി ഇത്തരത്തിൽ ജോലി തട്ടിപ്പ് നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരടക്കം 150ലേറെ പേർക്ക് പണം നഷ്ടമായി. മികച്ച ജോലിയും വേതനവും വാഗ്ദാനം ചെയ്താണ് ഇവർ ഇരകളെ വലയിൽ വീഴ്ത്തുന്നതെന്ന് ദുബായ് പൊലീസ് സിഐഡി ഡയറക്ടർ ബ്രി.ജമാൽ സാലിം അൽ ജലാഫ് പറഞ്ഞു.
വ്യാജ പരസ്യം നൽകുന്നവരെ ദുബായ് സിഐഡി ജനറൽ വകുപ്പ് ഇക്കണോമിക് ക്രൈംസ് കൺട്രോൾ വിഭാഗം രൂപീകരിച്ച് നിരീക്ഷിച്ചുവരികയായിരുന്നു. ഈ അന്വേഷണ സംഘം മനുഷ്യവിഭവ– സ്വദേശിവത്കരണ മന്ത്രാലയവുമായി സഹകരിച്ചായിരുന്നു അന്വേഷണം. ദുബായ് കേന്ദ്രീകരിച്ച് ഇത്തരത്തിൽ വ്യാജ റിക്രൂട്ടിങ് ഏജൻസി പ്രവർത്തിക്കുന്നതായി ഇക്കണോമിക് ക്രൈംസ് കണ്‍ട്രോൾ വിഭാഗത്തിന് ഫോൺ കോൾ ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഏഷ്യക്കാരനായിരുന്നു ഇതിന്റെ നടത്തിപ്പുകാരൻ. വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് പണവും റസീപ്റ്റുകളും സ്ലിപ്പുകളും മറ്റും കണ്ടെടുത്തു.
∙ ജോലി തട്ടിപ്പ്; ജാഗ്രത പുലർത്തുക
1980കളിൽ തുടങ്ങിയ വീസാ–ജോലി തട്ടിപ്പാണ് അജ്മാൻ കേന്ദ്രീകരിച്ച് ഇപ്പോഴും നടന്നുവരുന്നതെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. ഇപ്പോഴും ഇത്തരം തട്ടിപ്പുകളിൽ വീണ് പണവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതീ യുവാക്കളുണ്ടെന്ന കാര്യം അത്ഭുതം തന്നെ. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക(http://www.norkaroots.net/jobportal.htm) പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പഞ്ചായത്ത് തലത്തിൽ അവബോധം സൃഷ്ടിക്കാൻ അധികൃതർ തയ്യാറാകേണ്ടിയിരിക്കുന്നു. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ എല്ലായ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഈടാക്കുകയില്ലെന്നും ഓർമിപ്പിക്കുന്നു.
Read also: അബുദാബിയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സദ്ന റേറ്റിങ്
ഒരാൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ലഭിച്ചാൽ, ആ കമ്പനി അവിടെയുള്ളതാണോ, അങ്ങനെയൊരു ജോലി ഒഴിവുണ്ടോ എന്നൊക്കെ കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ വളർന്നുപന്തലിച്ച ഇക്കാലത്ത് വലിയ മെനക്കേടില്ല. വിദേശത്തെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷമേ പണം കൈമാറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേയ്ക്ക് കടക്കാവൂ. ഉത്തരേന്ത്യയിലും മറ്റുമാണ് ഇത്തരം തട്ടിപ്പുകൾ ഏറെയും നടക്കുന്നത്. ഇതിൽപ്പെട്ട് ഒട്ടേറെ പെൺകുട്ടികളുടെയും യുവതികളുടെയും ജീവിതം നശിക്കുകയും കുടുംബങ്ങൾ തകരുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ സർക്കാർ ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.
English Summary: 'No interview, job ready with huge salary'; Malayalees also became victims of fraud and many Indians lost money.