ADVERTISEMENT

അബുദാബി ∙ സൂപ്പർസ്റ്റാർ രജനികാന്തിന് യുഎഇ ഗോൾഡൻ വീസ നൽകി അബുദാബി സർക്കാർ. അബുദാബി ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി ഗവൺമെന്‍റ് കൾച്ചർ ആൻഡ് ടൂറിസം (ഡിസിടി) വകുപ്പ് ചെയർമാനുമായ മുഹമ്മദ് ഖലീഫ അൽ മുബാറക്  വീസ പതിച്ച എമിറേറ്റ്സ് ഐഡി താരത്തിന് കൈമാറി. പ്രമുഖ വ്യവസായിയും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ. യൂസഫലി ഉദ്യോഗസ്ഥരോടൊപ്പം ഈ നടപടികൾ പൂർത്തിയാകുന്നതിന് സഹായിച്ചു.

അബുദാബി സർക്കാരിൽ നിന്ന് അഭിമാനകരമായ യുഎഇ ഗോൾഡൻ വീസ ലഭിച്ചതിൽ അതിയായ സന്തോഷം പ്രകടിപ്പിച്ച് രജനികാന്ത് നന്ദി പറഞ്ഞു. അബുദാബി സർക്കാരിനും ഈ വീസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കിയതിന് സുഹൃത്തായ ലുലു ഗ്രൂപ്പ് സിഎംഡി യൂസഫലിക്കും താരം നന്ദി അറിയിച്ചു.

അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും ഡിസിടി ചെയർമാനുമായ മുഹമ്മദ് ഖലീഫ അൽ മുബാറക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ രജനികാന്തിന് യുഎഇ ഗോൾഡൻ വീസ കൈമാറുന്നു. വി.നന്ദകുമാർ, രജിത് രാധാകൃഷ്ണൻ, ബിജു കൊട്ടാരത്തിൽ എന്നിവർ സമീപം.
അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും ഡിസിടി ചെയർമാനുമായ മുഹമ്മദ് ഖലീഫ അൽ മുബാറക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ രജനികാന്തിന് യുഎഇ ഗോൾഡൻ വീസ കൈമാറുന്നു. വി.നന്ദകുമാർ, രജിത് രാധാകൃഷ്ണൻ, ബിജു കൊട്ടാരത്തിൽ എന്നിവർ സമീപം.

യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെയും സൂപ്പർ താരം അബുദാബിയിലെ കൊട്ടാരത്തിൽ സന്ദർശിച്ചു. പിന്നീട് ബിഎപിഎസ് ഹിന്ദു മന്ദിറും അബുദാബിയിലെ ഷെയ്ഖ് സായിദ് വലിയ പള്ളിയും സന്ദർശിക്കുകയുണ്ടായി. തന്‍റെ പുതിയ ചിത്രമായ വേട്ടയാന്‍റെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷമാണ് രജനികാന്ത് അബുദാബിയിലെത്തിയത്. അടുത്തിടെ അബുദാബിയിലൂടെ റോൾസ് റോയ്‌സ് കാറിൽ യൂസഫലിയോടൊപ്പം രജനി യാത്ര ചെയ്തിരുന്നു. ഇതിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ബിസിനസ്, ആരോഗ്യം, കലാ–സാഹിത്യ രംഗങ്ങളിലെ പ്രതിഭകൾക്ക് ആദരവായി നൽകുന്നതാണ് ഗോൾഡൻ വീസ. നേരത്തെ മമ്മുട്ടി, മോഹന്‍ലാൽ എന്നിവരടക്കം പ്രമുഖ നടന്മാർക്കെല്ലാം ഗോൾഡന്‍ വീസ ലഭിച്ചതും അബുദാബിയിൽ നിന്നുതന്നെ. ഇതിനകം മലയാളത്തിലെ പ്രമുഖ അഭിനേതാക്കളും ഗായകരുമെല്ലാം തന്നെ ഗോൾഡൻ വീസ സ്വന്തമാക്കിയിട്ടുണ്ട്. യുഎഇയിലെ ഒ‌ട്ടേറെ മലയാളി ബിസിനസുകാർ, ഡോക്ടർമാർ, നഴ്സുമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ, എഴുത്തുകാർ തുടങ്ങിയവർക്കും ഗോൾഡൻ വീസ ലഭിച്ചു.

English Summary:

Rajinikanth Got UAE Golden Visa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com