സ്പെഷൽ ഒളിംപിക്സിൽ മിന്നി, നിശ്ചയദാർഢ്യം
Mail This Article
അബുദാബി ∙ വൈകല്യത്തെ തോൽപിച്ച് ഉറച്ച ചുവടുകളുമായി വിവിധ രാജ്യക്കാരായ 600 കായിക താരങ്ങൾ മികച്ച പ്രകടനം നടത്തിയതോടെ സ്പെഷൽ ഒളിംപിക്സ് വേദി സജീവമായി. അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിലെ വിവിധ വേദികളിലായാണ് ഭിന്നശേഷിക്കാർ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്നത്.
ബാഡ്മിന്റൻ, ബാസ്‌ക്കറ്റ്‌ബോൾ, ഫുട്‌ബോൾ, പവർലിഫ്റ്റിങ്, ഇ–സ്‌പോർട്‌സ് തുടങ്ങി വിവിധ ഇനങ്ങളിലാണ് മത്സരം. ഒളിംപിക് ദീപം തെളിച്ചതും ഉദ്ഘാടന സമ്മേളനത്തിലേക്ക് അതിഥികളെ സ്വാഗതം ചെയ്തതുമെല്ലാം ഭിന്നശേഷിക്കാരായിരുന്നു. ഒളിംപിക്സ് സംഘാടനത്തിലെ എല്ലാ മേഖലകളിലും ഇവരുടെ സാന്നിധ്യം ഉറപ്പാക്കി.കഴിവുകൾ പരിപോഷിപ്പിക്കാനും കായിക ശക്തിയും പ്രകടിപ്പിക്കാനുമുള്ള അവസരം ലഭിച്ചതിൽ താരങ്ങളും രക്ഷിതാക്കളും ആവേശത്തിലായിരുന്നു. യുഎഇ സെയിലിങ് ആൻഡ് റോയിങ് ഫെഡറേഷൻ പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ ഹംദാൻ ചടങ്ങിൽ പങ്കെടുത്തു. നിശ്ചയദാർഢ്യക്കാരെ ശാക്തീകരിക്കുക, അവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, ആവശ്യമായ ആരോഗ്യ പരിശോധനകൾക്ക് അവസരം നൽകുക എന്നിവയാണ് ലക്ഷ്യമെന്ന് സ്‌പെഷൽ ഒളിംപിക്‌സ് യുഎഇ ഡയറക്ടർ തലാൽ അൽ ഹാഷിമി പറഞ്ഞു.
ആരോഗ്യപരിരക്ഷ ഉറപ്പാക്കാൻ 160ലേറെ ഡോക്ടർമാരും വോളന്റിയർമാരും രംഗത്തുണ്ട്. കേൾവി, കാഴ്ച പരിമിതർക്കായി പ്രത്യേക മെഡിക്കൽ സംഘവും സൗജന്യ ചികിത്സ നൽകുന്നു.