ADVERTISEMENT

അബുദാബി∙ മധ്യപൂർവദേശത്തെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം(ബിഎപിഎസ് ഹിന്ദു മന്ദിർ) ഇനി വിശ്വാസികളുടെ സ്വന്തം. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.  ബിഎപിഎസ് സ്വാമിനാരായൺ സൻസ്തയുടെ ആത്മീയ ഗുരു മഹന്ത് സ്വാമി മഹാരാജും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് നാട മുറിക്കുന്ന ചടങ്ങോടെ ബിഎപിഎസ് ഹിന്ദു മന്ദിർ തുറന്നു. മഹന്ത് സ്വാമി മഹാരാജ് വൈദിക ചടങ്ങുകൾക്ക് നേതൃത്വം നൽകി. മോദി പൂജാ ചടങ്ങുകളിൽ പങ്കെടുത്തു.

27 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെത്തിയ മോദിയെ ബിഎപിഎസ് ഹിന്ദു മന്ദിറിന്‍റെ പ്രോജക്ട് തലവൻ സ്വാമി ബ്രഹ്മവിഹാരിദാസും സ്വാമി ഈശ്വർചരണും  ചേർന്ന് സ്വീകരിച്ചു. ക്ഷേത്രത്തിന്‍റെ ദർശനത്തെയും യാത്രയെയും കുറിച്ച് 12 മിനിറ്റ് ദൈർഘ്യമുള്ള അനുഭവം പ്രദാനം ചെയ്യുന്ന ത്രിമാന കേന്ദ്രം മോദി സന്ദർശിച്ചു. യുഎഇ സഹിഷ്ണുതാ–സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ബോളിവുഡ് നടന്മാരായ അക്ഷയ് കുമാർ, വിവേക് ഒബ്​റോയ്, ഗായകൻ ശങ്കർ മഹാദേവൻ തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങളും ആയിരക്കണക്കിന് ഭക്തരും  പങ്കെടുത്തു. ക്ഷണിക്കപ്പെട്ട അതിഥികൾക്കും മാധ്യമപ്രവർത്തകർക്കും മാത്രമേ ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അതേസമയം, ലോകത്തെങ്ങുമുള്ള ബിഎപിഎസ് ക്ഷേത്രങ്ങളിൽ ഒരേസമയം ആരതി നടത്തി.

ഇന്ത്യയിൽ വസന്തകാലത്തിന്‍റെ ആരംഭം കുറിക്കുന്ന ഹിന്ദു ഉത്സവമായ ബസന്ത് പഞ്ചമിയോട് അനുബന്ധിച്ചാണ് ഇന്ന് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. അറിവിന്‍റെയും ജ്ഞാനത്തിന്‍റെയും സംഗീതത്തിന്‍റെയും കലകളുടെയും ദേവതയായ സരസ്വതിയെ ആരാധിക്കുന്നതിനാണ് ഈ ഉത്സവം. പുതിയ തുടക്കങ്ങൾക്ക്, പ്രത്യേകിച്ച് കുട്ടികളെ പഠനത്തിലേക്കും വിദ്യാഭ്യാസത്തിലേക്കും ആരംഭിക്കുന്നതിനുള്ള ശുഭകരമായ സമയമായി ഇത് കണക്കാക്കപ്പെടുന്നു. ബിഎപിഎസ് സൻസ്തയുടെ സ്ഥാപകൻ അന്തരിച്ച ശാസ്ത്രിജി മഹാരാജിന്‍റെ ജന്മദിനം കൂടിയാണ് ഫെബ്രുവരി 14.  സാംസ്കാരിക വൈവിധ്യത്തിന്‍റെ പ്രതിരൂപമായ മന്ദിർ വിവിധ മതങ്ങൾ പങ്കിടുന്ന മൂല്യങ്ങൾ ചിത്രീകരിക്കുന്നു. കൈകൊണ്ട് കൊത്തിയെടുത്ത പരമ്പരാഗത ശിലാക്ഷേത്രം വാസ്തുവിദ്യാ മികവിന്‍റെ ആഘോഷവും പുരാതന നാഗരികതകളുടെ സമ്പന്നതയെ ഉയർത്തിക്കാട്ടുന്നതുമാണ്. ഈ ലോക വിസ്മയം കാണാൻ വരുംദിവസങ്ങളിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

∙പൊതുജനങ്ങൾക്ക് പ്രവേശനം മാർച്ച് 1 മുതൽ
ഇതിനകം ഓൺലൈനിൽ സന്ദർശനത്തിന് സമയം ബുക്ക് ചെയ്തവരെ ഈ മാസം 18ന്  പ്രവേശിപ്പിച്ചുതുടങ്ങും. എന്നാൽ, തിരക്ക് കാരണം യുഎഇയിലുള്ളവർ മാർച്ച് ഒന്നുമുതൽ മാത്രമേ ക്ഷേത്ര സന്ദർശനത്തിന് ശ്രമിക്കാവൂ എന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.   

ഐതിഹാസിക യാത്ര
2019 ഡിസംബറിൽ യുഎഇ തലസ്ഥാനത്ത് നിർമാണം ആരംഭിച്ച ഐതിഹാസിക ബിഎപിഎസ് ഹിന്ദു മന്ദിർ യുഎഇയിലെ ഒരു എമിറേറ്റിനെ പ്രതിനിധീകരിക്കുന്ന ഏഴ് ഗോപുരങ്ങളുൾപ്പെടുന്നതാണ്. ലോകമെമ്പാടുമുള്ള ഐക്യത്തിന്റെയും ശാന്തിയുടെയും ഒരുമയുടേയും സ്നേഹത്തിന്‍റെയും പ്രതീകമായി ക്ഷേത്രം വർത്തിക്കും. ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിനുള്ള  പ്രതീകാത്മകവും ചരിത്രപരവുമായ നാഴികക്കല്ലാണ് ക്ഷേത്രം. 

∙കാഴ്ചകൾ നയനമനോഹരം
ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലത്ത് പിങ്ക് മണൽക്കല്ലും വെള്ള മാർബിളും കൊണ്ടാണ് ക്ഷേത്രം നിർമിച്ചിട്ടുള്ളത്.  മുഴുവൻ സമുച്ചയവും പാർക്കിങ്ങും ചെറിയ പിനാക്കിളുകളുള്ള പ്രധാന ഗോപുരവും അടക്കമുള്ള മുഴുവൻ കാഴ്ചയും ഗംഭീരമാണ്. ഇന്ത്യൻ പുരാണ ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം, ഹൈന്ദവ ഗ്രന്ഥങ്ങളിൽ നിന്നുള്ള മറ്റ് വിവരണങ്ങൾ എന്നിവയിൽ നിന്നുള്ള പ്രധാന നിമിഷങ്ങൾ തുടങ്ങിയവ കരകൗശല വിദഗ്ധരുടെ സൃഷ്ടികളിൽ പതിഞ്ഞിട്ടുണ്ട്.  കൂടാതെ, ത്രിവേണി സംഗമം, ഗൗമുഖ് മണികൾ, വിശാലമായ ഹാൾ, ഫൂ‍ഡ് കോർട്ട് എന്നിവയും ശ്രദ്ധേയം. രണ്ടായിരത്തോളം ശില്പികൾ രാജസ്ഥാൻ ശിലകളിൽ കൈകൊണ്ട് കൊത്തിയ ഈ ക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിൽ പങ്കാളികളായ എല്ലാവരുടെയും നിസ്വാർത്ഥ സേവനത്തെയും സമർപ്പണത്തെയും അധികൃതർ പ്രശംസിച്ചു. 2015-ൽ മോദിയുടെ യുഎഇ സന്ദർശന വേളയിൽ അന്നത്തെ അബുദാബി കിരീടാവകാശിയും നിലവിലെ യുഎഇ പ്രസിഡന്‍റുമായ  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സംഭാവന ചെയ്ത ഭൂമിയിൽ 350 ദശലക്ഷം ദിർഹം ചെലവഴിച്ചാണ് ക്ഷേത്രം നിർമിച്ചത്. 

ഇന്ത്യൻ സമൂഹത്തിന്‍റെ സംഭാവനകൾ ഉപയോഗിച്ചാണ് ക്ഷേത്രനിർമാണം. ഇത് യുഎഇയുടെ നേതൃത്വം ഉയർത്തിപ്പിടിച്ച മതപരമായ സഹിഷ്ണുതയെയും ഐക്യത്തെയും പ്രതിനിധീകരിക്കുന്നു.  2018-ൽ ദുബായിലെ ശിലാസ്ഥാപന ചടങ്ങിനിടെ ദുബായിലെ പരമ്പരാഗത ശിലാക്ഷേത്രത്തിന്‍റെ 3ഡി പ്രിന്‍റഡ് മാതൃക അനാച്ഛാദനം ചെയ്‌ത മോദി തന്‍റെ ഏഴാം യുഎഇ സന്ദർശനത്തിനിടെ ബിഎപിഎസ് ഹിന്ദു മന്ദിറിന്‍റെ ചരിത്രപരമായ പൊതു സമർപ്പണ ചടങ്ങിനായി അബു മുറൈഖ ഏരിയയിലെ ക്ഷേത്രത്തിൽ എത്തുകയായിരുന്നു.  രാവിലെ ബിഎപിഎസ് പൂജാരിമാർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തു.  ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഭക്തരും വിഐപികളും ക്ഷേത്രത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിച്ചു.  

English Summary:

Inauguration of the Abu Dhabi BAPS Shila Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com