ലഹരിമരുന്ന് വ്യാപാരത്തെ ചെറുക്കുന്നതിനായി 'സീറോ ടോളറൻസ്' നയവുമായി കുവൈത്ത്
Mail This Article
കുവൈത്ത് സിറ്റി ∙ ലഹരിമരുന്ന് വിരുദ്ധ പോരാട്ടം ശക്തമായി തുടരണമെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് നിർദ്ദേശം നൽകി. സുരക്ഷാ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാനും ലഹരിമരുന്ന് കള്ളക്കടത്ത് സംഘങ്ങളെ കണ്ടെത്താനും ശൃഖലകൾ തകർക്കാനുമുള്ള ശ്രമം ഉർജ്ജിതമാക്കണമെന്നും ഷെയ്ഖ് ഫഹദ് ആവശ്യപ്പെട്ടു. ലഹരിമരുന്ന് കടത്ത് വിരുദ്ധ ജനറൽ ഡിപ്പാർട്ട്‌മെന്‍റിലെ ഫീൽഡ് പര്യടനത്തിനിടെയാണ് അദ്ദേഹം നിർദ്ദേശം നൽകിയത്. കർശനമായ നടപടികൾ സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മാതൃരാജ്യത്തിന്‍റെ സുരക്ഷ സംരക്ഷിക്കുന്നതിനുമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സമർപ്പിത ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
എല്ലാത്തരം കുറ്റകൃത്യങ്ങളെയും, പ്രത്യേകിച്ച് ലഹരിമരുന്ന് വ്യാപാരത്തെ ചെറുക്കുന്നതിൽ 'സീറോ ടോളറൻസ്' നയം പിന്തുടരണമെന്ന് ഷെയ്ഖ് ഫഹദ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഷെയ്ഖ് ഫഹദിനൊപ്പം വകുപ്പ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് കബസാർഡും ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും പര്യടനത്തിൽ പങ്കെടുത്തു.