ADVERTISEMENT

ഗര്‍ഭകാലത്ത്‌ സ്‌ത്രീകള്‍ നിര്‍ബന്ധമായും പിന്തുടരേണ്ട ഒന്നാണ്‌ മിതമായ തോതിലുള്ള വ്യായാമങ്ങള്‍. ശരീരത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കാനും മൂഡ്‌ മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും ശാരീരിക അസ്വസ്ഥതകള്‍ കുറയ്‌ക്കാനും പ്രസവത്തിന്റെ ക്ലേശം ലഘൂകരിക്കാനും മറുപിള്ളയിലേക്ക്‌ കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കാനുമെല്ലാം ഗര്‍ഭകാലത്തെ വ്യായാമം സഹായിക്കും. ഗര്‍ഭകാലവുമായി ബന്ധപ്പെട്ട പ്രമേഹസാധ്യതകളെ നിയന്ത്രിക്കാനും വ്യായാമം നല്ലതാണ്‌.

എന്നാല്‍ ഇതിനിടയിലേക്ക്‌ തണുപ്പ്‌ കാലമെത്തുന്നത്‌ പലരുടെയും വ്യായാമ പദ്ധതികള്‍ക്ക്‌ കനത്ത വെല്ലുവിളി ഉയര്‍ത്താറുണ്ട്‌. കുറഞ്ഞ താപനിലയും അപ്രവചനീയമായ കാലാവസ്ഥയും ഇത്‌ മൂലമുണ്ടാകുന്ന മടിയുമെല്ലാം ചേര്‍ന്ന്‌ വ്യായാമം പലപ്പോഴും ഒഴിവാക്കുന്ന അവസ്ഥയുണ്ടാകാം. ഇതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടത്‌ അത്യാവശ്യമാണെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. 

Representative Image. Photo Credit : Miyao / Shutterstock.com
Representative Image. Photo Credit : Miyao / Shutterstock.com

തണുത്ത കാലാവസ്ഥയിലും സ്‌ത്രീകള്‍ക്ക്‌ അധികം ആയാസമില്ലാതെ പിന്തുടരാവുന്ന ചില സുരക്ഷിതമായ വ്യായാമ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ്‌ എച്ച്‌ടി ലൈഫ്‌സ്റ്റൈലിന്‌ നല്‍കിയ അഭിമുഖത്തില്‍ ന്യൂഡല്‍ഹി ക്ലൗഡ്‌നയണ്‍ ഗ്രൂപ്പ്‌ ഓഫ്‌ ഹോസ്‌പിറ്റല്‍സിലെ സീനിയര്‍ എക്‌സിക്യൂട്ടീവ്‌ സൈക്കോതെറാപിസ്റ്റ്‌ പ്രിയങ്ക ഖന്ന. 

1. സ്‌ട്രെങ്‌ത്‌ ട്രെയ്‌നിങ്‌
തണുപ്പത്ത്‌ പുറത്തേക്ക്‌ പോകാന്‍ മടിയാണെങ്കില്‍ വീട്ടിനുള്ളില്‍ ഇരുന്ന്‌ കൊണ്ട്‌ തന്നെ സ്‌ട്രെങ്‌ത്‌ പരിശീലനം നടത്താം. വ്യായാമത്തിന്‌ മുന്‍പ്‌ വാം അപ്പ്‌ ചെയ്യുന്നത്‌ പരുക്കുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഡംബെല്ലുകള്‍, തെറാബാന്‍ഡുകള്‍, കഫ്‌ വെയ്‌റ്റുകള്‍  തുടങ്ങിയവ പല വിഭാഗം പേശികള്‍ക്ക്‌ റെസിസ്റ്റന്‍സ്‌ പരിശീലനം നല്‍കാന്‍ ഉപയോഗിക്കാം. പെല്‍വിക്‌ ഫ്‌ളോര്‍ സ്‌ട്രെങ്‌തനിങ്‌ ചെയ്യുന്നത്‌ പ്രസവത്തിനായി ശരീരത്തെ തയ്യാറെടുപ്പിക്കും. ഇത്തരം പരിശീലനങ്ങള്‍ ചെയ്‌തു പരിചയമില്ലാത്തവര്‍ പ്രഫഷണല്‍ ട്രെയ്‌നറുടെ നിര്‍ദ്ദേശങ്ങള്‍ തേടുന്നത്‌ നന്നായിരിക്കും. 

2. പ്രീനേറ്റല്‍ യോഗ
ശരീരത്തിന്‌ അയവ്‌ നല്‍കാനും മനസ്സിനെ ശാന്തമാക്കാനും പ്രീനേറ്റല്‍ യോഗ സഹായിക്കും. ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും പ്രസവസമയത്ത്‌ ശരിയായ തോതില്‍ ശ്വാസോച്ഛാസം നടത്താനും പ്രീനേറ്റല്‍ യോഗ പരിശീലനം നല്‍കും. ത്രികോണാസന, മത്സ്യാസന, ലോകസ്‌റ്റ്‌ ശലഭാസന, അര്‍ദ്ധ മത്സേന്ദ്രാസന,  വൃക്ഷത്തിന്റെ മട്ടിലുള്ള  പോസ്‌ തുടങ്ങിയ ആസനങ്ങള്‍ പ്രീനേറ്റല്‍ യോഗയില്‍ അടങ്ങിയിരിക്കുന്നു. ഗര്‍ഭകാലം എത്രയാഴ്‌ച പിന്നിട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ പ്രത്യേകം ആസനങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്‌. പ്രീനേറ്റല്‍ യോഗ തെറാപിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ മാത്രമേ ഇത്തരം യോഗാഭ്യാസങ്ങള്‍ ചെയ്യാവുള്ളൂ. 

pregnancy workout
Representative image. Photo Credit:Vasyl Dolmatov/istockphoto.com

3. അകത്ത്‌ നടത്തം
വേഗത്തിലോ സാധാരണ മട്ടിലോ ഉള്ള നടത്തവും വീടിനുള്ളില്‍ തന്നെ ഗര്‍ഭിണികള്‍ക്ക്‌ ചെയ്യാവുന്നതാണ്‌. 10 മുതല്‍ 15 മിനിട്ട്‌ വരെയുള്ള വേഗത്തിലുള്ള നടത്തം കൊണ്ട്‌ ഇത്‌ ആരംഭിക്കാം. പതിയെ ദൈര്‍ഘ്യം 30-45 മിനിട്ടായി ഉയര്‍ത്താം. ഹൃദയാരോഗ്യത്തിനും ഈ നടത്തം നല്ലതാണ്‌. 

4. മിതമായ എയറോബിക്‌ വ്യായാമങ്ങള്‍
നീന്തല്‍ പോലുള്ള മിതമായ എയറോബിക്‌ വ്യായാമങ്ങളും ഗര്‍ഭിണികള്‍ക്ക്‌ പിന്തുടരാവുന്നതാണ്‌. ഇത്‌ ഹാപ്പി ഹോര്‍മോണുകളെ ഉത്‌പാദിപ്പിച്ച്‌ മൂഡ്‌ മെച്ചപ്പെടുത്തും. എന്നാല്‍ ചാടുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ ഒഴിവാക്കണം. എയറോബിക്‌ ഡാന്‍സ്‌ പോലുള്ളവ ഗര്‍ഭിണികള്‍ക്ക്‌ സന്തോഷം പകരുന്നവയാണ്‌. എന്നാല്‍ ഒരു ഡോക്ടറുടെയോ വിദഗ്‌ധനായ ട്രെയ്‌നറുടെയോ നിര്‍ദ്ദേശപ്രകാരമോ മേല്‍നോട്ടത്തിലോ മാത്രമേ ഗര്‍ഭിണികള്‍ വിവിധ തരം വ്യായാമങ്ങള്‍ ആരംഭിക്കാവൂ.

English Summary:

Safe Exercises for Pregnant Women in Winter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com