പുരോഹിതനായി ചമഞ്ഞ് പള്ളികളിൽ മോഷണം; വീണ്ടും പിടിയിലായി ‘ ഫാദർ മാർട്ടിൻ’
Mail This Article
റിവർസൈഡ് കൗണ്ടി, കലിഫോർണിയ∙ കലിഫോർണിയയിലെ പള്ളിയിൽ മോഷണം നടത്താൻ ശ്രമിച്ച കുപ്രശസ്ത കുറ്റവാളി മാലിൻ റോസ്റ്റാസിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. മെമ്മോറിയൽ വില്ലേജ് പൊലീസ് നടത്തിയ നിർണായക ഇടപെടലാണ് പ്രതിയെ കുടുക്കിയത്. ലൊസാഞ്ചലസിന് കിഴക്കുള്ള മൊറേനോ വാലിയിലെ മോഷണശ്രമത്തിന് റോസ്റ്റാസിനെതിരെ മറ്റൊരു കേസ് നിലവിലുണ്ട്. കഴിഞ്ഞ വർഷം ഹൂസ്റ്റണിൽ ഫാ. മാർട്ടിൻ എന്ന പേരിൽ തട്ടിപ്പ് നടത്തിയ പ്രതിയാണ് ഇയാൾ. ന്യൂയോർക്ക് സ്വദേശിയായ പ്രതിയുടെ മുഖം നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിരുന്നു. പുരോഹിത വേഷധാരിയായിട്ടാണ് ഇത്തവണയും പ്രതി മോഷണത്തിന് ശ്രമിച്ചതെന്നാണ് വിവരം. ഇത്തവണ ഒരു സ്ത്രീയിൽ നിന്ന് 6,000 ഡോളർ വിലമതിക്കുന്ന ആഭരണങ്ങൾ ഇയാൾ തട്ടിയെടുത്തതായി പൊലീസ് വ്യക്തമാക്കി.
സംശയാസ്പദമായ വാഹനം തിരിച്ചറിയാൻ ഉപയോഗിച്ചിരുന്ന ചില ക്യാമറകൾ പള്ളിയിൽ ഉണ്ടായിരുന്നു. ഇതിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് മോഷണ ശ്രമം നടത്തിയ പ്രതിയുടെ വാഹനം ട്രാക്ക് ചെയ്തത്. ഈ വാഹന നമ്പർ കണ്ടെത്തിയതോടെ പ്രതിയെ തിരിച്ചറിയുകയായിരുന്നു.