ADVERTISEMENT

വൈദ്യലോകത്തിനു പുതു പ്രതീക്ഷകളുമായി ലോകത്തിലെ ആദ്യ കണ്ണ്‌ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ ന്യൂയോര്‍ക്കിലെ എന്‍വൈയു ലാന്‍ഗോണ്‍ ഹെല്‍ത്ത്‌ ആശുപത്രിയില്‍ നടന്നു. അമേരിക്കയിലെ അര്‍കാന്‍സസ്‌ സ്വദേശി, നാല്‍പത്തിയാറുകാരനായ ആരോണ്‍ ജെയിംസിലാണ്‌ 21 മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെ പുതിയ കണ്ണ്‌ വച്ചു പിടിപ്പിച്ചത്‌. മെയ്‌ 27ന്‌ നടത്തിയ അതി സങ്കീര്‍ണ്ണമായ ഈ ശസ്‌ത്രക്രിയയില്‍ 140 ഓളം സര്‍ജന്മാരും നഴ്‌സുമാരും ആരോഗ്യ പ്രഫഷണലുകളും പങ്കെടുത്തു. 

നേത്രപടലമായ കോര്‍ണിയ മാറ്റി വയ്‌ക്കുന്ന ശസ്‌ത്രക്രിയകള്‍ ഇപ്പോള്‍ വ്യാപകമാണെങ്കിലും ഇതാദ്യമായാണ്‌ ഒരു മുഴുവന്‍ കണ്ണും മാറ്റിവയ്‌ക്കുന്ന ശസ്‌ത്രക്രിയ ലോകത്ത്‌ നടക്കുന്നത്‌. ലൈന്‍മാനായി ജോലി ചെയ്‌തിരുന്ന ആരോണിന്‌ ഹൈവോള്‍ടേജ്‌ ലൈനില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന്‌ മുഖത്തിന്റെ 50 ശതമാനവും നഷ്ടമാകുകയായിരുന്നു. ഇടത്‌ കണ്ണ്‌ മാറ്റിവയ്‌ക്കുന്ന ശസ്‌ത്രക്രിയയോടൊപ്പം ആരോണിന്റെ മുഖവും ഭാഗികമായി ഡോക്ടര്‍മാര്‍ പുനസ്ഥാപിച്ചു. ആരോണിന്റെ കാഴ്‌ച ഇനിയും പഴയപടി പുനസ്ഥാപിക്കാനായിട്ടില്ല. എന്നാല്‍ വൈദ്യലോകത്തെ സംബന്ധിച്ചിടത്തോളം ഈ ശസ്‌ത്രക്രിയ ഒരു സുപ്രധാന ചുവടുവയ്‌പ്പാണ്‌.

ശസ്‌ത്രക്രിയയ്ക്കിടെ ദാതാവിന്റെ മജ്ജയില്‍ നിന്നുള്ള അഡള്‍ട്ട്‌ സ്‌റ്റം കോശങ്ങള്‍ ഡോക്ടര്‍മാര്‍ ആരോണിന്റെ ഒപ്‌റ്റിക്‌ നാഡിയിലേക്കു കുത്തിവച്ചു. റെറ്റിനയിലേക്കുള്ള രക്തയോട്ടം നടക്കുന്നുണ്ടെന്നും കാഴ്‌ച തിരികെ കിട്ടുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പ്‌ പറയാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. നേത്ര ചികിത്സയിലും തെറാപ്പികളിലും അനുബന്ധ മേഖലകളിലും വലിയ വഴിത്തിരിവാകും ഈ ശസ്‌ത്രക്രിയയെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

English Summary:

First Eye Transplant Surgery in the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com