ADVERTISEMENT

അബുദാബി/ഷാർജ ∙ സമൂഹമാധ്യമങ്ങളിലൂടെ കാർ വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി, ഷാർജ പൊലീസ്. പരസ്യം സമൂഹമാധ്യമങ്ങളിൽ കാണുന്നതോടെ തന്നെ തട്ടിപ്പുകാർ വലവിരിച്ച് തുടങ്ങുമെന്നും ജാഗ്രതാ പാലിക്കണമെന്നും പൊലീസ് അറിയിച്ചു.  

∙  സമൂഹമാധ്യമങ്ങളിൽ പരസ്യം കാണുന്നതോടെ തുടക്കം
വാഹനം വിൽക്കാൻ ആഗ്രഹിക്കുന്നയാൾ അത് സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതോടെ തട്ടിപ്പുകാർ തട്ടിപ്പിനുള്ള ശ്രമം തുടങ്ങും.പരസ്യം കണ്ട് തട്ടിപ്പുകാരൻ ആവശ്യക്കാരനായി ചമഞ്ഞ് വിൽപനക്കാരനുമായി ബന്ധപ്പെടുകയും ഇടപാടിന് അന്തിമരൂപം നൽകുകയും ചെയ്യുന്നു. തട്ടിപ്പുകാരൻ വിൽപനക്കാരന് തനന്‍റെ അക്കൗണ്ടിൽ നിന്ന് പണം അയച്ചതായി പ്രസ്താവിക്കുന്ന ഒരു വ്യാജ ബാങ്ക് രസീത് അയക്കുകയാണ് ആദ്യപടി. ബാങ്ക് എടിഎമ്മിൽ ചെക്ക് നിക്ഷേപിച്ചു അവധി കാലയളവ് അവസാനിച്ചു കഴിഞ്ഞാൽ കൈമാറ്റം പൂർത്തിയാകുമെന്നും പണം ക്രെഡിറ്റ് ചെയ്യപ്പെടുമെന്നും സൂചിപ്പിച്ചുള്ള രസീതാണിത്. ബാങ്ക് അവധി ദിവസത്തിലായിരിക്കും തട്ടിപ്പിന് തിരഞ്ഞെടുക്കുക. 

തട്ടിപ്പുകാർ വാരാന്ത്യങ്ങളിലും (ശനി, ഞായർ) അല്ലെങ്കിൽ പൊതു അവധി ദിവസങ്ങളിലും എടിഎമ്മുകളിൽ വ്യാജ ചെക്കുകൾ നിക്ഷേപിക്കുന്ന പുതിയ ക്രിമിനൽ രീതിയാണ് അവലംബിക്കുന്നത്. ബാങ്ക് നിരീക്ഷണ ക്യാമറകളിൽ നിന്ന് തിരിച്ചറിയാതിരിക്കാൻ വേഷംമാറിയാണ് എടിഎമ്മിലെത്തുന്നത്.  ഇതിനിടെ വാഹന ഉടമസ്ഥാവകാശ കൈമാറ്റ നടപടിക്രമം പൂർത്തിയാക്കാൻ തട്ടിപ്പുകാരൻ വിൽപനക്കാരനന്‍റെ മേൽ സമ്മർദ്ദം ചെലുത്തുന്നു. ചെക്ക് ഡെപോസിറ്റ് ചെയ്തതല്ലേ പിന്നെന്താ കുഴപ്പം എന്ന് കരുതി വാഹനം കൈമാറുന്നതോടെ കയ്യീന്ന് പോകും.

 ∙ 'ടെസ്റ്റ് ഡ്രൈവി'ന് പോകുന്ന വാഹനം തിരിച്ചുവരുന്നില്ല
'ടെസ്റ്റ് ഡ്രൈവ്' എന്ന് പറഞ്ഞാണ് തട്ടിപ്പുകാർ വാഹനം കൊണ്ടുപോകുക. എന്നാൽ അത് പിന്നെ തിരികെ വരുന്നില്ല. വണ്ടിച്ചെക്കായതിനാൽ അതും മടങ്ങി. സമ്മതിച്ച തുക മുഴുവനായി ലഭിക്കുകയും നിയമപരമായി രേഖകൾ പൂർത്തിയാക്കുകയും ചെയ്യുന്നതിന് മുൻപേ വാഹനമോ രേഖയോ കൈമാറിയാൽ ആർക്കും നിങ്ങളുടെ വാഹനം തട്ടിയെടുക്കാൻ കഴിയും. നടപടികൾ പൂർത്തിയായി പണം ലഭിക്കുന്നതിന് മുൻപേ കാർ  കൈമാറരുതെന്ന് ബ്രി. ജനറൽ അൽ അമിറി വിൽപനക്കാരോട് അഭ്യർഥിച്ചു. പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ അബുദാബി പൊലീസ് ജനറൽ കമാൻഡ് ശക്തമായ ബോധവത്കരണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതുവഴി ആളുകൾക്ക് തട്ടിപ്പ് നേരിടാനും ഉദ്യോഗസ്ഥരെ സഹായിക്കാനും  ഉടൻ റിപ്പോർട്ട് ചെയ്യാനും ഇരകളാകാതിരിക്കാനുള്ള പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താനും കഴിയും. 

∙ വാഹനങ്ങൾ വാങ്ങുന്നു, വിൽക്കുന്നു; വ്യാജ വെബ് സൈറ്റുകൾക്കെതിരെ ഷാർജ പൊലീസ്
ഇതുപോലുള്ള തട്ടിപ്പുകൾ ഷാർജയിലും റിപോർട്ട് ചെയ്തി‌ട്ടുണ്ട്. കാറുകൾ വാങ്ങുന്നതിലും വിൽക്കുന്നതിലും വൈദഗ്ധ്യം അവകാശപ്പെടുന്ന വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ ഷാർജ പൊലീസ് ജനറൽ കമാൻഡ് മാസങ്ങൾക്ക് പൊതുജനങ്ങൾക്ക്  മുന്നറിയിപ്പ് നൽകിയിരുന്നു.

∙ തട്ടിപ്പ് എത്രയും പെട്ടെന്ന് റിപ്പോർട്ട് ചെയ്യുക
ആരെങ്കിലും ഇത്തരം തട്ടിപ്പിനിരയായാൽ റിപ്പോർട്ട് ഫയൽ ചെയ്യാൻ അടുത്തുള്ള പൊലീസ് സ്റ്റേഷൻ സന്ദർശിക്കണം. കൂടാതെ അബുദാബി പൊലീസിനന്‍റെ സുരക്ഷാ സേവനത്തിലൂടെ വിവരങ്ങൾ കൈമാറാം. ഇതിനായി  8002626 (AMAN2626) എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. അല്ലെങ്കിൽ 2828 എന്ന നമ്പറിലേക്ക്  ടെക്‌സ്‌റ്റ് സന്ദേശം അയക്കുകയുമാവാം. ഇ–മെയിൽ:  aman@adpolice.gov.ae . അബുദാബി പൊലീസ് ജനറൽ കമാൻഡിൻന്‍റെ ഔദ്യോഗിക ആപ്പ് ഉപയോഗിക്കുകയും ചെയ്യാം.

English Summary:

Abu Dhabi Police Warns Public of Fraudulent Transactions When Selling Vehicles Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com