വിനോദസഞ്ചാരികളെ ക്ഷണിച്ച് അയൽരാജ്യം; ഇന്ത്യക്കാർക്ക് വീസരഹിത സന്ദർശനം ഡിസംബർ 1 മുതൽ
Mail This Article
ക്വാലലംപുര്‍∙ ചൈനയിലെയും ഇന്ത്യയിലെയും പൗരന്മാർക്ക് ഡിസംബർ 1 മുതൽ വീസ രഹിത പ്രവേശനം അനുവദിക്കാൻ തീരുമാനിച്ച് മലേഷ്യ. ഇത്തരത്തിൽ രാജ്യത്ത് എത്തുന്നവർക്ക് 30 ദിവസം വരെ താമസിക്കാൻ അനുവാദം നൽകുമെന്ന് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പറഞ്ഞു. പീപ്പിൾസ് ജസ്റ്റിസ് പാർട്ടി കോൺഗ്രസിലെ പ്രസംഗത്തിനിടെ ഞായറാഴ്ച വൈകിയാണ് അൻവർ ഇക്കാര്യം പ്രഖ്യാപിച്ചത്. വീസ ഇളവ് എത്ര കാലം തുടരുമെന്ന് അദ്ദേഹം പറഞ്ഞില്ല.
സർക്കാർ കണക്കുകൾ പ്രകാരം, ഈ വർഷം ജനുവരി മുതൽ ജൂൺ വരെ മലേഷ്യയിൽ 9.16 ദശലക്ഷം വിനോദസഞ്ചാരികളുടെ വരവ് രേഖപ്പെടുത്തി. ചൈനയിൽ നിന്ന് 498,540 പേരും ഇന്ത്യയിൽ നിന്ന് 283,885 പേരുമാണ് മലേഷ്യയിൽ എത്തിയത്. കോവിഡിന് മുമ്പ്, 2019 ലെ ഇതേ കാലയളവിൽ ചൈനയിൽ നിന്ന് 1.5 ദശലക്ഷവും ഇന്ത്യയിൽ നിന്ന് 354,486 പേരും എത്തിയിരുന്നു. അയൽരാജ്യമായ തായ്‌ലൻഡ് ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനും മന്ദഗതിയിലുള്ള സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുമായി നടപ്പിലാക്കിയ സമാന നടപടികളെ തുടർന്നാണ് ഈ നീക്കം.