ADVERTISEMENT

വണ്ണം കുറയ്‌ക്കാനായി മനുഷ്യര്‍ പിന്തുടര്‍ന്നിട്ടുള്ള പല വിധത്തിലുള്ള ഡയറ്റുകളും വ്യായാമ അഭ്യാസമുറകളും നാം കണ്ടിട്ടുണ്ട്‌. എന്നാല്‍ അവയെ എല്ലാം കവച്ചു വയ്‌ക്കുന്നതായിരുന്നു ഗിന്നസ്‌ ലോകറെക്കോര്‍ഡ്‌ ബുക്കില്‍ ഇടം നേടിയ സ്‌കോട്ട്‌ലന്‍ഡുകാരന്‍ ആന്‍ഗസ്‌ ബാര്‍ബിറിയുടെ പ്രകടനം. തന്റെ പിടിവിട്ട്‌ പോകുന്ന പൊണ്ണത്തടി കുറയ്‌ക്കാനായി 1965 ജൂണ്‍ മുതല്‍ 1966 ജൂലൈ വരെ തുടര്‍ച്ചയായി 382 ദിവസം പട്ടിണി കിടന്നാണ്‌ ആന്‍ഗസ്‌ ഗിന്നസില്‍ കയറിപറ്റിയത്‌.

ഈ കാലയളവില്‍ ഈ 27കാരന്‍ ഖരരൂപത്തിലുള്ള ഭക്ഷണമൊന്നും തന്നെ കഴിച്ചില്ല. ചായ, കാപ്പി, വെള്ളം, സോഡ വെള്ളം, വൈറ്റമിനുകള്‍ എന്നിവയായിരുന്നു ഭക്ഷണം. ഡണ്‍ഡിയിലെ മേരിഫീല്‍ഡ്‌ ഹോസ്‌പിറ്റലിന്റെ മേല്‍നോട്ടത്തിലായിരുന്നു ഈ പരീക്ഷണം. പരീക്ഷണത്തിന്റെ ഫലമായി ആന്‍ഗസിന്റെ ശരീരഭാരം 214 കിലോയില്‍ നിന്ന്‌ 80 കിലോയായി കുറഞ്ഞു. ഖരരൂപത്തിലുള്ള ഭക്ഷണം കഴിക്കാതെ ഏറ്റവും നീണ്ട കാലയളവില്‍ ജീവിച്ചയാള്‍ എന്ന ഗിന്നസ്‌ റെക്കോര്‍ഡും ഇതിലൂടെ ഇദ്ദേഹം സ്വന്തമാക്കി.

angus-barbieri-guinnessworldrecords
Angus Barbieri.Image Credit guinnessworldrecords

ഇത്രയും കാലം ഭക്ഷണം കഴിക്കാതെ ഇരുന്നശേഷം ഭക്ഷണത്തിന്റെ രുചി തന്നെ തനിക്ക്‌ നഷ്ടപ്പെട്ടതായി ആന്‍ഗസ്‌ രേഖപ്പെടുത്തി. 382 ദിവസത്തിന്‌ ശേഷം ഒരു പുഴുങ്ങിയ മുട്ടയും ബട്ടര്‍ പുരട്ടിയ ടോസ്‌റ്റിന്റെ ഒരു കഷ്‌ണവുമാണ്‌ പ്രഭാതഭക്ഷണമായി ആന്‍ഗസ്‌ കഴിച്ചത്‌. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറഞ്ഞ്‌ പോകുന്ന ഹൈപോഗ്ലൈസീമിയ ഡയറ്റിങ്‌ കാലത്തില്‍ ഇദ്ദേഹം നേരിടേണ്ടി വന്നു. ശരീരത്തില്‍ അമിതമായി ഉണ്ടായിരുന്ന കൊഴുപ്പാണ്‌ ദീര്‍ഘകാലം ഖരഭക്ഷണമില്ലാതെ ഇരിക്കാന്‍ ആന്‍ഗസിനെ സഹായിച്ചത്‌.

മീനും ചിപ്‌സും ഒക്കെ കഴിക്കാനുള്ള തോന്നല്‍ പാടേ ഒഴിവാക്കാനായി പിതാവിന്റെ കടയിലെ ജോലിയും ഇക്കാലയളവില്‍ ആന്‍ഗസ്‌ നിര്‍ത്തി. ദീര്‍ഘകാല ഉപവാസം ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ പഠിക്കാനായി ഡണ്‍ഡി സര്‍വകലാശാല ആന്‍ഗസിന്റെ ശരീരത്തില്‍ ചില പഠനങ്ങളൊക്കെ നടത്തിയിരുന്നു. 1973ല്‍ പോസ്‌റ്റ്‌ഗ്രാജുവേറ്റ്‌ മെഡിക്കല്‍ ജേണലില്‍ പഠനഫലം പ്രസിദ്ധീകരിച്ചു.

angus-barbieri-twitte-1PTK97
Angus Barbieri.Image Credit: twitter.com/1PTK97

ഈ ഉപവാസ ശ്രമം നടത്തി അഞ്ച്‌ വര്‍ഷത്തിന്‌ ശേഷം 89 കിലോയിയായിരുന്നു ആന്‍ഗസിന്റെ ശരീരഭാരം. തുടര്‍ന്നങ്ങോട്ടും ആരോഗ്യകരമായ തോതില്‍ ഭാരം നിയന്ത്രിച്ച്‌ നിര്‍ത്താന്‍ ഇദ്ദേഹത്തിന്‌ സാധിച്ചു. 1990 സെപ്‌റ്റംബറില്‍ തന്റെ 51-ാം വയസ്സില്‍ ആന്‍ഗസ്‌ മരണമടഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള ഉപവാസശ്രമങ്ങള്‍ ശരീരത്തിന്‌ തികച്ചും ഹാനികരമാണെന്ന്‌ ഡയറ്റീഷ്യന്മാര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

പട്ടിണി കിടന്നാൽ അമിതവണ്ണം കുറയുമോ? വിഡിയോ
 

English Summary:

Incredible Journey of Determination: Scotsman's 382-Day Fast Shatters Records and Pounds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com